വര്‍ക്കൗട്ട് ചെയ്തിട്ടും ശരീരത്തില്‍ മാറ്റമൊന്നും കാണുന്നില്ലേ?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഫിറ്റ്നസിനായി കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചിട്ടും ഫലം ലഭിക്കുന്നില്ലെ?
ഫിറ്റ്നസ് നേടിയെടുക്കുന്നതിനായി കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവരാണോ നിങ്ങൾ? കൃത്യമായി ഉറക്കം ലഭിക്കാത്തത് ആയിരിക്കും ഇവിടെ നിങ്ങൾക്ക് വെല്ലുവിളിയായി മാറുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന് മതിയായ ഉറക്കം ലഭിക്കേണ്ടത് ഫിറ്റ്നസിന് നിർണായകമാണ്. നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമം നിലനിർത്തുന്നതിലും ഉറക്കം പ്രധാന പങ്കു വഹിക്കുന്നുണ്ട്. പേശികൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിനും ഹോർമോൺനില നിയന്ത്രിക്കാനും കണ്ണിന്റെ ആരോഗ്യത്തിനും ഉറക്കം അത്യന്താപേക്ഷിതമാണെന്ന് ഫിറ്റ്നസ് ആൻഡ് വെൽനസ് കോച്ച് മിറ്റെൻ കക്കയ്യ പറയുന്നു.
ശരിയായ ഉറക്കം ലഭിക്കാൻ അദ്ദേഹം നിർദേശിക്കുന്ന കാര്യങ്ങൾ
1. ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുൻപേ മൊബൈൽ ഫോൺ മാറ്റിവയ്ക്കുക: മൊബൈൽ നിന്ന് പുറപ്പെടുവിക്കുന്ന ബ്ലൂ ലൈറ്റ് നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്താൻ കാരണമാകുന്നു. സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുമ്പോൾ അത് ശരീരത്തിന് നാം ഉറങ്ങാനും വിശ്രമിക്കാനും പോകുകയാണെന്ന സൂചന നൽകും. ഇത് സുഗമമായി ഉറങ്ങുന്നതിന് സഹായിക്കുമെന്ന് മിറ്റെൻ പറയുന്നു.
2. പ്രഭാതത്തിലെ സൂര്യപ്രകാശം കൊള്ളുക: പ്രഭാത സമയം ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഉറക്ക ക്ഷീണം അകറ്റാനും രാത്രിയിൽ നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. അതിനാൽ ഉറക്കം ഉണർന്ന് ആദ്യ മണിക്കൂറിനുള്ളിൽ പുറത്തോ ജനാലയ്ക്കരികിലോ സമയം ചെലവഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.
advertisement
3. പതിവ് വ്യായാമം: വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് യോഗ പോലുള്ള മിതമായ വ്യായാമത്തിൽ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ഏർപ്പെടുന്നത് വളരെ ഉത്തമമാണ്. ഇത് ശരീരത്തിൻ്റെ സ്വാഭാവിക മൂഡ് എലിവേറ്ററായ എൻഡോർഫിനുകളെ ഉത്തേജിപ്പിക്കുകയും കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കുകയും ചെയ്യും. ഇത് മാനസിക പിരിമുറുക്കം കുറച്ച് ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാനും സഹായിക്കും.
4. മൈൻഡ്ഫുൾ പ്രാക്ടീസ്: മൈൻഡ്‌ഫുൾനെസ് എന്നത് നിങ്ങളുടെ ഈ നിമിഷത്തെ അനുഭവങ്ങളെക്കുറിച്ച് പൂർണ്ണമായി ബോധവാന്മാരാക്കികൊണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങള്‍ക്ക് ചുറ്റുമുള്ള ശബ്ദത്തെ അവഗണിച്ച് നിങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
advertisement
അതോടൊപ്പം അത്താഴം നേരത്തെ കഴിക്കുന്നതും ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും. അതായത് ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുൻപെങ്കിലും രാത്രിയിലെ ഭക്ഷണം കഴിക്കണം. കൂടാതെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം കാപ്പി, ചായ, ഗ്രീൻ ടീ, എനർജി ഡ്രിങ്ക്‌സ്, തുടങ്ങിയ കഫീൻ ഉൽപ്പന്നങ്ങൾ ഒഴിവാക്കേണ്ടതും പ്രധാനമാണ്. അതോടൊപ്പം മദ്യപാന ശീലങ്ങളും ഒഴിവാക്കുക.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 14, 2024 12:27 PM IST