ഇടയ്ക്കൊന്ന് നടക്കൂ; ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നത് അകാലമരണത്തിന് കാരണമാകുമെന്ന് പഠനം
- Published by:Vishnupriya S
- news18-malayalam
Last Updated:
ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നവരിൽ ഹൃദ്രോഗ സാധ്യത കൂടുതലാണ്
ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നതു മൂലമുള്ള അനന്തരഫലങ്ങൾ പുകവലിയുടെ പ്രത്യാഘാതങ്ങൾക്ക് തുല്യമാണെന്ന കാര്യം മുൻപേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, ഇങ്ങനെ ഒരേ ഒരിപ്പിൽ ജോലി ചെയ്യുന്നത് അകാലമരണത്തിന് കാരണമാകുമെന്നും പുതിയ പഠനം പറയുന്നു. ജേണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ (Journal of the American Medical Association (JAMA) ജനുവരി 19-ന് പ്രസിദ്ധീകരിച്ച 'ഒക്യുപേഷണൽ സിറ്റിംഗ് ടൈം, ലെഷർ ഫിസിക്കൽ ആക്റ്റിവിറ്റി ആൻഡ് ഓൾ കോസ് ആൻഡ് കാർഡിയോവാസ്കുലാർ ഡിസീസ് മോർട്ടാലിറ്റി (Occupational Sitting Time, Leisure Physical Activity, and All-Cause and Cardiovascular Disease Mortality) എന്ന പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നവരിൽ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കുമെന്നും ഇത് സാവധാനം അകാലമരണത്തിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു. ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല പോംവഴി ഇടക്കിടെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അൽപം നടക്കുന്നതാണെന്നും വിദ്ഗധർ പറയുന്നു. ഒരേ ഒരിപ്പിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക്, മറ്റുള്ളവരെ അപേക്ഷിച്ച് അകാലമരണം സംഭവിക്കാനുള്ള സാധ്യത 16 ശതമാനം കൂടുതലാണെന്നും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യത 34 ശതമാനം കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.
advertisement
ദീർഘനേരം ഇരിക്കുന്നതിൻ്റെ ദോഷഫലങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പഠനങ്ങൾ ഇതിനു മുൻപും പുറത്തു വന്നിട്ടുണ്ട്. ഇങ്ങനെ ഇരിക്കുന്നത് അമിതവണ്ണം, രക്തസമ്മർദ്ദം, അരക്കെട്ടിന് ചുറ്റുമുള്ള അധിക കൊഴുപ്പ്, കൊളസ്‌ട്രോളിൻ്റെ ആധിക്യം തുടങ്ങിയ മറ്റ് രോഗാവസ്ഥകൾക്കും കാരണമാകുമെന്ന് മുൻകാലങ്ങളിൽ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഓസ്റ്റിയോപൊറോസിസ്, നടുവേദന, കഴുത്തുവേദന, നടുവേദന, തോൾവേദന, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, പേശി സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾ ഒരേ ഇരിപ്പു മൂലം ഉണ്ടാകും എന്ന കാര്യം പ്രത്യേകം പറയേണ്ടതുമില്ല.
ഇത് കാൻസർ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും ഇതേക്കുറിച്ച് ഇനിയും പഠനം നടത്തേണ്ടതുണ്ട്. മേൽപറഞ്ഞ കാര്യങ്ങളെ പ്രതിരോധിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന ഏറ്റവും ലളിതമായ പരിഹാരം നടത്തമാണ്. ഈ ശീലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുമെന്നും വിദഗ്ധർ പറയുന്നു. ദീർഘനേരമുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വ്യായാമം അടക്കമുള്ള ശീലങ്ങൾ പതിവാക്കണം.
advertisement
ഓരോ മണിക്കൂറിലും കുറഞ്ഞത് അഞ്ചോ പത്തോ മിനിറ്റെങ്കിലും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഒന്നു സ്ട്രച്ച് ചെയ്യുകയോ നടക്കുകയോ വേണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. പടി കയറുക, വീട് വൃത്തിയാക്കുക, ഇടനാഴിയിലൂടെ നടക്കുക പോലുള്ള ലഘു വ്യായാമങ്ങളും ആകാം. എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ ഇലക്ട്രോണിക് ഉപകരണങ്ങളോട് നോ പറഞ്ഞ് പുറത്തേക്കിറങ്ങി പ്രകൃതിയിൽ സമയം ചെലവഴിക്കുന്നതും നല്ലതാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 30, 2024 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
ഇടയ്ക്കൊന്ന് നടക്കൂ; ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നത് അകാലമരണത്തിന് കാരണമാകുമെന്ന് പഠനം