ദിവസം ചെല്ലും തോറും നമ്മുടെ ജീവിത ശൈലികൾ മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണ രീതിയും ഒപ്പം മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജീവിതശൈലീ രോഗങ്ങൾക്ക് ഒട്ടും കുറവില്ല. പ്രമേഹവും പ്രഷറും കൊളസ്ട്രോളും തുടങ്ങി നിരവധി അസുഖങ്ങൾ നിത്യ ജീവിതത്തിൽ നമ്മെ വേട്ടയാടുന്നു. ശരീരത്തിൽ ഒരു നിശ്ചിത അളവിൽ വേണ്ട ഘടകങ്ങൾ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. പ്രമേഹത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. പ്രമേഹമുള്ള ഒരാളുടെ രക്തത്തിൽ ആവശ്യത്തിന് പഞ്ചസാര അഥവാ ഗ്ലൂക്കോസ് ഇല്ലാതിരുന്നാൽ എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഗ്ലൂക്കോസ് ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രാഥമിക ഊർജ്ജ സ്രോതസ്സായതിനാൽ, ഇവ ആവശ്യത്തിന് ഇല്ലെങ്കിൽ നിങ്ങൾക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. പ്രമേഹമുള്ള ഒരാളുടെ രക്തത്തിൽ ആവശ്യത്തിന് പഞ്ചസാര (ഗ്ലൂക്കോസ്) ഇല്ലെങ്കിൽ, അവർക്ക് ഡയബറ്റിക് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നു. ഹൈപ്പോഗ്ലൈസീമിയ മൂർച്ഛിക്കുന്നതിന് മുൻപ് അതിന്റെ ആദ്യ സൂചനകൾ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്.
ഹൈപ്പോഗ്ലൈസീമിയ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ എത്രയും വേഗം ചികിത്സ തേടണം. കൃത്യസമയത്ത് ഈ അവസ്ഥ പരിഹരിച്ചില്ലെങ്കിൽ അത് അപകടകരവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പഞ്ചസാരയുടെ അളവ് ശരീരത്തിൽ സാധാരണ നിലയിലാക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിച്ചേക്കാം. അതിനാൽ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാൽ എന്തുചെയ്യണമെന്നും എങ്ങനെ ഉടൻ ചികിത്സിക്കാമെന്നും അറിയേണ്ടത് പ്രധാനമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ സംഭവിക്കുന്നതുപോലെ തന്നെ കുറഞ്ഞാലും അസുഖത്തിന് കാരണമാകും. രക്തത്തിലെ പഞ്ചസാര കുറയുന്നതിലൂടെ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് 'ഹൈപ്പോഗ്ലൈസീമിയ'. ഹൈപ്പോഗ്ലൈസീമിയയുടെ തീവ്രതയും ലക്ഷണങ്ങളും ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുകയും പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ ലക്ഷണങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാര കുറഞ്ഞാൽ ലക്ഷണങ്ങൾ എന്തൊക്കെയാണ്?വിയർപ്പ്, അസ്ഥിരത, വിശപ്പ് എന്നിവ ഹൈപ്പോഗ്ലൈസീമിയയുടെ പ്രാരംഭ സൂചനകളാണ്. എന്നിരുന്നാലും, എല്ലാവരും ഈ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. രക്തത്തിലെ പഞ്ചസാര കുറഞ്ഞ് ആരോഗ്യസ്ഥിതി വഷളാകുന്നത് ഒഴിവാക്കാൻ കൃത്യസമയത്ത് തിരിച്ചറിയണം. ബലഹീനത അനുഭവപ്പെടുക, നടക്കാനോ വ്യക്തമായി കാണാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക, വിചിത്രമായി പ്രവർത്തിക്കുക അല്ലെങ്കിൽ വഴിതെറ്റുക, തലവേദന എന്നിവയൊക്കെ ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങളാണ്
പ്രമേഹ ഹൈപ്പോഗ്ലൈസീമിയ തടയാൻ സഹായിക്കുന്നതിന് ഇനിപ്പറയുന്ന കാര്യങ്ങൾ പാലിക്കണം:
1 . നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങൾ ആഗ്രഹിക്കുന്ന പരിധിക്കുള്ളിൽ തുടരുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഒരേയൊരു മാർഗം അത് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക എന്നതാണ്.
2. ഭക്ഷണം ഒഴിവാക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യരുത്. ലഘുഭക്ഷണവും ഒഴിവാക്കരുത്. നിങ്ങൾ പ്രമേഹ ചികിത്സയിലാണെങ്കിൽ ഇൻസുലിൻ എടുക്കുന്നതും ഭക്ഷണവും ക്രമീകരിക്കണം.
3. മരുന്ന് കൃത്യസമയത്ത് കഴിക്കുകയും വേണം. മരുന്ന് കഴിക്കുന്നതിന് ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഭക്ഷണം, വ്യായാമത്തിന്റെ രീതിയും ദൈർഘ്യവും വെച്ചാണ് നിങ്ങൾ കഴിക്കുന്ന മരുന്നുകളുടെ അളവ് നിർണ്ണയിക്കുന്നത്. അതിനാൽ നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയാണെങ്കിൽ ഡോക്ടറെ അറിയിച്ച് മരുന്നിൽ മാറ്റം വരുത്തണം.
4. നിങ്ങൾ മദ്യപിക്കുന്ന ആളാണെങ്കിൽ, ഭക്ഷണത്തോടൊപ്പമോ ലഘുഭക്ഷണത്തോടൊപ്പമോ മദ്യം കഴിക്കുക. ഒഴിഞ്ഞ വയറ്റിൽ മദ്യം കഴിക്കുന്നതിലൂടെ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.