കൂർക്കം വലിക്കാറുണ്ടോ? ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത
- Published by:Vishnupriya S
- news18-malayalam
Last Updated:
കൂർക്കംവലി നിയന്ത്രിക്കാനുള്ള വഴികള്‍ എന്തൊക്കെ?
ഉറങ്ങുമ്പോൾ പലരെയും സാരമായി അലട്ടുന്ന ഒരു പ്രശ്നമാണ് കൂർക്കംവലി. സ്ത്രീകളിലും പുരുഷന്മാരിലുമായി ഏകദേശം 45 ശതമാനം ആളുകൾ കൂർക്കം വലിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂർക്കം വലി ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് അടുത്തിടെ ഒരു കൂട്ടം ഗവേഷകർ കണ്ടെത്തിയിരുന്നു. പതിവായതും ഉച്ചത്തിൽ ഉള്ളതുമായ കൂർക്കംവലി ഗൗരവമായി കാണേണ്ടതാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഗാഢമായ നിദ്രയ്ക്കിടെ വായ, നാവ്, തൊണ്ട എന്നിവയുടെ പേശികൾ കൂടുതൽ അയഞ്ഞ് വിശ്രമാവസ്ഥയിൽ ആവുകയും ശ്വാസനാളങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് വഴിയാണ് കൂർക്കംവലി ഉണ്ടാക്കുന്നത്. അതേസമയം 'സ്ലീപ് അപ്നിയ' പോലുള്ള ഉറക്ക തകരാറുകളും ഇതിന് കാരണമാകാറുണ്ട്. രാത്രി മുഴുവൻ ഉറക്കത്തിനിടയിൽ ഒട്ടേറെ തവണ ശ്വാസോച്ഛ്വാസം ആവർത്തിച്ച് തടസപ്പെടുന്ന ഒരു അവസ്ഥയാണ് സ്ലീപ്പ് അപ്നിയ.
ഉറക്കം തടസപ്പെടുന്നത് ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ പറയുന്നു. ഇത് മൂക്കിൽ എന്തെങ്കിലും തടസം ഉള്ളതിന്റെ സൂചനയും ആയിരിക്കാം. വിട്ടുമാറാത്ത ജലദോഷം, മൂക്കടപ്പ് തുടങ്ങിയവയും കൂർക്കം വലിക്ക് കാരണമാകാറുണ്ട്. ഫ്ലോറിഡയിലെ ശസ്ത്രക്രിയാ വിദഗ്‌ധയായ ഡോ സിന ജൂറാബ്‌ചി, അടുത്തിടെ കൂർക്കം വലി നിർത്താൻ ഫലപ്രദമായ ചില മാർഗ്ഗങ്ങൾ പങ്കുവെച്ചിരുന്നു. കൂർക്കംവലി നിയന്ത്രിക്കാനുള്ള ചില വഴികളെക്കുറിച്ചാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
advertisement
കൂർക്കം വലിക്കുന്നവർ, ഉറങ്ങുമ്പോൾ നേരെ കിടക്കുന്നത് ഒഴിവാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ നിർദ്ദേശം. നമ്മൾ എത്രത്തോളം നേരെ കിടക്കുന്നുവോ, അത്രത്തോളം നമ്മുടെ തൊണ്ടയുടെ പിൻഭാഗം ഇടുങ്ങിയതാവുകയും തുടർന്ന് ശ്വാസതടസ്സം ഉണ്ടായി കൂർക്കം വലിക്ക് കാരണമാവുകയും ചെയ്യും. അതിനാൽ 30- ഡിഗ്രി ആംഗിളിൽ ചരിഞ്ഞു കിടക്കാനും അദ്ദേഹം വീഡിയോയിൽ പറയുന്നു. ഇങ്ങനെ കിടക്കുന്നത് ഉറക്കത്തിനിടയിലും നമ്മുടെ ശ്വാസനാളം തുറക്കാൻ സഹായിക്കുന്നു.
ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ചൂടുവെള്ളത്തിൽ കുളിക്കുന്നതും കൂർക്കംവലി കുറയ്ക്കാൻ സഹായിക്കും എന്നും ഡോക്ടർ പറഞ്ഞു. ഇത്തരം ആളുകൾ മദ്യം പൂർണമായി ഒഴിവാക്കാനും നിർദ്ദേശം ഉണ്ട്. രാത്രിയിൽ മദ്യപിക്കുന്നത് പേശികളെ കൂടുതൽ തളർത്തുകയും കൂർക്കംവലി വർദ്ധിപ്പിക്കുകയും ചെയ്യും. കൂർക്കംവലി മൂലം ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ ശരീരഭാരം കുറയ്ക്കേണ്ടതും പ്രധാനമാണ്. യുകെയിൽ 2000 ആളുകളിലായി നടത്തിയ പഠനത്തിൽ, 44 ശതമാനം ആളുകളും കൂർക്കം വലിക്കുന്നവരുടെ അസഹനീയമായ ശബ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണെന്നും കണ്ടെത്തിയിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 19, 2024 8:12 PM IST