ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ മോര് കുടിക്കുന്ന ശീലം ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലുമുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് ഈ രീതിയുണ്ട്. ഊണിനൊപ്പം പച്ചമോരായും പുളിശേരിയായുമൊക്കെ മോര് അകത്താക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. നമ്മുടെ ഭക്ഷണ സംസ്ക്കാരത്തിന്‍റെ ഭാഗമാണിത്. എന്നാൽ, മോര് കുടിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
തൈരിൽ നിന്ന് വെണ്ണ വേർതിരിച്ചെടുത്ത ശേഷം ശേഷിക്കുന്ന ദ്രാവകമാണ് മോര് എന്ന് സാധാരണയായി അറിയപ്പെടുന്നത്. ഉപ്പും മസാലയും കറിവേപ്പിലയും മുളകുമൊക്കെ ചേർത്ത് മോര് കുടിക്കുന്നത് ഏറെ സ്വാദിഷ്ടമാണ്. മോരിനൊപ്പം കുരുമുളക്, ജീരകം, ഇഞ്ചി, പച്ചമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കാറുണ്ട്. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് മോർ കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു.
മോരിന്റെ ആരോഗ്യ ഗുണങ്ങൾ:
അസിഡിറ്റി അകറ്റുന്നു
എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണം കാരണം, ആസിഡ് റിഫ്ലക്സ് മൂലമാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത്. മോരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ആമാശയത്തിലെ അസിഡിറ്റി സാധാരണ നിലയിലാക്കുന്നു. അസിഡിറ്റി പ്രശ്‌നം നേരിടുന്നവർക്ക് ഒരു ഗ്ലാസ് മോര് കഴിച്ചാൽ ആശ്വാസം ലഭിക്കും. മോരിൽ ഉണക്ക ഇഞ്ചിയും കുരുമുളകും ചേർത്താൽ അസിഡിറ്റി പ്രശ്‌നത്തെ പൂർണമായും അകറ്റി നിർത്താം.
പല്ലുകൾക്കും എല്ലുകൾക്കും നല്ലത്
മോരിൽ നല്ല അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ എല്ലുകൾക്കും പല്ലുകൾക്കും വളരെ ഗുണകരമാണ്. കാൽസ്യം നമ്മുടെ എല്ലുകളെ ശക്തമാക്കുകയും ആവശ്യത്തിന് കാൽസ്യം ഓസ്റ്റിയോപൊറോസിസ് പോലുള്ള ഡീജനറേറ്റീവ് രോഗങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
വയറ് ആരോഗ്യകരമാണെങ്കിൽ മാത്രമേ മനുഷ്യ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ കഴിയൂ. മെച്ചപ്പെട്ട കുടലിന്റെ ആരോഗ്യം നിലനിർത്താൻ മോര് സഹായിക്കുന്നു, തൽഫലമായി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
ഡോക്ടർമാരുടെ അഭിപ്രായത്തിൽ, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഒരു ഗ്ലാസ് മോര് സഹായിക്കും. പ്രത്യേകിച്ച് മോരിന്റെ ദൈനംദിന ഉപഭോഗം രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം പോലെയുള്ള ആരോഗ്യപ്രശ്നങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നു.
Disclaimer- മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിവിധ പഠനങ്ങളെയും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളെയും ആധാരമാക്കിയുള്ളതാണ്. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തീർച്ചയായും ഒരു ഡോക്ടറെ നേരിൽ കണ്ട് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും വിദഗ്ദ ചികിത്സ തേടുകയും വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.