ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തിൽ കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് (സിഡിഎസ്സിഒ) അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോടെക് നിര്‍മ്മിച്ച ഡോക്-1 മാക്സ് എന്ന ചുമയുടെ മരുന്ന് കഴിച്ച് 18 കുട്ടികള്‍ മരിച്ചെന്നാണ് ഉസ്ബെക്കിസ്ഥാന് ആരോഗ്യ മന്ത്രാലയത്തിന്റെ ആരോപണം. ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് മരിയോണ്‍ ബയോടെക്കിന്റെ നിയമ പ്രതിനിധി ഹസന് ഹാരിസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ മരണത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വിശദമായി അറിയാം.
എന്താണ് വിവാദം?
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ മരിയോണ്‍ ബയോടെക് നിര്‍മ്മിച്ച കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ 18 കുട്ടികള്‍ മരിച്ചെന്നാണ് ഉസ്ബെക്കിസ്ഥാന്റെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട്. മരിച്ച കുട്ടികളെ, ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുമ്പ്, കുട്ടികള്‍ ഈ മരുന്ന് വീട്ടില്‍ 2-7 ദിവസം ഒരു ദിവസം 2.5-5 മില്ലി വീതം 3-4 തവണ കഴിച്ചതായി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
Also read-ഒഡീഷയിൽ റഷ്യൻ വിനോദസഞ്ചാരികൾ മരിച്ച സംഭവം: ദുരൂഹതയുണ്ടോ എന്നന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം
മരണത്തിന്കാരണമാകുന്നത്എന്ത്?
കഫ് സിറപ്പില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷ പദാര്‍ത്ഥം അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റൊന്ന് അധിക ഡോസ് കഴിച്ചതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ഉസ്ബെക്കിസ്ഥാന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ സ്വന്തം നിലക്ക് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മരുന്ന് നല്‍കിയതാണ് മരണ കാരണമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം,ലാബ് പരിശോധനയില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷപദാര്‍ഥത്തിന്റെ സാന്നിധ്യം കഫ് സിറപ്പില്‍ കണ്ടെത്തിയിരുന്നു. ഈ വിഷപദാര്‍ഥം ഛര്‍ദ്ദി, ബോധക്ഷയം, ഹൃദയാഘാതം, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, വൃക്ക തകരാര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഉസ്ബെക്കിസ്ഥാന് അധികൃതര്‍ വ്യക്തമാക്കി.
ഗാംബിയയിലെ 70 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട നാല് കഫ് സിറപ്പ് സാമ്പിളുകളില്‍ (ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ചത്) ഡൈഎഥിലീന്‍ ഗ്ലൈകോള്‍, എഥിലീന്‍ ഗ്ലൈകോള്‍ എന്നിവ അമിതമായ അളവില്‍ അടങ്ങിയിരുന്നുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ച സിറപ്പുകളില്‍ ഡൈഎഥിലീന്‍ ഗ്ലൈകോള്‍, എഥിലീന്‍ ഗ്ലൈകോള്‍ കണ്ടെത്തുന്നത് ഇതാദ്യമായല്ല. ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also read-‘അച്ഛനെപ്പോലെ ഫുട്ബോള്‍ കളിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്’: പെലെ അന്ന് പറഞ്ഞത്
എന്താണ് ഡൈഎഥിലീന്‍ ഗ്ലൈകോള്‍, എഥിലീന്‍ ഗ്ലൈകോള്‍?
ഡബ്ല്യുഎച്ച്ഒയുടെ അഭിപ്രായത്തില്‍, ഇവ രണ്ടും മനുഷ്യര്‍ക്ക് ഹാനികരമാണ്. ഇത് ഉപയോഗിക്കുന്നവര്‍ക്ക് വേദന, ഛര്‍ദ്ദി, വയറിളക്കം, മൂത്രം തടസം, തലവേദന, മരണത്തിന് കാരണമായേക്കാവുന്ന വൃക്ക തകരാർ എന്നിവ ഉണ്ടാകുമെന്ന്ഡബ്ല്യുഎച്ച്ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ രണ്ടും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
ദ്രാവക രൂപം നല്കാന് കഫ് സിറപ്പുകളില്‍ ഗ്ലിസറിന്‍, പ്രൊപിലീന്‍ ഗ്ലൈക്കോള്‍ തുടങ്ങിയ ലായകങ്ങള്‍ ഉപയോഗിക്കാറുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്‍ പറയുന്നു. എന്നാല്‍ ചില മരുന്ന് നിര്‍മ്മാതാക്കള്‍ വിഷരഹിത ലായകങ്ങളായ ഗ്ലിസറിന്‍, പ്രൊപിലീന്‍ ഗ്ലൈക്കോള്‍, എന്നിവക്ക് പകരം ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
വിഷപദാര്‍ത്ഥമായതിനാല്‍ ഇത് (ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍) ഭക്ഷണത്തിലോ മരുന്നുകളിലോ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് മധുകര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. പവന് കുമാര്‍ ‘ദ ഹിന്ദു’വിനോട് സംസാരിക്കവെ പറഞ്ഞു. എന്നാല്‍ ചില മരുന്ന് നിര്‍മ്മാതാക്കള്‍ ഇത് ഉപയോഗിക്കാറുണ്ട്. ഇത് മൂലമുണ്ടാകുന്ന മരണങ്ങളുടെ പ്രധാന കാരണം വൃക്ക തകരാറാണെന്നും അദ്ദേഹം പറഞ്ഞു.
Also read-ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മെർച്ചന്റ് കേരളത്തിലെത്തിയപ്പോൾ
ഇന്ത്യ, അമേരിക്ക, ബംഗ്ലാദേശ്, പനാമ, നൈജീരിയ എന്നിവിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്ലിസറിന്‍(ഇ) ഡൈഎഥിലീന്‍ ഗ്ലൈക്കോളുമായി (ഡിഇജി) ചേരുമ്പോള്‍ വിഷപദാര്‍ത്ഥമായി മാറുമെന്ന് 2007ല്‍, യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) ഫാര്‍മസിക്കും മരുന്ന് വിതരണക്കാര്‍ക്കുമായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജമ്മുവിലെ ഉധംപൂര്‍ ജില്ലയില്‍ ഹിമാചല്‍ പ്രദേശിലെ ഒരു കമ്പനി നിര്‍മ്മിച്ച കോള്‍ഡ്ബെസ്റ്റ്-പിസി എന്ന കഫ് സിറപ്പ് കഴിച്ച് 12 കുട്ടികള്‍ മരിച്ചിരുന്നു. കഫ് സിറപ്പില്‍ ഉയര്‍ന്ന അളവില്‍ ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് വിപണിയില്‍ നിന്ന് മരുന്ന് പിന്‍വലിച്ചതായി ‘ദ ഹിന്ദു’വിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാംബിയയിലും സമാന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1973ല്‍ ചെന്നൈയിലെ എഗ്മോറിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 14 കുട്ടികളും 1986-ല്‍ മുംബൈയിലെ ജെ.ജെ. ആശുപത്രി 14 പേരും 1998ല്‍ ന്യൂഡല്‍ഹിയിലെ രണ്ട് ആശുപത്രികളിലായി 33 കുട്ടികളും സമാന രീതില്‍ വിഷബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.