2020 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ (india) ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി (african swine fever) കണ്ടെത്തിയത്. വളര്‍ത്തുപന്നികളെയും കാട്ടുപന്നികളെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഡാറ്റകള്‍ പ്രകാരം, പകര്‍ച്ചവ്യാധി കണ്ടെത്തിയതിനു ശേഷം അസമില്‍ (assam) 40,000ലധികം പന്നികള്‍ ചാകുകയും 22 ജില്ലകളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അസമിന് പുറമെ മിസോറാം, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലും ആഫ്രിക്കന്‍ പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയറിളക്കം, ഓക്കാനം എന്നീ ലക്ഷങ്ങളാണ് രോഗം ബാധിച്ച പന്നികളില്‍ കണ്ടുവരുന്നത്. ഇപ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് രോഗം പടരുന്നതിനാല്‍ രോഗത്തിന്റെ തീവ്രതയെക്കുറിച്ചും ഇത് മനുഷ്യരെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
എന്താണ് ആഫ്രിക്കന്‍ പന്നിപ്പനി?
പന്നിപ്പനി ഒരു പകരുന്ന രോഗമാണ്. പന്നികളിലെ ഹെമറാജിക് പനിയുടെ മറ്റൊരു രൂപമാണിത്. 1920കളില്‍ ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നു. ഈ രോഗത്തിന് വാക്സിന് ഇല്ല. മരണനിരക്ക് 100 ശതമാനത്തില്‍ എത്താന്‍ സാധ്യതയുള്ള ഒരു പകര്‍ച്ചവ്യാധിയാണ് ആഫ്രിക്കന്‍ പന്നിപ്പനി.
പന്നികളെ എങ്ങനെയാണ് രോഗം ബാധിക്കുന്നത്?
കഠിനമായ പനി, വിശപ്പില്ലായ്മ, ഛര്‍ദ്ദി, തൊലിപ്പുറത്തെ രക്തസ്രാവം, ശ്വാസതടസ്സം, വയറിളക്കം, ക്ഷീണം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.
ഇത് മനുഷ്യരെ ബാധിക്കുമോ?
പന്നിപ്പനി പോലെ ആഫ്രിക്കന്‍ പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ല. എന്നാല്‍, അവര്‍ രോഗവാഹകരാകുകയും മറ്റ് കന്നുകാലികളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. രോഗം മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്നില്ല. എന്നാല്‍ മൃഗങ്ങളില്‍ നിന്ന് വരുമാനം കണ്ടെത്തുന്നവരെ ഇത് സാമ്പത്തികമായി ബാധിക്കും.
രോഗം എങ്ങനെ തടയാം?
ആഫ്രിക്കന്‍ പന്നിപ്പനിക്ക് ചികിത്സ ലഭ്യമല്ല. അതിനാല്‍ കര്‍ശനമായ നടപടികളിലൂടെ മാത്രമേ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയൂ. പന്നികളെ വളര്‍ത്തുന്ന സ്ഥലങ്ങളില്‍ ശുചിത്വം പാലിക്കേണ്ടതുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് രോഗം പിടിപെട്ടാല്‍ മൃഗങ്ങളെ കൊല്ലുക എന്നതാണ് രോഗം പടരാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം.
അതേസമയം, വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. മാനന്തവാടി മുനിസിപാലിറ്റി, തവിഞ്ഞാല്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ സ്വകാര്യ ഫാമുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ട് ഫാമുകള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പന്നികളെ കൊന്നൊടുക്കും. പത്ത് കിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളില്‍ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. ഭോപ്പാലിലെ അനിമല്‍ ഡിസീസ് ലാബിലെ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ വൈറസ് വ്യാപനം ഉണ്ടാവില്ലെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും ജാഗ്രത കൈവിടാതെ മുന്‍കരുതലുകള്‍ സ്വീകരിക്കാനാണ് ശ്രമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: African swine fever, Pigs