ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ട് കഫ് സിറപ്പുകൾ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന; ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ആംബ്രോണോള്‍, DOK-1 മാക്‌സ് എന്നീ സിറപ്പുകളില്‍ വിഷ പദാര്‍ത്ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട്.
നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന കഫ് സിറപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് ഉസ്‌ബെക്കിസ്ഥാനില്‍ 19 കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്നാണ് നിർദേശം. ആംബ്രോണോള്‍, DOK-1 മാക്‌സ് എന്നീ സിറപ്പുകളില്‍ വിഷ പദാര്‍ത്ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട്.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, കഫ് സിറപ്പുകളായ ആംബ്രോണോള്‍, DOK1 മാക്‌സ് എന്നിവയില്‍ വിഷ പദാര്‍ത്ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്ന ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.
മാരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയുടെ മാനദണ്ഡങ്ങളോ പാലിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മെഡിക്കല്‍ ഉല്‍പ്പന്ന ജാഗ്രതാ നിർദേശത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, ഫാര്‍മസിസ്റ്റുകളുടെ ഉപദേശപ്രകാരമോ, അല്ലാതെയോ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് അമിത അളവില്‍ സിറപ്പുകള്‍ നല്‍കിയിരുന്നതായും കണ്ടെത്തിയിരുന്നു.
advertisement
മരുന്നില്‍ അടങ്ങിയിരിക്കുന്ന ഡൈഎഥിലീന്‍ ഗ്ലൈകോള്‍, എഥിലീന്‍ ഗ്ലൈകോള്‍ എന്നിവ മനുഷ്യര്‍ക്ക് ഹാനികരണാണെന്ന് ഡബ്ല്യുഎച്ച്ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഉപയോഗിക്കുന്നവര്‍ക്ക് വേദന, ഛര്‍ദ്ദി, വയറിളക്കം, മൂത്രം തടസം, തലവേദന, മരണത്തിന് കാരണമായേക്കാവുന്ന വൃക്ക തകരാര്‍ എന്നിവ ഉണ്ടാകുമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
കഫ് സിറപ്പുകള്‍ കഴിച്ച് 19 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തതായി ഉസ്‌ബെക്ക് സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് അടുത്തിടെ അറിയിച്ചിരുന്നു. മരുന്ന് നിര്‍മ്മാതാക്കള്‍ ഈ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയെയും ഗുണനിലവാരത്തെയും കുറിച്ച് ഗ്യാരണ്ടി നല്‍കിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് മരുന്ന് ഉല്‍പാദനം നിര്‍ത്തിയതായി മാരിയോണ്‍ ബയോടെക് അറിയിച്ചിരുന്നു.
advertisement
കമ്പനിയിലെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയവും കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മരിയോണ്‍ പ്രൊഡക്ഷന്റെ ലൈസന്‍സ് റദ്ദാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് 70-ഓളം കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉസ്‌ബെക്കിസ്ഥാനിലെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയാണ് കുട്ടികളുടെ മരണവുമായി ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പിന് ബന്ധമുണ്ടെന്ന വിവരം പുറത്തുവിട്ടത്. ഹരിയാനയിലെ സോനാപത്തിലുള്ള എംഎസ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡാണ് ഗാംബിയയിലേയ്ക്ക് അയച്ച കഫ് സിറപ്പുകള്‍ നിര്‍മ്മിച്ചത്.
advertisement
കമ്പനി ഈ ഉത്പന്നങ്ങള്‍ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റുമതി ചെയ്തതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മെയ്ഡന്‍ ഫാര്‍മയുടെ കഫ് സിറപ്പില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവ കൂടിയ അളവില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
എന്നാല്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) നടത്തിയ അന്വേഷണം ഈ കണ്ടെത്തലുകളെയെല്ലാം തള്ളുകയാണ് ചെയ്തത്. ഈ മരുന്നുകള്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മിച്ചതെന്നായിരുന്നു ഡിസിജിഐയുടെ കണ്ടെത്തല്‍.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 12, 2023 12:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ട് കഫ് സിറപ്പുകൾ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന; ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ