ഇസ്ലാമിക് കലണ്ടറിലെ ഒൻപതാം മാസമായ റമദാൻ (Ramadan) ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യകാലമാണ്. മനസ്സും ശരീരവും ശുദ്ധമാക്കുന്ന വ്രതശുദ്ധിയുടെ കാലമാണിത്. വിശ്വാസികൾ നോമ്പെടുത്തും പ്രാർഥനകളിൽ മുഴുകിയും പുണ്യമാസത്തിന്റെ വിശുദ്ധി ഉയർത്തുന്നു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾക്ക് റമദാനിൽ ഉപവാസം (Fasting) നിർബന്ധമുള്ള കാര്യമാണ്. വൈകുന്നേരം ലഘുഭക്ഷണം കഴിച്ച് കൊണ്ട് നോമ്പ് തുറക്കുന്ന ചടങ്ങാണ് ഇഫ്താർ (Iftar).
പല രാജ്യങ്ങളിലും വ്യത്യസ്ത രീതിയിലാണ് ഇഫ്താർ നടക്കുന്നത്. പരമ്പരാഗതമായി ഈന്തപ്പഴം കഴിച്ചും വെള്ളം കുടിച്ചും പിന്നീട് ലഘുഭക്ഷണം കഴിച്ചും കൊണ്ടാണ് നോമ്പ് തുറക്കുന്നത്. ഓരോ പ്രദേശങ്ങളിലും ഇഫ്താറിന് വേണ്ടി രുചികരമായ വ്യത്യസ്ത തരത്തിലുള്ള ഭക്ഷണവും ഒരുക്കാറുണ്ട്. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലെ ഇഫ്താർ ആഘോഷത്തിലെ ചടങ്ങുകളെക്കുറിച്ച് വിശദമായി അറിയാം...
ഇന്ത്യ
പള്ളികളിലും മറ്റും ഒരുക്കിയിട്ടുള്ള സൗജന്യ ഇഫ്താർ വിരുന്ന് ഇന്ത്യയിലെ നോമ്പ് തുറയുടെ പ്രത്യേകതയാണ്. ഈന്തപ്പഴം കഴിച്ചും വെള്ളം കുടിച്ചും നോമ്പ് തുറന്ന ശേഷം വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ വിഭവങ്ങളുമായി ഭക്ഷണം കഴിച്ച് തുടങ്ങുന്നതാണ് രീതി. ചിക്കൻ കൊണ്ടും മട്ടൺ കൊണ്ടുമുണ്ടാക്കുന്ന പ്രത്യേക വിഭവമായ ഹലീം കഴിച്ച് കൊണ്ടാണ് ഹൈദരാബാദിൽ നോമ്പ് തുറക്കുന്നത്. ഡൽഹി, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ പഴവർഗങ്ങളും ജ്യൂസുമൊക്കെ ഇഫ്താറിലെ പ്രധാന വിഭവങ്ങളാണ്.
Also Read-
വിശുദ്ധ റമദാൻ; മാസപ്പിറവി നിർണയിക്കുന്നത് എങ്ങനെ?
പാകിസ്ഥാൻ
നോമ്പ് തുറയ്ക്ക് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വീടുകളിലും തെരുവുകളിലെ ഭക്ഷണശാലകളിലും ഇഫ്താറിനായുള്ള വിഭവങ്ങൾ ഉണ്ടാക്കിത്തുടങ്ങും. ജിലേബി, സമോസ, പകോഡ എന്നിവയെല്ലാം ഇഫ്താറിലെ പ്രധാന വിഭവങ്ങളാണ്. ഇഫ്താറിന് ശേഷം എല്ലാവരും ഒത്തുചേർന്ന് പ്രത്യേക പ്രാർഥന നടത്തും. രാത്രി മുഴുവൻ തെരുവുകളിലിറങ്ങി ആഘോഷിക്കുന്നതും പാകിസ്ഥാനിലെ ഇഫ്താറിന്റെ പ്രത്യേകതയാണ്.
Also Read-
ഗര്ഭിണികള് റമദാൻ മാസം നോമ്പെടുക്കേണ്ടതുണ്ടോ? വ്രതാനുഷ്ഠാനത്തിൽ ഇളവുകൾ ആർക്കൊക്കെ?
ബംഗ്ലാദേശ്
ബംഗ്ലാദേശിൽ മധുരവും എരിവുമൊക്കെ ചേരുന്ന ഭക്ഷണ പദാർഥങ്ങളാണ് ഇഫ്താറിനായി ഒരുക്കുക. ജിലേബി, പൊരി, ഹലീം, ദാൽ പൂരി, പകോഡ എന്നിവയെല്ലാമുണ്ടാവും. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമിരുന്ന് നിരവധി വിഭവങ്ങളോടൊപ്പം ഭക്ഷണം കഴിച്ച് ആസ്വദിച്ച് കൊണ്ടാണ് ബംഗ്ലാദേശിൽ ഇഫ്താർ ആഘോഷിക്കുക.
മലേഷ്യ
മലേഷ്യയിൽ ഇഫ്താറിനെ ‘ബെർബുക്ക പുവാസ’ എന്നാണ് പ്രാദേശിക ഭാഷയിൽ വിളിക്കുന്നത്. ഈന്തപ്പഴം കഴിച്ച് നോമ്പ് തുറന്നതിന് ശേഷം കരിമ്പ് ജ്യൂസ്, സോയ മിൽക്ക്, മലേഷ്യയിലെ പ്രത്യേക പാനീയമായ ബാൻഡംങ് ഡ്രിങ്ക് എന്നിവയെല്ലാം കുടിക്കാനായി ഒരുക്കിയിരിക്കും. ചിക്കൻ വിഭവങ്ങൾ, ഇറച്ചിച്ചോറ് എന്നിവയെല്ലാം ഇഫ്താറിനായി തയ്യാറാക്കിയിരിക്കും.
ഈജിപ്ത്
ഈജിപ്തിൽ ഇഫ്താർ സമയത്ത് പലനിറങ്ങളിലുള്ള ബൾബുകളും വിളക്കുകളും കൊണ്ട് വീടുകളെ അലങ്കരിച്ചിരിക്കും. താറാവിറച്ചി, മുയൽ, പച്ചക്കറികൾ എന്നിവയെല്ലാം ഭക്ഷണ വിഭവങ്ങൾക്ക് രുചി പകരാനായി ഉണ്ടാവും.
സൗദി അറേബ്യ
വൈകീട്ട് ഈന്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നത് തന്നെയാണ് ഇവിടുത്തെയും ശീലം. അറബി കോഫി, സൂപ്പുകൾ, വിവിധ തരം പേസ്ട്രികൾ എന്നിവയെല്ലാം ഇഫ്താറിനെ വിഭവ സമൃദ്ധമാക്കും. സൗദിയുടെ പടിഞ്ഞാറൻ മേഖലകളിൽ മാംസവിഭവങ്ങളും സലൂന എന്നറിയപ്പെടുന്ന വെജിറ്റബിൾ സ്റ്റൂവും ഇഫ്താറിലെ പ്രധാന വിഭവങ്ങളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.