• HOME
  • »
  • NEWS
  • »
  • life
  • »
  • Aspirin | ഹൃദയസംബന്ധമായ അസുഖമില്ലാത്തവർ ഹൃദയാഘാതം തടയാൻ ആസ്പിരിൻ കഴിക്കാമോ?

Aspirin | ഹൃദയസംബന്ധമായ അസുഖമില്ലാത്തവർ ഹൃദയാഘാതം തടയാൻ ആസ്പിരിൻ കഴിക്കാമോ?

ചില ആളുകൾക്ക് ആദ്യത്തെ ഹൃദയാഘാതവും സ്ട്രോക്കും തടയാൻ ദിവസേന ആസ്പിരിൻ കഴിക്കാമെന്നും അതിലൂടെ വൻകുടൽ കാൻസറിൽ നിന്നും സംരക്ഷണം ലഭിക്കുമെന്നും നേരത്തെ പഠനങ്ങളിൽ പറഞ്ഞിരുന്നു.

Heart

Heart

  • Share this:
    ഹൃദയസംബന്ധമായ അസുഖങ്ങളില്ലാത്തവർ ഹൃദയാഘാതം തടയുന്നതിന് ദിവസേന കുറഞ്ഞ അളവിൽ ആസ്പിരിൻ കഴിക്കരുതെന്ന് നിർദ്ദേശം. യുഎസ് പ്രിവന്റീവ് സർവീസസ് ടാസ്ക് ഫോഴ്സ് ചൊവ്വാഴ്ച പുറത്തിറക്കിയ നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയാഘാതം ഇതുവരെ ഉണ്ടായിട്ടില്ലാത്ത, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ ആസ്പിരിൻ മരുന്ന് കഴിക്കുന്നത് രക്തസ്രാവവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഉണ്ടാക്കുമെന്ന് യുഎസ് പ്രിവന്റീവ് സർവീസസ് ടാസ്ക് ഫോഴ്സ് പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

    രക്തസ്രാവ സാധ്യതയില്ലാത്ത, 40 വയസ്സിനു മുകളിലുള്ള വ്യക്തികൾക്ക് ആസ്പിരിൻ ചെറിയ അളവിൽ കഴിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് പാനൽ വ്യക്തമാക്കി. എന്നാൽ 50 വയസ്സിനു മുകളിലുള്ളവരുടെ കാര്യത്തിൽ നിർദ്ദേശങ്ങളിൽ പാനൽ ചില മാറ്റങ്ങൾ വരുത്തി. ഈ വിഭാഗക്കാരിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായുള്ള തെളിവുകൾ വ്യക്തമല്ലെന്നാണ് പാനൽ വിശദീകരിച്ചിരിക്കുന്നത്.

    ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി അല്ലെങ്കിൽ ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യതയുള്ളവർക്ക് മാത്രമാണ് ആസ്പിരിൻ നിർദ്ദേശിക്കുന്നത്. ആസ്പിരിൻ ഡോസ് നിർത്തുന്നതിനെക്കുറിച്ചോ ആരംഭിക്കുന്നതിനെക്കുറിച്ചോ ആളുകൾ ഡോക്ടർമാരുമായി സംസാരിക്കേണ്ടതുണ്ട്. ആസ്പിരിൻ ശരിയായ ചോയ്സ് ആണോയെന്ന് ഉറപ്പുവരുത്തണമെന്ന് ടഫ്റ്റ്സ് മെഡിക്കൽ സെന്ററിലെ പ്രാഥമിക ശുശ്രൂഷ വിദഗ്ദ്ധൻ ഡോ. ജോൺ വോങ് പറഞ്ഞു.

    "ആസ്പിരിൻ ഉപയോഗം ഗുരുതരമായ ദോഷ ഫലങ്ങൾക്ക് കാരണമാകും, പ്രായത്തിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

    ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് തടയാൻ സഹായിക്കുന്നതിനായി 2016ൽ പാനൽ നൽകിയ ശുപാർശകളിൽ നിന്ന്, പ്രായമായവർക്ക് ആസ്പിരിൻ ഉപയോഗിക്കാൻ നൽകിയ നിർദ്ദേശം പിൻവലിക്കും. 50 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള ചില ആളുകൾക്ക് ആദ്യത്തെ ഹൃദയാഘാതവും സ്ട്രോക്കും തടയാൻ ദിവസേന ആസ്പിരിൻ കഴിക്കാമെന്നും അതിലൂടെ വൻകുടൽ കാൻസറിൽ നിന്നും സംരക്ഷണം ലഭിക്കുമെന്നും ടാസ്‌ക് ഫോഴ്‌സ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ വൻകുടൽ കാൻസറിന് എന്തെങ്കിലും പ്രയോജനം ലഭിക്കുന്നുണ്ടോയെന്നതിന് കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

    ഹൃദയാഘാതത്തിനോ സ്ട്രോക്കിനോ സാധ്യതയുള്ള പല രോഗികൾക്കും ദിവസേന കുറഞ്ഞ ഡോസിൽ ആസ്പിരിൻ ഡോക്ടർമാർ ദീർഘകാലമായി നിർദ്ദേശിക്കാറുണ്ട്. ടാസ്ക് ഫോഴ്സിന്റെ മാർഗ്ഗനിർദ്ദേശം ഉടൻ ഇക്കാര്യത്തിൽ മാറ്റമുണ്ടാക്കില്ല.

    പൊതു അഭിപ്രായങ്ങൾ തേടുന്നതിനായി മാർഗ്ഗനിർദ്ദേശം നവംബർ 8 വരെ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. രോഗ-പ്രതിരോധ വിദഗ്ധരുടെ ഈ സ്വതന്ത്ര പാനൽ മെഡിക്കൽ ഗവേഷണങ്ങൾ വിശകലനം ചെയ്യുകയും അമേരിക്കക്കാരെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന നടപടികളെക്കുറിച്ച് ആനുകാലികമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.

    ആസ്പിരിൻ ഒരു വേദനസംഹാരിയായാണ് അറിയപ്പെടുന്നത്. എന്നാൽ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാൻ കഴിയുന്ന ഒരു മരുന്ന് കൂടിയാണിത്. എന്നാൽ ഇത് കഴിക്കുന്നത് വഴി ദഹനനാളത്തിലോ അൾസറിലോ ഉണ്ടാകുന്ന രക്തസ്രാവം ജീവന് തന്നെ ഭീഷണിയാണ്. ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടായിട്ടില്ലെങ്കിലും ധാരാളം ആളുകൾ ആസ്പിരിൻ കഴിക്കാറുണ്ടെന്ന് ന്യൂയോർക്കിലെ മൻഹാസെറ്റിലെ ഫെയിൻസ്റ്റീൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെ ഗവേഷകൻ ഡോ. ലോറൻ ബ്ലോക്ക് പറയുന്നു.
    Published by:Anuraj GR
    First published: