Health Tips | കുട്ടികളിൽ നല്ല ഭക്ഷണശീലം വളർത്തേണ്ടത് എങ്ങനെ? രണ്ടു വയസിനുള്ളിൽ എന്തൊക്കെ ശ്രദ്ധിക്കണം?
- Published by:Vishnupriya S
- news18-malayalam
Last Updated:
നിങ്ങളുടെ കുട്ടിക്ക് ഭക്ഷണത്തിൽ താൽപര്യം തോന്നാൻ സഹായിക്കുന്ന ചില വിദ്യകൾ ഇതാ
ഗർഭധാരണം മുതൽ കുട്ടികൾക്ക് 2 വയസാകുന്നതു വരെയുള്ള ആദ്യത്തെ 1000 ദിവസങ്ങളിൽ ലഭിക്കുന്ന പോഷകാഹാരം അവരുടെ ജീവിതത്തിലുടനീളമുള്ള വളർച്ചയിലും വികാസത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ വേണ്ടത്ര പോഷകാഹാരം ലഭിച്ചില്ലെങ്കിൽ പ്രായമാകും തോറും ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു കുഞ്ഞിന് ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രം നൽകണം എന്നും അതിനുശേഷം കോംപ്ലിമെന്ററി ഭക്ഷണങ്ങൾ നൽകാൻ ആരംഭിക്കണമെന്നും 2 വയസ് വരെ മുലയൂട്ടൽ തുടരണം എന്നും ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളിൽ പറയുന്നു.
കോംപ്ലിമെന്ററി ഫീഡിംഗ് ആരംഭിക്കുന്നതിന് കുഞ്ഞ് ആറു മാസം പ്രായം എത്തണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഭക്ഷണം നൽകുന്നത് വൈകിയാലും പ്രശ്നമാണ്. കുഞ്ഞിന്റെ കൈയും വായും തമ്മിലുള്ള ഏകോപനം വികസിക്കുകയും മോണകൾ ദൃഢമാകാൻ തുടങ്ങുകയും ചെയ്യുന്ന പ്രായം കൂടിയാണിത്. ഏകദേശം എട്ടോ ഒൻപതോ മാസമാകുമ്പോൾ, നാവിന്റെ ചലനം വികസിക്കുകയും പല്ലുകൾ ഇല്ലെങ്കിൽ പോലും മോണ ഉപയോഗിച്ച് ഭക്ഷണം ചവയ്ക്കാൻ തുടങ്ങുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടിക്ക് ഭക്ഷണത്തിൽ താൽപര്യം തോന്നാൻ സഹായിക്കുന്ന ചില വിദ്യകൾ ഇതാ.
advertisement
1. റെസ്പോൺസിവ് ഫീഡിംഗ് പരിശീലിക്കുക
ഭക്ഷണം കഴിക്കുന്നത് കുട്ടി ആസ്വദിക്കണമെങ്കിൽ റെസ്പോൺസിവ് ഫീഡിംഗ് പരിശീലിക്കുക കുഞ്ഞിന് ഭക്ഷണം നൽകുമ്പോൾ സംസാരിക്കുകയും അവരുമായി ഐ കോൺടാക്ട് പാലിക്കുകയും ചെയ്യുക. കുഞ്ഞുങ്ങളിൽ ചിലർക്ക് സാധാരണയായി നിയോഫോബിയ എന്ന അവസ്ഥ ഉണ്ടാകും. പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ അവർ മടിക്കുന്ന അവസ്ഥയാണിത്. പലതവണ അത് പരീശീലിപ്പിക്കേണ്ടി വരും. റെഡിമെയ്ഡ് ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. വ്യത്യസ്ത രുചികളിലും രൂപങ്ങളിലുമുള്ള ഭക്ഷണം അവതരിപ്പിക്കുക. കുട്ടിയെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാൻ ടിവിയോ മൊബൈലുകളോ പോലെയുള്ള ഗാഡ്ജറ്റുകൾ ഉപയോഗിക്കാതിരിക്കുക.
advertisement
2. സ്വയം ഭക്ഷണം കഴിക്കാൻ പരിശീലിപ്പിക്കുക
ഒരു ഉയർന്ന കസേരയിൽ നിവർന്നിരുന്ന് വിരലുകളും തള്ളവിരലുംകൊണ്ട് ഭക്ഷണം എടുക്കാൻ പ്രായമാകുമ്പോൾ തന്നെ (ഏകദേശം എട്ടോ ഒൻപതോ മാസം) പഴങ്ങൾ, ആവിയിൽ വേവിച്ച പച്ചക്കറികൾ, ഇഡ്ഡലി, ചപ്പാത്തി വീട്ടിലുണ്ടാക്കുന്ന മറ്റ് ഭക്ഷണങ്ങൾ എന്നിവയെല്ലാം ചെറിയ കഷണങ്ങളായി മുറിച്ചു നൽകി സ്വയം കഴിക്കാൻ പരിശീലിപ്പിക്കുക. കുഞ്ഞിനെ സ്പൂൺ പിടിച്ച് സ്വയം ഭക്ഷണം കഴിക്കാനും അനുവദിക്കുക.
3. മുതിർന്ന കുട്ടികളെ ഭക്ഷണം തയ്യാറാക്കുമ്പോൾ ഒപ്പം കൂട്ടുക
അൽപം കൂടി മുതിർന്ന കുട്ടികളെ ഭക്ഷണം തയ്യാറാക്കുമ്പോൾ ഒപ്പം കൂട്ടുക. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും അവരെ ഒപ്പം കൂട്ടുക. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നട്ടുവളർത്തുന്നതും നല്ലതാണ്.
advertisement
4. മാതാപിതാക്കൾ മാതൃകയാകുക
കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ഭക്ഷണ രീതിയും നിരീക്ഷിക്കുമെന്ന് ഓർക്കുക. ചുറ്റുമുള്ളവരുടെ ഭക്ഷണരീതികൾ അവർ നിരീക്ഷിക്കുകയും അതു പോലെ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ കുട്ടികൾ നല്ല ഭക്ഷണം കഴിക്കണമെങ്കിൽ നിങ്ങളും ആരോഗ്യകരമായ ഭക്ഷണം കഴിക്കണം.
(ഡോ. ശാലിനി ചിക്കോ, കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ, നിയോനറ്റോളജിസ്റ്റ്, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബാംഗ്ലൂർ)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 27, 2023 6:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | കുട്ടികളിൽ നല്ല ഭക്ഷണശീലം വളർത്തേണ്ടത് എങ്ങനെ? രണ്ടു വയസിനുള്ളിൽ എന്തൊക്കെ ശ്രദ്ധിക്കണം?