ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നുകൾ കഴിച്ച് രാജ്യത്ത് 18 കുട്ടികൾ മരിച്ചതായി ഉസ്ബെകിസ്ഥാൻ ആരോഗ്യ മന്ത്രാലയം. മറ്റൊരു ഇന്ത്യൻ കമ്പനിക്കെതിരെ ഗാംബിയ സമാനമായ ആരോപണം ഉന്നയിച്ച് മാസങ്ങൾക്കകമാണ് സമാനമായ പരാതി ഉസ്ബെകിസ്ഥാനിൽ നിന്ന് ഉയർന്നിരിക്കുന്നത്.
ഉത്തർപ്രദേശ് ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിച്ച ‘ഡോക്-1 മാക്‌സ്’ എന്ന സിറപ്പ് നിരവധി കുട്ടികളുടെ മരണത്തിന് ഇടയായെന്ന് ഉസ്‌ബെകിസ്ഥാനിലെ പ്രാദേശിക വാർത്താ വെബ്‌സൈറ്റായ എകെഐ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. ശ്വാസകോശ സംബന്ധമായ കടുത്ത അസുഖങ്ങൾ ബാധിച്ചാണ് ഈ കുട്ടികൾ ആശുപത്രിയിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉസ്ബെകിസ്ഥാൻ സർക്കാരിന്റെ പരാതിയിൽ ലോകാരോഗ്യസംഘടന അന്വേഷണം ആരംഭിച്ചു. ”ഈ വിഷയത്തെക്കുറിച്ച് ഉസ്ബെകിസ്ഥാനിലെ ആരോഗ്യ മന്ത്രാലയവുമായി ഞങ്ങൾ കൂടിക്കാഴ്ച നടത്തി വരികയാണ്. കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്”, ന്യൂസ് 18 അയച്ച ഇ-മെയിലിന് മറുപടിയായി ലോകാരോഗ്യ സംഘടന അറിയിച്ചു.
മരിയോൺ ബയോടെക്കിനും ഉസ്ബെകിസ്ഥാന്റെ ആരോഗ്യ മന്ത്രാലയത്തിനും ന്യൂസ് അയച്ച മെയിലുകൾക്ക് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
ഡോക്‌ടറുടെ നിർദേശമില്ലാതെ കുട്ടികൾക്ക് മരുന്ന് നൽകിയതായി റിപ്പോർട്ട്
ഡോക്‌ടറുടെ നിർദേശമില്ലാതെ കുട്ടികൾ മരുന്ന് കഴിച്ചതായി ഉസ്ബെകിസ്ഥാനിലെ ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് അമിതമായ അളവിൽ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
Also read- അതിശൈത്യത്തിൽ തണുത്ത് വിറച്ച് അമേരിക്ക; മഞ്ഞുവീഴ്ചയിൽ മരണം 50 കടന്നു
“ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ്, മരിച്ച കുട്ടികൾ 2 മുതൽ 7 ദിവസം വരെ മറ്റ് മരുന്നുകളോടൊപ്പം ഈ മരുന്നും കഴിച്ചു. 2.5 മില്ലി മുതൽ 5 മില്ലി വരെ അളവിൽ, 3 മുതൽ 4 തവണ വരെയും മരുന്ന് കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അത് കുട്ടികൾക്കു വേണ്ട ഡോസിനേക്കാൾ കൂടുതലായിരുന്നു”, എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഗാംബിയയിൽ സംഭവിച്ചതെന്ത്?
ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിരുന്നു. ലോകാരോഗ്യ സംഘടനയാണ് കുട്ടികളുടെ മരണവുമായി ഇന്ത്യൻ നിർമ്മിത കഫ് സിറപ്പിന് ബന്ധമുണ്ടെന്ന വിവരം പുറത്തുവിട്ടത്. ഹരിയാനയിലെ സോനാപത്തിലുള്ള എംഎസ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡാണ് കഫ് സിറപ്പുകൾ നിർമ്മിച്ചത്.
Also read- വിമാനത്തിൽ തൊട്ടടുത്ത സീറ്റില്‍ ചാള്‍സ് ശോഭരാജ്; ഭയന്നകന്ന് യുവതി; ചിത്രം വൈറൽ
കമ്പനി ഈ ഉത്പന്നങ്ങൾ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റുമതി ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. മെയ്ഡൻ ഫാർമയുടെ കഫ് സിറപ്പിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ എന്നിവ കൂടിയ അളവിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
ഇവ കൂടിയ അളവിൽ ശരീരത്തിൽ എത്തിയാൽ വൃക്കകളുടെ തകരാറിനു വരെ കാരണമാകും. എന്നാൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നടത്തിയ അന്വേഷണം ഈ കണ്ടെത്തലുകളെയെല്ലാം തള്ളുകയാണ് ചെയ്തത്. ഈ മരുന്നുകൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിർമിച്ചതെന്നാണ് ഡിസിജിഐയുടെ കണ്ടെത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.