HOME /NEWS /Life / Social Media | കൗമാരക്കാരിൽ സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനം എത്രത്തോളം? പഠനം പറയുന്നത് ഇങ്ങനെ

Social Media | കൗമാരക്കാരിൽ സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനം എത്രത്തോളം? പഠനം പറയുന്നത് ഇങ്ങനെ

  • Share this:

    സോഷ്യൽ മീഡിയയുടെ (Social Media) ഉപയോ​ഗം മൂലം കൗമാരക്കാരുടെ ജീവിതത്തിലെ സംതൃപ്തി (Life Satisfaction) കുറയുന്നതായി പുതിയ പഠനം. കൗമാരപ്രായത്തിൽ പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ (Negative Effects) കൂടുതല്‍ സ്വാധീനം ചെലുത്തുന്നതായാണ് കേംബ്രിഡ്ജ് സര്‍വകലാശാലയുടെ (University of Cambridge) നേതൃത്വത്തില്‍ നടത്തിയ പുതിയ പഠനത്തിലെ കണ്ടത്തല്‍. നേച്ചര്‍ കമ്യൂണിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    സോഷ്യല്‍ മീഡിയ ഉപയോഗവും കൗമാരക്കാരിൽ വ്യത്യസ്ത പ്രായങ്ങളിൽ അനുഭവപ്പെടുന്ന ജീവിത സംതൃപ്തിയും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗം കൗമാരപ്രായക്കാരുടെ ജീവിത സംതൃപ്തി കുറയാൻ കാരണമാകുന്നുണ്ട്. പെണ്‍കുട്ടികളെ സംബന്ധിച്ച് 11 വയസ്സിനും 13 വയസ്സിനും ഇടയിലും ആണ്‍കുട്ടികളെ സംബന്ധിച്ച് 14 വയസ്സിനും 15 വയസ്സിനും ഇടയിലുമാണ് ഇത്തരം ഒരു പ്രതികൂലഫലം കൂടുതലായി അനുഭവപ്പെടുക. സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം പിന്നീട് പത്തൊമ്പതാം വയസ്സിലും ജീവിത സംതൃപ്തിയില്‍ കുറവ് അനുഭവപ്പെടാന്‍ കാരണമായേക്കാമെന്ന് പഠനം വ്യക്തമാക്കുന്നു.

    നമ്മൾ എങ്ങനെ സമയം ചെലവഴിക്കുന്നു, നമ്മളെ സംബന്ധിക്കുന്ന വിവരങ്ങൾ എങ്ങനെ പങ്കിടുന്നു, മറ്റുള്ളവരോട് എങ്ങനെ സംസാരിക്കുന്നു എന്ന് തുടങ്ങി അടിസ്ഥാനപരമായ പല കാര്യങ്ങളും വെറും ഒരു ദശാബ്ദത്തിനുള്ളിൽ സോഷ്യൽ മീഡിയ മാറ്റിമറിച്ചു. വ്യക്തികളിലും സമൂഹത്തിലും സോഷ്യൽ മീഡിയ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത സംബന്ധിച്ചുള്ള ആശങ്ക ഉയരാൻ ഇത് കാരണണായി.

    സൈക്കോളജിസ്റ്റുകളും ന്യൂറോ സയന്റിസ്റ്റുകളും മോഡലർമാരും ഉൾപ്പെടുന്നതാണ് പുതിയ പഠനത്തിന് പിന്നിലുള്ള ​ഗവേഷണ സംഘം. ഇവർ യുകെയിൽ നിന്നുള്ള. 10 വയസ്സിനും 80 വയസ്സിനും ഇടയിൽ പ്രായമുള്ള 84,000 വ്യക്തികളിലാണ് പഠനം നടത്തിയത്. 10 വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള 17,400 യുവാക്കളുടെ വിവരങ്ങൾ ​ഗവേഷണ സംഘം വിശകലനം ചെയ്തു. ഒരു നിശ്ചിത കാലയളവിൽ ഇവരെ നിരീക്ഷിച്ച് സമാഹരിച്ച വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. കേംബ്രിഡ്ജ് സർവകലാശാല, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, ഡോണ്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രെയിൻ, കോഗ്‌നിഷൻ ആൻഡ് ബിഹേവിയർ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠന സംഘത്തിൽ ഉണ്ടായിരുന്നത്.

    ഓരോ പ്രായത്തിലെയും വ്യക്തികളുടെ സോഷ്യൽ മീഡിയ ഉപയോഗവും അവരുടെ ജീവിത സംതൃപ്തിയും തമ്മിലുള്ള ബന്ധം പഠന സംഘം അന്വേഷിച്ചു. കൗമാരപ്രായക്കാരെ സംബന്ധിച്ച് ചില പ്രധാന കാലഘട്ടങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗവും ജീവിത സംതൃപ്തിയും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. സോഷ്യൽ മീഡിയ ഉപയോ​ഗം മൂലം ഒരു വർഷത്തിന് ശേഷം കൗമാരപ്രായക്കാരുടെ ജീവിത സംതൃപ്തി കുറയുന്നതായാണ് കണ്ടെത്തിയത്. അതുപോലെ ശരാശരിയിലും കുറവ് ജീവിത സംതൃപ്തി അനുഭവപ്പെടുന്ന കൗമാരക്കാർ ഒരു വർഷത്തിനു ശേഷം കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായും ഗവേഷകർ കണ്ടെത്തി.

    പതിനൊന്ന് വയസ്സിനും പതിമൂന്ന് വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ, ഒരു വർഷത്തിനു ശേഷം ജീവിത സംതൃപ്തിയിൽ കുറവ് അനുഭവപ്പെടുന്നതിന് സോഷ്യൽ മീഡിയ ഉപയോഗം കാരണമാകുന്നുണ്ട്. അതേസമയം ആൺകുട്ടികളിൽ ഇത് 14 വയസ്സിനും 15 വയസ്സിനും ഇടയിൽ ആണ് സംഭവിച്ചത്. സോഷ്യൽ മീഡിയ ഉപയോഗത്തോടുള്ള പ്രതികരണം വളർച്ചാപരമായ മാറ്റങ്ങൾ, തലച്ചോറിന്റെ ഘടനയിലുള്ള വ്യത്യാസങ്ങൾ അല്ലെങ്കിൽ ആൺകുട്ടികളേക്കാൾ നേരത്തെ പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നത് എന്നിങ്ങനെയുള്ള ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് ഈ വ്യത്യാസങ്ങൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്.

    ആൺകുട്ടികളിലും പെൺകുട്ടികളിലും പത്തൊമ്പതാം വയസ്സിൽ സോഷ്യൽ മീഡിയ ഉപയോ​ഗം വീണ്ടും പ്രതികൂല ഫലം ഉളവാക്കുമെന്നാണ് കണ്ടെത്തൽ. ഈ പ്രായത്തിലെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗം ഒരു വർഷത്തിനുശേഷം ജീവിത സംതൃപ്തി കുറയാൻ കാരണമായേക്കാം. ഈ പ്രായത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, അതായത് വീട് വിടുകയോ ജോലി ചെയ്യാൻ ആരംഭിക്കുകയോ ചെയ്യുന്നത് കൗമാര പ്രായക്കാരെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന് ​ഗവേഷകർ പറയുന്നു.

    ജീവിത സംതൃപ്തി കുറയുന്നത് ഒരു വർഷത്തിന് ശേഷം സോഷ്യൽ മീഡിയ ഉപയോ​ഗം വർധിക്കാൻ കാരണമാകുന്നുണ്ടെന്നാണ് ​ഗവേഷകരുടെ വിലയിരുത്തൽ. എന്നാൽ ഇത് പ്രായ, ലിം​ഗ ഭേദമെന്യേ എല്ലാവരിലും സമാനമായിരിക്കും. “സോഷ്യൽ മീഡിയ ഉപയോഗവും മാനസിക സംതൃപ്തിയും തമ്മിലുള്ള ബന്ധം വളരെ സങ്കീർണ്ണമാണ്. മസ്തിഷ്ക വികസനം, പ്രായപൂർത്തിയാകൽ എന്നിവയോടനുബന്ധിച്ച് നമ്മുടെ ശരീരത്തിനുള്ളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ എന്നിവ നമ്മുടെ ജീവിതത്തിന്റെ പ്രത്യേക ഘട്ടങ്ങളിൽ നമ്മെ എളുപ്പത്തിൽ സ്വാധീനിക്കും", പഠനത്തിന് നേതൃത്വം നൽകിയ കേംബ്രിഡ്ജ് സർവകലാശാലയിലെ എംആർസി കോഗ്നിഷൻ ആൻഡ് ബ്രെയിൻ സയൻസസ് യൂണിറ്റിലെ ഗ്രൂപ്പ് ലീഡർ ഡോ ആമി ഓർബെൻ പറഞ്ഞു. “ഈ അവസ്ഥയ്ക്ക് കാരണമാകുന്ന യഥാർത്ഥ പ്രക്രിയകൾ കൃത്യമായി കണ്ടെത്താനാവില്ല. കൗമാരം എന്നത് ബുദ്ധിപരമായും ജീവശാസ്ത്രപരമായും സാമൂഹികമായും മാറ്റങ്ങൾ ഉണ്ടാകുന്ന കാലമാണ്. അവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഘടകം മറ്റൊന്നിൽ നിന്ന് വേർപെടുത്തുന്നത് ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, ഹോർമോണുകളിലോ മസ്തിഷ്കത്തിലോ ഉണ്ടാകുന്ന വളർച്ചാപരമായ മാറ്റങ്ങൾ കാരണം എന്ത് സംഭവിക്കുമെന്നോ ഒരു വ്യക്തി അവരുടെ സമപ്രായക്കാരുമായി ഇടപഴകുന്നത് എന്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല“ കേംബ്രിഡ്ജിലെ സൈക്കോളജി ആൻഡ് കോഗ്നിറ്റീവ് ന്യൂറോസയൻസ് പ്രൊഫസറും പഠനത്തിന്റെ സഹ രചയിതാവുമായ പ്രൊഫസർ സാറാ-ജെയ്ൻ ബ്ലേക്ക്മോർ പറഞ്ഞു.

    “ഈ ബന്ധം നിലവിലുണ്ടോ ഇല്ലയോ എന്ന് ചർച്ച ചെയ്യുന്നതിനുപകരം ഇപ്പോൾ നമുക്ക് നമ്മുടെ കൗമാരക്കാരുടെ വിവിധ ഘട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. അപകടസാധ്യത ഏറ്റവും കൂടുതലുള്ള കാലയളവാണിത്, അതിനാൽ ഞങ്ങളുടെ കണ്ടെത്തലുകൾ ഉപയോ​ഗിച്ച് അവരുടെ ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കാം", ഡോ ഓർബെൻ കൂട്ടിച്ചേർത്തു. ഈ ബന്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്, ഇത് മുമ്പ് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളതാണ്. മാത്രമല്ല ഇപ്പോഴത്തെ കണ്ടെത്തലുകൾ ഇത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗം ഉപയോ​ക്താക്കളുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുമ്പോൾ തന്നെ നേരെ മറിച്ചും സംഭവിച്ചേക്കാം എന്നതും ശരിയാണ്. ആളുകളുടെ ജീവിത സംതൃപ്തി കുറയുന്നത് സോഷ്യൽ മീഡിയയുടെ ഉപയോഗം വർധിക്കാൻ കാരണമാകുന്നുണ്ട്.

    "സോഷ്യൽ മീഡിയ ഉപയോ​ഗം എല്ലാ കൗമാരക്കാരുടെയും ക്ഷേമത്തെ പ്രതികൂലമായി മാത്രം ബാധിക്കാൻ പോകുന്നില്ല എന്നാണ്. ചിലരിൽ ഇത് അനുകൂല ഫലമായിരിക്കും ഉളവാക്കുന്നത്. ചിലർ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിനോ ഒരു പ്രത്യേക പ്രശ്‌നത്തെ നേരിടുന്നതിനോ അല്ലെങ്കിൽ ഒരു പ്രത്യേക പ്രശ്‌നത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാനോ ആയിരിക്കും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ഈ വ്യക്തികളെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത് മികച്ച പിന്തുണ ആയിരിക്കും", ഡോണ്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രെയിൻ, കോഗ്നിഷൻ ആൻഡ് ബിഹേവിയറിലെ ഡെവലപ്‌മെന്റ് ന്യൂറോ സയൻസ് പ്രൊഫസർ റോജിയർ കീവിറ്റ് പറഞ്ഞു.

    “ഏതൊക്കെ വ്യക്തികളെ ആയിരിക്കും സോഷ്യൽ മീഡിയ സ്വാധീനിക്കുന്നതെന്ന് കണ്ടെത്തുന്നതിന്, പെരുമാറ്റം സംബന്ധിച്ചുള്ള വസ്തുനിഷ്ഠമായ വിവരങ്ങളും വളർച്ചയുമായി ബന്ധപ്പെട്ട ജീവശാസ്ത്രപരവും വൈജ്ഞാനികവുമായ മാനദണ്ഡങ്ങളും സംയോജിപ്പിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണ്", ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഓക്‌സ്‌ഫോർഡ് ഇൻറർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് ഡയറക്ടർ പ്രൊഫസർ ആൻഡ്രൂ പ്രസിബിൽസ്‌കി പറഞ്ഞു.

    First published:

    Tags: Social media