നാല് വർഷങ്ങൾക്ക് മുൻപ് വൃക്ക മാറ്റിവച്ച രോഗിയിൽ നൂതന ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമാക്കി കിംസ് ഹെൽത്ത്
- Published by:Nandu Krishnan
- news18-malayalam
Last Updated:
കഠിനമല്ലാത്ത ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പോലും തീവ്രമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ കിംസ്ഹെൽത്തിൽ പ്രവേശിപ്പിക്കുന്നത്
തിരുവനന്തപുരം: അടിയന്തര കീ ഹോൾ ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ 55 വയസ്സുകാരനായ രോഗിയുടെ ഹൃദയത്തിലേക്ക് ശുദ്ധരക്തമെത്തിക്കുന്ന ധമനികളിലെ ബ്ലോക്കുകൾ മാറ്റി തിരുവനന്തപുരം കിംസ്ഹെൽത്ത്. കഠിനമല്ലാത്ത ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പോലും തീവ്രമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കിംസ്ഹെൽത്തിൽ പ്രവേശിപ്പിക്കുന്നത്, തുടർന്ന് നടത്തിയ ആൻജിയോഗ്രാമിൽ രോഗിയുടെ ഹൃദയധമനികളിൽ ഗുരുതരമായ ഒന്നിലധികം ബ്ലോക്കുകൾ കണ്ടെത്തി. നാല് വർഷം മുൻപ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ സ്ഥിരമായി കഴിക്കുകയും ചെയ്യുന്ന വയനാട് സ്വദേശിയിലാണ് പരമ്പരാഗത ബൈപ്പാസ് ശസ്ത്രക്രിയ ഒഴിവാക്കി മിനിമലി ഇൻവേസീവ് (കീ ഹോൾ) കൊറോണറി ആർട്ടറി ബൈപ്പാസ് ഗ്രാഫ്റ്റിലൂടെ ബ്ലോക്കുകൾ മാറ്റിയത്.
വൃക്ക മാറ്റിവച്ചതിനെത്തുടർന്ന് പതിവായി കഴിക്കുന്ന രോഗപ്രതിരോധ മരുന്നുകൾ നെഞ്ചിലെ എല്ല് മുറിച്ചുള്ള പരമ്പരാഗത ബൈപ്പാസ് ശസ്ത്രക്രിയക്ക് വലിയ അപകടസാധ്യതകൾ ഉയർത്തിയിരുന്നു. ഇത് കാരണം അസ്ഥികൾ സാധാരണ നിലയിലേക്കെത്താൻ കൂടുതൽ സമയമെടുക്കുകയും, അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നതിനാൽ, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം കൺസൽട്ടൻറ് ഡോ. അതുൽ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മിനിമലി ഇൻവേസീവ് കൊറോണറി ആർട്ടറി ബൈപ്പാസ് ഗ്രാഫ്റ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വൃക്ക മാറ്റിവെച്ച രോഗിയിൽ ഈ ചികിത്സാരീതി നടപ്പിലാക്കുന്നത് വളരെ അപൂർവമാണെന്നും, രോഗിയുടെ സങ്കീർണ്ണമായ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നൂതനമായ ഈ രീതി തിരഞ്ഞെടുത്തതെന്നും ഡോ. അതുൽ എബ്രഹാം പറഞ്ഞു. ഓപ്പൺ ഹാർട്ട് ശാസ്ത്രക്രിയയിലേത് പോലെ നെഞ്ചെല്ല് (സ്റ്റേർണം) മുറിക്കാതെ, വാരിയെല്ലുകൾക്കിടയിൽ 2 മുതൽ 3 ഇഞ്ച് വരെ മാത്രം വലുപ്പമുള്ള ചെറിയ മുറിവുകളുണ്ടാക്കിയാണ് ചികിത്സ പൂർത്തിയാക്കിയത്. പരമ്പരാഗത ശസ്ത്രക്രിയയിൽ അസ്ഥി മുറിച്ച് 6 മുതൽ 8 ഇഞ്ച് വരെയുള്ള വലിയ മുറിവുകളായിരിക്കും ഉണ്ടാക്കുക. പരമ്പരാഗത രീതികളെ അപേക്ഷിച്ച് രക്തനഷ്ടവും അണുബാധയ്ക്കുള്ള സാധ്യതയും വളരെ കുറവാണ്.
advertisement
നാല് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ശേഷം അഞ്ച് ദിവസം ആശുപത്രിയിൽ തുടർന്ന രോഗിക്ക് ഡിസ്ചാർജ് ആയി രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ തന്നെ സാധാരണ നിലയിലേക്ക്, കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ പോലും ഏർപ്പെടാൻ പറ്റുന്ന രീതിയിൽ മടങ്ങിവരാൻ സാധിച്ചുവെന്ന് ഡോ. അതുൽ ഏബ്രഹാം കൂട്ടിച്ചേർത്തു.
കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പദ്മജ എൻ.പി., നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ സതീഷ് ബാലൻ, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. വിപിൻ ബി. നായർ, കാർഡിയോ തൊറാസിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുഭാഷ് എസ്., അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ഹരി ദേവ് ജെ. ജെ. എന്നിവരും ചികിത്സയുടെ ഭാഗമായി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 14, 2025 6:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
നാല് വർഷങ്ങൾക്ക് മുൻപ് വൃക്ക മാറ്റിവച്ച രോഗിയിൽ നൂതന ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമാക്കി കിംസ് ഹെൽത്ത്


