ഒഡീഷ ട്രെയിനപകടം: മകന്‍ മരിച്ചെന്ന് വിശ്വസിക്കാതെ തിരഞ്ഞ പിതാവ് അവനെ ജീവനോടെ കണ്ടെത്തിയത് മോർച്ചറിയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
തന്റെ മകനെ കണ്ടെത്താന്‍ ഇദ്ദേഹം 200ലധികം കിലോമീറ്ററാണ് യാത്ര ചെയ്തത്
ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ നിരവധി പേര്‍ക്കാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടത്. അപകടത്തില്‍ തന്റെ മകനും മരിച്ചെന്ന വാര്‍ത്ത വിശ്വസിക്കാന്‍ കൂട്ടാക്കാതെ മകനെ തേടി കൊല്‍ക്കത്ത സ്വദേശിയായ പിതാവ് രംഗത്തെത്തിയിരുന്നു. തന്റെ മകനെ കണ്ടെത്താന്‍ ഇദ്ദേഹം 200ലധികം കിലോമീറ്ററാണ് യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ വിശ്വാസം തെറ്റിയില്ല. മകനെ അദ്ദേഹം ജീവനോടെ കണ്ടെത്തുകയും ചെയ്തു. കൊല്‍ക്കത്ത സ്വദേശിയായ ഹേലാറാം മാലിക് ആണ് തന്റെ മകന് വേണ്ടി സാഹസിക യാത്ര നടത്തിയത്.
ഒടുവില്‍ ഒരു മോര്‍ച്ചറിയില്‍ നിന്നുമാണ് ഇദ്ദേഹത്തിന് തന്റെ മകനെ തിരികെ ലഭിച്ചത്. കോറമണ്ഡല്‍ എക്‌സ്പ്രസ്സിലേക്ക് കയറുന്നതിന് മുമ്പ് ഹേലാറാമുമായി മകന്‍ ബിശ്വജിത്ത് സംസാരിച്ചിരുന്നു. തൊട്ടടുത്ത മണിക്കൂറിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത ഹേലാറാമിനെ തേടിയെത്തിയത്. അപകടവാര്‍ത്ത കേട്ടയുടനെ ഹേലാറാം മകനെ വീണ്ടും വിളിച്ചു. ബിശ്വജിത്ത് ഫോണെടുക്കുകയും ചെയ്തു. വളരെ അവശനായ സ്വരത്തിലാണ് ബിശ്വജിത്ത് സംസാരിച്ചത്. താന്‍ മരിച്ചിട്ടില്ലെന്നും ശരീരമാകെ വേദനിക്കുന്നുവെന്നുമാണ് ഇദ്ദേഹം ഹേലാറാമിനോട് പറഞ്ഞത്.
advertisement
ഇതുകേട്ട ഹേലാറാം തന്റെ വീടിനടുത്തുള്ള ആംബുലന്‍സ് ഡ്രൈവറുമായി അപകട സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഏകദേശം 230 കിലോമീറ്ററോളം സഞ്ചരിച്ച് ഇരുവരും ഒഡിഷയിലെ ബാലസോറിലെത്തി. ഹേലാറാമിന്റെ ബന്ധുവായ ദിപക് ദാസും ഇവരോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് അപകടത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച എല്ലാ ആശുപത്രിയിലും ഹേലാറാമും സംഘവും എത്തി. എന്നാല്‍ അവിടെയൊന്നും ബിശ്വജിത്തിനെ കണ്ടെത്താന്‍ ഹേലാറാമിന് കഴിഞ്ഞില്ല.
” ഞങ്ങള്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. അവിടെയുള്ള എല്ലാവരോടും ഞങ്ങള്‍ അന്വേഷിച്ചു. അപ്പോഴാണ് ഒരാള്‍ അടുത്തുള്ള ബഹനാഗ ഹൈസ്‌കൂള്‍ താല്‍ക്കാലിക മോര്‍ച്ചറിയാക്കിയ വിവരം പറഞ്ഞത്. അവിടെയൊന്ന് അന്വേഷിക്കാനും പറഞ്ഞു. അവൻ മരിച്ചിട്ടില്ല എന്നു തന്നെയായിരുന്നു ഞങ്ങളുടെ വിശ്വാസം. അവിടെയും കൂടി അന്വേഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ ദീപക് ദാസ് പറഞ്ഞു.
advertisement
എന്നാല്‍ മോര്‍ച്ചറിയില്‍ കയറി മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ അധികൃതര്‍ ഇവരെ അനുവദിച്ചില്ല. അപ്പോഴാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതശരീരത്തിന്റെ വലത് കൈ അനങ്ങുന്നത് അവിടെ ഉണ്ടായിരുന്ന ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബിശ്വജിത്ത് ആയിരുന്നു അത്. ഉടന്‍ തന്നെ ബിശ്വജിത്തിനെ ഹേലാറാം തിരിച്ചറിയുകയും ചെയ്തു. അപകടത്തില്‍ മാരകമായി പരിക്കേറ്റ ബിശ്വജിത്ത് അബോധാവസ്ഥയിലായിരുന്നു.
ഇദ്ദേഹത്തെ ഉടന്‍ തന്നെ ഹേലാറാമും സംഘവും ബാലസോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബിശ്വജിത്തിനെ കട്ടക്കിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീട് ഡോക്ടര്‍മാരുടെ സമ്മതം വാങ്ങിയ ശേഷം ബിശ്വജിത്തിനെ കൊല്‍ക്കത്തയിലുള്ള എസ്എസ്‌കെഎം ആശുപത്രിയിലേക്ക് മാറ്റി. ബിശ്വജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Odisha
First Published :
June 06, 2023 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഒഡീഷ ട്രെയിനപകടം: മകന്‍ മരിച്ചെന്ന് വിശ്വസിക്കാതെ തിരഞ്ഞ പിതാവ് അവനെ ജീവനോടെ കണ്ടെത്തിയത് മോർച്ചറിയിൽ