ഇന്തോനേഷ്യയിലെ 'മുങ്ങുന്ന ​ഗ്രാമം'; കാലാവസ്ഥാ വ്യതിയാനം ഒരു ജനതയുടെ ജീവിതത്തെ മാറ്റിമറിച്ചതെങ്ങനെ?

Last Updated:

കാലാവസ്ഥാ വ്യതിയാനത്തെയും മനുഷ്യന്റെ വിവേചനരഹിതമായ ഇടപെടലുകളെയും തുടർന്ന് സമുദ്രനിരപ്പ് ഉയർന്നതിനാൽ ഈ ദ്വീപ് ഇപ്പോൾ വെള്ളത്തിലാണ്

ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലുള്ള ബെഡോനോ ടിംബുൾസ്‌ലോകോ ഗ്രാമത്തിൽ ഒരുകാലത്ത് 200-ലധികം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഇന്ന് ഇവർക്ക് പറയാനുള്ളത് ദുരിതങ്ങളുടെയും ആശങ്കകളുടെയും ജീവിതകഥയാണ്. കാലാവസ്ഥാ വ്യതിയാനത്തെയും മനുഷ്യന്റെ വിവേചനരഹിതമായ ഇടപെടലുകളെയും തുടർന്ന് സമുദ്രനിരപ്പ് ഉയർന്നതിനാൽ ഈ ദ്വീപ് ഇപ്പോൾ വെള്ളത്തിലാണ്. തന്റെ കിന്റർഗാർട്ടനും അവിടെയുണ്ടായിരുന്ന കുട്ടികളുമെല്ലാം ഇവിടുത്തെ അധ്യാപകനായ സുൽകാന് ഇപ്പോൾ ഓർമ മാത്രമാണ്. തീരദേശ ഗ്രാമമായ ടിംബുൾസ്‌ലോകോയെ വേലിയേറ്റങ്ങൾ വിഴുങ്ങി.
ഇപ്പോൾ ഇത് മുങ്ങുന്ന ​ഗ്രാമം (Sinking Village) എന്നാണ് അറിയപ്പെടുന്നത്. പുതിയ ജീവിതവുമായി പല ​ഗ്രാമവാസികളും പൊരുത്തപ്പെട്ടു കഴിഞ്ഞു. “അതെല്ലാം ഇപ്പോൾ ഓർമകൾ മാത്രമാണ്. ഇനി ആ ജീവിതത്തിലേക്ക് ഇനി മടങ്ങിപ്പോകാൻ സാധിക്കും എന്നു തോന്നുന്നില്ല. വേലിയേറ്റം മൂലം ഈ സ്ഥലം വെള്ളത്തിനടിയിലായിക്കഴിഞ്ഞു” , 49 കാരനായ സുൽകാൻ പറഞ്ഞു. സമുദ്രനിരപ്പ് ഉയരുന്നതും തീരപ്രദേശത്തെ മണ്ണൊലിപ്പും അമിതമായ ഭൂഗർഭജലചൂഷണവുമെല്ലാം മൂലമാണ് ഇതു സംഭവിച്ചതെന്നും ഇതേത്തുടർന്ന് തങ്ങളുടെ ജീവിതം തന്നെ മാറിമറിഞ്ഞെന്നും ടിംബുൾസ്‌ലോകോ നിവാസികൾ പറയുന്നു.
advertisement
1990 കളിൽ മത്സ്യങ്ങളെ വളർത്താനായി പ്രദേശവാസികളിൽ ചിലർ കണ്ടൽക്കാടുകൾ വെട്ടിമാറ്റിയതും വെള്ളപ്പൊക്കത്തിന് കാരണമായതായി നാട്ടുകാർ പറയുന്നു. ടിംബുൾസ്‌ലോകോയ്ക്കു ചുറ്റുമുള്ള ഡെമാക് മേഖലയ്ക്കു ചുറ്റും വെള്ളം അഞ്ച് കിലോമീറ്റർ (മൂന്ന് മൈൽ) ഉള്ളിലേക്ക് എത്തിയതായി ഡിപോനെഗോറോ സർവകലാശാലയിലെ പ്രൊഫസറായ ഡെന്നി നുഗ്രോ സുഗിയാന്റോ പറയുന്നു. ലോകത്തിന്റെ കൺമുന്നിൽ സംഭവിക്കുന്ന ‘സാവധാനം സംഭവിക്കുന്ന ദുരന്തം’ (Slow Disaster) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ടിംബുൾസ്‌ലോകോയ്ക്ക് ചുറ്റുമുള്ള ചില പ്രദേശങ്ങൾ പ്രതിവർഷം 20 സെന്റീമീറ്റർ വരെ മുങ്ങുന്നതായി കാണിക്കുന്ന ഡാറ്റ 2010 ൽ പുറത്തു വന്നിരുന്നു.
advertisement
ഇപ്പോൾ ഈ നിരക്ക് ഇരട്ടിയായെന്നും ഈ പ്രദേശത്ത് ഇതുവരെ സംഭവിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മേൽപറഞ്ഞ അതേ കാരണങ്ങളാൽ തന്നെ ജക്കാർത്തയിലെ വലിയൊരു ശതമാനം പ്രദേശങ്ങൾ 2050-ഓടെ വെള്ളത്തിനടിയിലാകുമെന്നാണ് കരുതുന്നതെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ജാവൻ തീരത്തെ ജനങ്ങൾ ഇപ്പോൾ തന്നെ ഒരു തരം അടിയന്തരാവസ്ഥയിലാണ്. തന്റെ വരുമാന മാർ​ഗം നഷ്ടപ്പെടാതിരിക്കാൻ വീടിനോട് ചേർന്നുള്ള ഒരു പഴയ തടി കെട്ടിടത്തിൽ നിന്ന് ഉയർന്ന പ്രദേശത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് കിന്റർഗാർട്ടൻ മാറ്റാൻ സുൽകാൻ നിർബന്ധിതനായിരിക്കുകയാണ്.
advertisement
പ്രദേശവാസികളിൽ പലരും നിലവിലെ അവസ്ഥക്ക് അനുസരിച്ചുള്ള ജീവിത മാർ​ഗങ്ങൾ തേടാൻ ആരംഭിച്ചു കഴിഞ്ഞു. വെള്ളപ്പൊക്കം രൂക്ഷമായതിനാൽ ​ഗ്രാമവാസികൾ പലരും തങ്ങളുടെ വീടുകൾ മണ്ണിട്ട് ഉയർത്തുകയും തടികൊണ്ടുള്ള തട്ടുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 2018 മുതൽ ഇതുവരെ, മൂന്ന് തവണയായി തന്റെ വീടിന്റെ തറ 1.5 മീറ്റർ ഉയർത്തിയതായും ഇതിനു വേണ്ടി ഏകദേശം 22 ദശലക്ഷം റുപിയ (1,460 ഡോളർ) ചെലവഴിച്ചതായും 54 കാരനായ സുലാർസോ പറഞ്ഞു. “ഈ ഗ്രാമം അഞ്ചു വർഷത്തിനുള്ളിൽ ഇല്ലാതാകും. ഞങ്ങൾക്ക് ഇത് പുനർനിർമിക്കാൻ കഴിയില്ല, ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല”, അദ്ദേഹം വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇന്തോനേഷ്യയിലെ 'മുങ്ങുന്ന ​ഗ്രാമം'; കാലാവസ്ഥാ വ്യതിയാനം ഒരു ജനതയുടെ ജീവിതത്തെ മാറ്റിമറിച്ചതെങ്ങനെ?
Next Article
advertisement
ഏഷ്യാ കപ്പ് ട്രോഫിയുടെ കാര്യത്തിൽ മൊഹ്‌സിൻ നഖ്‌വി വ്യക്തത നൽകിയില്ല; ബിസിസിഐ പ്രതിനിധി ACC യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
ഏഷ്യാ കപ്പ് ട്രോഫിയുടെ കാര്യത്തിൽ നഖ്‌വി വ്യക്തത നൽകിയില്ല; ബിസിസിഐ പ്രതിനിധി ACC യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
  • ബിസിസിഐ പ്രതിനിധി ആശിഷ് ഷെലാർ എസിസി ഓൺലൈൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

  • മൊഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫി സംബന്ധിച്ച് വ്യക്തത നൽകാൻ തയാറായില്ല.

  • ബിസിസിഐ ട്രോഫി എസിസി ദുബായ് ഓഫീസിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement