15 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഫ്രിഡ്ജില്‍വെച്ചു; കാരണം ഈ രോഗാവസ്ഥ
- Published by:Sarika N
- news18-malayalam
Last Updated:
സ്ത്രീകളുടെ പ്രസവാനന്തര മാനസികാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സംഭവം തുടക്കമിട്ടു
പ്രസവശേഷം സ്ത്രീകളില്‍ പലതരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലരുടെ മാനസികാരോഗ്യത്തെ തന്നെ ഇത്തരം കാര്യങ്ങള്‍ ബാധിക്കും. പിഞ്ചുകുഞ്ഞിനെ അമ്മ കൊല്ലുന്നതും ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതും അടക്കമുള്ള വാര്‍ത്തകള്‍ നമ്മള്‍ സ്ഥിരം കാണാറുണ്ട്. ഇതിന്റെയെല്ലാം ഒരു പ്രധാന കാരണവും പ്രസവശേഷം സ്ത്രീകളിലുണ്ടാകുന്ന ഇത്തരം മാനസിക പിരിമുറുക്കങ്ങളാണ്. മൊറാദാബാദില്‍ നിന്നാണ് അത്തരത്തിലുള്ള ഒരു ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രസവാനന്തരമുള്ള മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന 23-കാരിയായ യുവതി 15 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഫ്രിഡ്ജിനുള്ളില്‍ കിടത്തി. ഭാഗ്യത്തിന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ മുത്തശ്ശി അവനെ രക്ഷപ്പെടുത്തി.
സ്ത്രീകളുടെ പ്രസവാനന്തര മാനസികാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സംഭവം തുടക്കമിട്ടു. പ്രസവാനന്തര വിഷാദവും മാനസിക പിരിമുറുക്കവും പോലുള്ള ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവസ്ഥകളുടെ ഭയനാകമായ ചിത്രമാണ് ഈ സംഭവം നല്‍കുന്നത്.
മൊറാദാബാദിലെ ജബ്ബാര്‍ കോളനിയിലെ താമസക്കാരാണ് യുവതിയുടെ കുടുംബം. പിച്ചള ജോലിക്കാരനായ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് യുവതി താമസിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം നടന്നത്. കുഞ്ഞ് ഉറങ്ങാതെ കരഞ്ഞപ്പോള്‍ യുവതി അവനെയെടുത്ത് ഫ്രിഡ്ജില്‍ വെക്കുകയായിരുന്നുവെന്നും പിന്നീട് ഉറങ്ങാന്‍ പോയതായും കുടുംബം പറയുന്നു. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടുണര്‍ന്ന മുത്തശ്ശി ഓടിവന്ന് അവനെ രക്ഷിക്കുകയായിരുന്നു.
advertisement
ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ യുവതി യാതൊരു ഞെട്ടലുമില്ലാതെ ശാന്തമായാണ് പ്രതികരിച്ചത്. കുഞ്ഞ് ഉറങ്ങാത്തതിനാല്‍ അവനെ ഫ്രിഡ്ജില്‍ കിടത്തിയെന്നായിരുന്നു യുവതിയുടെ മറുപടി. തുടക്കത്തില്‍ അവര്‍ക്കെന്തോ അമാനുഷിക സ്വാധീനം പിടിപ്പെട്ടതായി കുടുംബം സംശയിച്ചു. ഇതിന് പരിഹാരം തേടി കുടുംബം ഒരു പ്രാദേശിക മന്ത്രവാദിയുടെ സഹായവും തേടി.
എന്നാല്‍ യുവതിയുടെ പെരുമാറ്റം അതേപടി തുടര്‍ന്നതിനാല്‍ ഡോക്ടര്‍മാരെ സമീപിച്ചു. ഇതോടെയാണ് പ്രസവാനന്തരമുള്ള മാനസിക പിരിമുറുക്കമാണ് അവരുടെ പ്രശ്‌നമെന്നും പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് ആണ് യുവതിയെ ബാധിച്ചതെന്നും മനസ്സിലായത്.
advertisement
സെലബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസവാനന്തരം തങ്ങള്‍ കടന്നുപോയ ഇത്തരം മാനസികാവസ്ഥകളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ പ്രസവശേഷമുള്ള അമ്മമാരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. നടി ഇഷിത ദത്തയും രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ താന്‍ പ്രസാവനന്തര വിഷാദത്തിലൂടെ കടന്നുപോയിട്ടുള്ളതായി ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
മാതൃത്വം മനോഹരമാണെങ്കിലും സ്ത്രീയുടെ പ്രസവാനന്തര ആരോഗ്യം അതിനേക്കാള്‍ പ്രധാനപ്പെട്ടതാണെന്നും സഹാനുഭൂതിയും സമയബന്ധിതമായ വൈദ്യസഹായവും അവര്‍ക്ക് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ തന്റെ പോസ്റ്റിലൂടെ എടുത്തുകാണിച്ചു.
പ്രസവാനന്തര സൈക്കോസിസും വിഷാദവും
എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞാണെങ്കില്‍ അമ്മയ്ക്ക് ഉറക്കം പോലും ശരിയാകില്ല. ഓരോ രണ്ട് മണിക്കൂറിലും കുഞ്ഞിനെ മുലയൂട്ടേണ്ടി വരുന്നു. ഇതെല്ലാം അമ്മയുടെ മാനസിക ആരോഗ്യത്തെ ബാധിക്കും. പ്രസവത്തോടെയുള്ള ശാരീരിക വേദനകളും അവരെ തളര്‍ത്തും. ഇതെല്ലാം മനസ്സിലാക്കിയുള്ള പരിചരണമാണ് അമ്മമാർക്ക് ഈ ഘട്ടത്തിൽ ആവശ്യം.
advertisement
പ്രസവാനന്തര മാനസികാരോഗ്യ വൈകല്യങ്ങള്‍ നേരിയ 'ബേബി ബ്ലൂസ്' മുതല്‍ പ്രസവാനന്തര സൈക്കോസിസ് പോലുള്ള കഠിനമായ അവസ്ഥകള്‍ വരെയാകാമെന്ന് മനോരോഗ വിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. പ്രസവശേഷം ആദ്യത്തെ രണ്ടാഴ്ചകളില്‍ പല പുതിയ അമ്മമാര്‍ക്കും 'ബേബി ബ്ലൂസ്' എന്നറിയപ്പെടുന്ന അവസ്ഥ അനുഭവപ്പെടുന്നു. ഇത് വളരെ സാധാരണമാണ്. സാധാരണയായി മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ക്ഷോഭം അല്ലെങ്കില്‍ അമിതഭാരം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിശ്രമവും പിന്തുണയും ലഭിക്കുമ്പോള്‍ ഈ അവസ്ഥ പതിയെ മറികടക്കും.
ചില സ്ത്രീകളില്‍ ഇത് വിഷാദത്തിന് കാരണമാകും. തുടര്‍ച്ചയായ സങ്കടം, ഉത്കണ്ഠ, ക്ഷീണം, ചിലപ്പോള്‍ കുഞ്ഞിനെ പരിപാലിക്കുന്നതില്‍ താല്‍പ്പര്യക്കുറവ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇത് ദൈനംദിന ജോലികളെ അമിതമായി തോന്നിപ്പിക്കുകയും ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുകയും ചെയ്യും.
advertisement
ഇതിന്റെ തീവ്രമായ അവസ്ഥയാണ് പ്രസവാനന്തര സൈക്കോസിസ്. ഇത് ഒരുപക്ഷേ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ഭീഷണിയായേക്കും. യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത് കൈകാര്യം ചെയ്യുന്ന അമ്മമാര്‍ക്ക് ഭ്രമാത്മകത, മിഥ്യാധാരണകള്‍, ആശയക്കുഴപ്പം, ഗുരുതരമായ വിവേചനശേഷിക്കുറവ് എന്നിവ അനുഭവപ്പെടാം. ഈ അവസ്ഥ 1000 സ്ത്രീകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് സംഭവിക്കുന്നത്. എന്നാല്‍ പ്രസവാനന്തര വിഷാദം വളരെ സാധാരണമാണ്. വികസ്വര രാജ്യങ്ങളില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് പ്രസവാനന്തര വിഷാദം അനുഭവപ്പെടുന്നുവെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത്.
advertisement
ഒരു പുതിയ അമ്മയ്ക്ക് പ്രസവാനന്തര കാലഘട്ടം ഏറ്റവും മനോഹരവും എന്നാല്‍ വെല്ലുവിളി നിറഞ്ഞതുമായ സമയങ്ങളില്‍ ഒന്നാണ്. ഈ ഘട്ടത്തില്‍ പങ്കാളിയുടെ പിന്തുണ വളരെ പ്രധാനമാണ്. പ്രസവശേഷം അമ്മയുടെ കുഞ്ഞിന്റെയും പരിപാലനത്തിലും ഉത്തരവാദിത്തങ്ങളിലും പങ്കാളിക്ക് ഇടപ്പെടാന്‍ കഴിയും. ഇത് ഉറപ്പാക്കിയും അമ്മയുടെ മാനസിക മാറ്റങ്ങളെ മനസ്സിലാക്കിയും ഇത്തരം അവസ്ഥകളിലേക്ക് പോകുന്നതില്‍ നിന്നും ഒരുപരിധി വരെ അവരെ രക്ഷിക്കാനാകും. വൈകാരികമായ പിന്തുണയും ഈ സമയത്ത് അമ്മമാര്‍ക്ക് അത്യാവശ്യമാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
September 11, 2025 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
15 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഫ്രിഡ്ജില്‍വെച്ചു; കാരണം ഈ രോഗാവസ്ഥ