Success Story | ജോലി രാജിവച്ച് സൽമാൻ ഖാൻ തുടങ്ങിയ സൗജന്യ വിദ്യാഭ്യാസ സംരംഭം സൂപ്പർഹിറ്റ്
- Published by:Amal Surendran
- news18-malayalam
Last Updated:
സംരംഭം തുടങ്ങി ഒരു പതിറ്റാണ്ട് കഴിഞ്ഞ് ഇപ്പോൾ 2022ൽ എത്തി നിൽക്കുമ്പോഴും ഖാൻ അക്കാദമി സൗജന്യ വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നു.
ജോലി രാജിവെക്കുമ്പോൾ സൽമാൻ ഖാനെ സംബന്ധിച്ചിടത്തോളം മനസ്സിൽ വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. 2009ൽ വലിയ ശമ്പളമുള്ള ഹെഡ്ജ് ഫണ്ട് അനലിസ്റ്റ് ജോലി രാജിവെച്ചു. സാമ്പത്തികമായി പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവോയെന്ന് 2010ൽ തന്നെ തോന്നി. എന്നാൽ പിന്തിരിയാൻ ഒരുക്കമായിരുന്നില്ല. ഹാർവാർഡിൽ നിന്ന് ബിരുദം നേടിയിട്ടുള്ള എംഐടിയിൽ നിന്ന് മൂന്ന് ബിരുദങ്ങൾ പൂർത്തിയാക്കിയിട്ടുള്ള സൽമാൻെറ വിദ്യാഭ്യാസം ഒട്ടും മോശമായിരുന്നില്ല. കാലിഫോർണിയയിലെ പാളോ അൽട്ടോയിൽ ഭാര്യക്കൊപ്പം ഒരു ഡിന്നർ പാർട്ടിയിൽ പങ്കെടുക്കവേ നടന്ന ഒരു ചർച്ച സൽമാനെ ശരിക്കും നിരാശപ്പെടുത്തിയിരുന്നു.
നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നായിരുന്നു മറ്റൊരു ദമ്പതികളുടെ ചോദ്യം. “ലാഭത്തിന് വേണ്ടിയല്ല ഞാൻ ഈ പ്രൊജക്ട് മുന്നോട്ട് കൊണ്ട് പോകുന്നത്,” സൽമാൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. “ഞാൻ കുറച്ച് സോഫ്റ്റ്വെയർ നിർമ്മിച്ചിട്ടുണ്ട്. സയൻസിലും ഗണിതത്തിലും ക്ലാസുകളെടുത്ത് അത് യു ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുന്നു. ആളുകൾ ഇത് നന്നായി ഏറ്റെടുക്കുന്നുണ്ട്,” സൽമാൻ വീണ്ടും വിശദീകരിച്ചു. എന്നാൽ എല്ലാം കേട്ട ദമ്പതികൾ നെറ്റിചുളിച്ചു. മറുപടിയായി അവർ ഒന്നും പറഞ്ഞില്ല. “അവൻെറ ഭാര്യ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നുണ്ടല്ലോ... അത്രയും സമാധാനം,” ദമ്പതികളിലൊരാൾ മാറി നിന്ന് പറഞ്ഞത് സൽമാൻ കേട്ടു.
advertisement
ആ കമൻറ് ശരിക്കും സൽമാനെ വല്ലാതെ വിഷമിപ്പിച്ചു. ഒരു വർഷം മുമ്പ് വരെ അയാൾക്ക് പാർട്ടികളിലും മറ്റും വലിയ ബഹുമാനമാണ് ലഭിച്ചിരുന്നത്. നല്ല വിദ്യാഭ്യാസമുള്ള ഉയർന്ന ശമ്പളമുള്ള ജോലിയുള്ള ഒരാൾ. ഇപ്പോഴിതാ ജോലി രാജിവെച്ച് ഭാര്യയുടെ ശമ്പളം കൊണ്ട് ജീവിക്കുന്നു! മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയിൽ നിന്ന് സയൻസ്, ഗണിതശാസ്ത്രം, കംമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദവും എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും ഹാർവാർഡിൽ നിന്നും എംബിഎയും പൂർത്തിയാക്കിയിട്ടുള്ള സൽമാൻ ഒരു സുപ്രഭാതത്തിലല്ല തൻെറ ജോലി രാജിവെച്ചത്. അതിന് പിന്നിൽ വ്യക്തമായ പദ്ധതികളുണ്ടായിരുന്നു.
advertisement
ജോലി ഇല്ലാത്ത കാലം അദ്ദേഹത്തിന് പ്രതിസന്ധികളുടെ സമയം തന്നെയായിരുന്നു. രാത്രിയിൽ ഉറക്കം ഞെട്ടിയുണരുന്നതും താൻ എടുത്ത തീരുമാനം തെറ്റായിപ്പോയോ എന്ന ആലോചനയുമൊക്കെ മനസ്സിനെ ബുദ്ധിമുട്ടിച്ചിരുന്നു. 2004ലാണ് സൽമാൻ ഗണിതശാസ്ത്ര ട്യൂട്ടോറിയലുകൾ തൻെറ കസിൻസിന് വേണ്ടി ചെയ്ത് തുടങ്ങിയത്. 2006ൽ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങി വിദ്യാഭ്യാസ വീഡിയോകൾ അതിൽ അപ്ലോഡ് ചെയ്യാൻ തുടങ്ങി. അതിനിടയിൽ ഖാൻ അക്കാദമി എന്ന ഡൊമൈൻ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വളരെ മികച്ച പ്രതികരണമാണ് ഖാൻ അക്കാദമിക്ക് ലഭിച്ചത്. അമേരിക്കയിലെ പല ഭാഗത്ത് നിന്നും സൽമാനെ അഭിനന്ദിച്ച് കൊണ്ട് പ്രതികരണങ്ങൾ എത്തിത്തുടങ്ങി.
advertisement
സൗജന്യമായി ലഭിക്കുന്ന വീഡിയോകൾക്ക് ആളുകൾ നല്ല പ്രതികരണം നൽകുന്നുവെന്നാൽ അതിനർഥം ഇനിയും മുന്നോട്ട് പോവാൻ സാധിക്കുമെന്നാണെന്ന് താൻ വൈകാതെ മനസ്സിലാക്കിയതായി സൽമാൻ പറഞ്ഞു. 2009 വരെ സൽമാന് വീഡിയോകൾ അപ്ലോഡ് ചെയ്യുന്നത് ഒരു ഹോബിയായിരുന്നു. ആ വർഷം അവസാനത്തോടെ ജോലി രാജിവെച്ച് ലാഭമില്ലാത്ത വിദ്യാഭ്യാസ ബിസിനസിലേക്ക് സൽമാൻ ഇറങ്ങി. ഖാൻ അക്കാദമി എന്ന സംരംഭത്തെക്കുറിച്ച് സൽമാൻെറ സുഹൃത്തുക്കൾ പല അഭിപ്രായങ്ങളും പറഞ്ഞു. ലാഭം കിട്ടുന്ന ബിസിനസ് ചെയ്യുന്നവർ അടുത്ത ആപ്പിളോ, ഫേസ്ബുക്കോ, ഗൂഗിളോ ഒക്കെ ലക്ഷ്യം വെക്കുമ്പോൾ താൻ ഹാർവാർഡോ, ഓക്സ്ഫോർഡോ ഒക്കെയാണ് ലക്ഷ്യം വെച്ചതെന്നും സൽമാൻ പറയുന്നു.
advertisement
ജോലി രാജിവെച്ചതിന് ശേഷം എട്ട് മാസത്തോളം സൽമാന് ജോലിയൊന്നും തന്നെ ഇല്ലായിരുന്നു. സേവിങ്സ് തീരാനും തുടങ്ങി. അക്കാലഘട്ടം ഏറെ സമ്മർദ്ദം നിറഞ്ഞാതായിരുന്നുവെന്ന് സൽമാൻ ഓർമ്മിച്ചു. റൈസ് യൂണിവേഴ്സിറ്റിയിലെ ട്രസ്റ്റിയായ ആൻ ഡോയറിനെ കണ്ടുമുട്ടിയതാണ് സൽമാൻെറ ജീവിതത്തിലെ വഴിത്തിരിവായത്. അവർ ആദ്യം 10000 ഡോളർ അക്കാദമിക്കായി നൽകി. ആഴ്ചകൾക്ക് ശേഷം 1 ലക്ഷം ഡോളറിൻെറ നിക്ഷേപവും അവർ നടത്തി. “നിങ്ങൾ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. എൻെറ മകൾ ഖാൻ അക്കാദമിയിലെ വീഡിയോകൾ കണ്ട് പഠിക്കുന്നയാളാണ്,” ഡോയർ സൽമാനോട് പറഞ്ഞു. “ആ പണം വരുന്ന ഒരു വർഷത്തേക്ക് എൻെറ സംരംഭത്തിനുള്ള ഊർജ്ജമായി മാറി,” സൽമാൻ ഓർമ്മിച്ചു.
advertisement
ഒരു മാസത്തിന് ശേഷം സൽമാൻെറ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാർത്തയുമായി ഡോയർ വീണ്ടുമെത്തി. ആസ്പൻ ഐഡിയാസ് ഫെസ്റ്റിവെലിൽ സാക്ഷാൽ ബിൽ ഗേറ്റ്സ് ഖാൻ അക്കാദമിയെക്കുറിച്ച് സംസാരിച്ചുവെന്നതായിരുന്നു ആ വാർത്ത. ബിൽ ഗേറ്റ്സും ഗൂഗിളും രണ്ട് മില്യൺ ഡോളർ വീതം നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് സൽമാനും ഖാൻ അക്കാദമിക്കും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
സംരംഭം തുടങ്ങി ഒരു പതിറ്റാണ്ട് കഴിഞ്ഞ് ഇപ്പോൾ 2022ൽ എത്തി നിൽക്കുമ്പോഴും ഖാൻ അക്കാദമി സൗജന്യ വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നു. 190 രാജ്യങ്ങളിലായി 51 ഭാഷകളിൽ ഇപ്പോൾ ഖാൻ അക്കാദമിയുടെ ക്ലാസ്സുകൾ ലഭ്യമാണ്. 130 മില്യൺ യൂസർമാർ ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ വംശജനായ സൽമാൻെറ മാതൃഭാഷ ബംഗാളിയാണ്. 2017ലാണ് ഇന്ത്യയിൽ ഖാൻ അക്കാദമിയുടെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. രത്തൻ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റിൻെറ സഹായമാണ് അക്കാദമിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നത്.
advertisement
സിഎസ്എഫ്, എസ്ബിഐ ഫൌണ്ടേഷൻ, എച്ച്ഡിഎഫ്സി ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക് എന്നിവയെല്ലാം അക്കാദമിക്ക് പിന്തുണ നൽകുന്നുണ്ട്. ഇംഗ്ലീഷ്, ഹിംഗ്ലീഷ്, ഹിന്ദി, കന്നഡ, ഗുജറാത്തി, പഞ്ചാബി, മറാത്തി തുടങ്ങിയ ഭാഷകളിലെല്ലാം ഇന്ത്യയിൽ ഖാൻ അക്കാദമിയുടെ ക്ലാസ്സുകൾ ലഭ്യമാണ്. കണ്ടൻറിൻെറ ക്വാളിറ്റിയാണ് വിദൂര വിദ്യാഭ്യാസത്തിൻെറ വിജയം നിർണയിക്കുന്നതെന്ന് സൽമാൻ വിശ്വസിക്കുന്നു. ഖാൻ അക്കാദമിക്ക് അമേരിക്കയിലും ഇന്ത്യയിലും ലഭിച്ച പ്രതികരണം വ്യത്യസ്ത രീതിയിലായിരുന്നുവെന്ന് സൽമാൻ വ്യക്തമാക്കി.
“യുഎസിൽ വളരെ പെട്ടെന്ന് തന്നെ അക്കാദമിയെ സ്വാഗതം ചെയ്തു. എന്നാൽ ഇന്ത്യയിൽ സൌജന്യ വിദ്യാഭ്യാസ ക്ലാസ്സുകളോട് ആളുകൾക്ക് തുടക്കത്തിൽ മതിപ്പുണ്ടായിരുന്നില്ല. ഫ്രീ ആയതിനാൽ എന്തെങ്കിലും കുഴപ്പം കാണുമെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ പതുക്കെ കാര്യങ്ങൾ മാറുന്നുണ്ട്,” സൽമാൻ വ്യക്തമാക്കി. ഭാവിയിൽ അമേരിക്കയിലെ കോളേജുകളിലും സ്കൂളുകളിലും കുട്ടികളെ അയക്കാൻ താൽപ്പര്യപ്പെടുന്ന രക്ഷിതാക്കൾ ഖാൻ അക്കാദമി ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ വലിയൊരു വിഭാഗം ഇപ്പോഴും ഫ്രീ ആയത് കൊണ്ട് കുട്ടികൾക്ക് അത് മതിയാവില്ലെന്ന് കരുതുന്നുണ്ടെന്നും സൽമാൻ കൂട്ടിച്ചേർത്തു. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻെറ ആരാധകൻ കൂടിയാണ് സംരംഭകനായ ഈ സൽമാൻ ഖാൻ. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് ഒരു സൂപ്പർഹിറ്റ് ബ്ലോക്ക്ബസ്റ്റർ അവതരിപ്പിക്കാൻ സാധിച്ചുവെന്ന സന്തോഷത്തിലാണ് സൽമാൻ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 09, 2022 8:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Success Story | ജോലി രാജിവച്ച് സൽമാൻ ഖാൻ തുടങ്ങിയ സൗജന്യ വിദ്യാഭ്യാസ സംരംഭം സൂപ്പർഹിറ്റ്