ഗായകനാകാന്‍ ആമസോണിലെ ജോലി ഉപേക്ഷിച്ച ഐഐഎം അഹമ്മദാബാദ് ബിരുദധാരി
- Published by:meera_57
- news18-malayalam
Last Updated:
ആമസോണില്‍ പ്രൊഡക്ട് മാനേജറായാരുന്ന അനിലിന്റെ സംഗീതത്തോടുള്ള അഭിനിവേശത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്
ഓരോ വ്യക്തികള്‍ക്കും ഓരോരോ താല്‍പ്പര്യങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. എന്നാല്‍, എല്ലാവര്‍ക്കും സ്വന്തം ഇഷ്ടങ്ങള്‍ക്ക് പുറകെ പോകാന്‍ കഴിയണമെന്നില്ല. എന്നാല്‍ എന്തും ത്യജിച്ച് ആഗ്രഹങ്ങള്‍ക്ക് പുറകെ പോകുന്നവരും ഉണ്ട്. ഒരു വ്യക്തിയുടെ ഇത്തരമൊരു കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) അഹമ്മദാബാദിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ അനില്‍ ജന്‍ഗിദ് ആമസോണിലെ തന്റെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സംഗീതത്തോടുള്ള തന്റെ ഇഷ്ടം പിന്തുടരാന്‍ ഇറങ്ങിത്തിരിച്ചു. ആമസോണില്‍ പ്രൊഡക്ട് മാനേജറായാരുന്ന അനിലിന്റെ സംഗീതത്തോടുള്ള അഭിനിവേശത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഐഐഎം അഹമ്മദാബാദില്‍ നിന്നുള്ള ബിരുദധാരിയാണ് അനില്‍ ജന്‍ഗിദ്. സ്ഥിരമായി ഒരു ജോലി ചെയ്യുന്നതിന് പകരം തനിക്ക് താല്‍പ്പര്യമുള്ള സംഗീതത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് ഗായകനായി കരിയര്‍ കെട്ടിപ്പടുക്കാന്‍ അനില്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്നില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ട് അനിലിന്റെ സുഹൃത്തായ ശ്രാവണ്‍ ടിക്കൂ ആണ് അദ്ദേഹത്തിന്റെ കഥ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ഓണ്‍ലൈനില്‍ ആരാധകരെ പ്രോത്സാഹിപ്പിച്ചു.
advertisement
ജന്‍ഗിദിനെ കുറിച്ച് എഴുതാനുള്ള പ്രചോദനത്തെ കുറിച്ച് ശ്രാവണ്‍ പോസ്റ്റിന്റെ തുടക്കത്തില്‍ വിവരിച്ചിട്ടുണ്ട്. "എന്റെ പ്രിയ സുഹൃത്ത് അനില്‍ ജന്‍ഗിദിന്റെ കഥയാണിത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമസോണില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയത്. എന്‍ഐടികെ, ഐഐഎം അഹമ്മദാബാദ് എന്നിവിടങ്ങളില്‍ മികച്ച അക്കാദമിക് നേട്ടവും പ്രൊഫഷണല്‍ പശ്ചാത്തലവും നല്ല ശമ്പളമുള്ള ജോലിയും ഉണ്ടായിരുന്നെങ്കിലും ഇതിനെല്ലാമുപരി അദ്ദേഹത്തിന് സര്‍ഗ്ഗാത്മകത കൂടിയുണ്ടായിരുന്നു", ശ്രാവണ്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.
ഒരു ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ചും പാരമ്പര്യമല്ലാത്ത മൂല്യവത്തായ എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ചോ അനില്‍ ജന്‍ഗിദ് പലപ്പോഴും ചര്‍ച്ച ചെയ്തിരുന്നുവെന്ന് ശ്രാവണ്‍ ടിക്കൂ പോസ്റ്റില്‍ പറയുന്നു. കരിയറില്‍ ഉയര്‍ന്ന പദവിയിലിരുന്നിട്ടും ഒരു സ്റ്റാര്‍ട്ടപ്പ് ആശയം പിന്തുടരുന്നതിനായി ജന്‍ഗിദ് ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
കുറച്ച് കാലം ജന്‍ഗിദുമായി ബന്ധമില്ലായിരുന്നുവെന്ന് ടിക്കൂ തന്റെ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഒരു ദിവസം ജന്‍ഗിദ് അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ടിക്കൂവിന് അയച്ചുകൊടുത്തു. ആ ഫോട്ടോയിലെ ജന്‍ഗിദിന്റെ മോഡലിനെ പോലെയുള്ള രൂപമാറ്റം കണ്ട് എന്താണ് ചെയ്യുന്നത് ശ്രാവണ്‍ ചോദിച്ചു. ആഴത്തിലുള്ള ചിന്തയുടെ ഒരു ഘട്ടത്തിലൂടെ കടന്നുപോയെന്നും തനിക്ക് ശരിക്കും ഇഷ്ടപ്പെട്ടത് എഴുത്താണെന്ന് മനസ്സിലാക്കിയതായും ജന്‍ഗിദ് മറുപടി പറഞ്ഞതായി ടിക്കൂ പറയുന്നു.
എഴുത്തിനോടുള്ള ജന്‍ഗിദിന്റെ അഭിനിവേശം പാട്ടെഴുത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. താന്‍ ഇപ്പോള്‍ മുഴുവന്‍ സമയവും സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അദ്ദേഹം ടിക്കുവിനെ അറിയിക്കുകയും തന്റെ റെക്കോര്‍ഡിങ്ങുകളില്‍ ഒന്ന് ഫോര്‍വേഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് ഒരു ഹോബിയായി റെക്കോര്‍ഡ് ചെയ്തതാണോ എന്ന് ശ്രാവണ്‍ ടിക്കൂ ജന്‍ഗിദിനോട് ചോദിച്ചു. അല്ല താനൊരു ഗായകനാകാന്‍ ശ്രമിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
advertisement
അത് എന്നെ അത്ഭുതപ്പെടുത്തിയെന്ന് ടിക്കൂ പോസ്റ്റില്‍ പറയുന്നു. പലരും സംസാരിക്കുക മാത്രം ചെയ്യുന്ന ഒരു സ്വപ്നത്തെ പിന്തുടരാന്‍ അദ്ദേഹം എല്ലാത്തില്‍ നിന്നും മാറി നടന്നുവെന്ന് ടിക്കു തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ജന്‍ഗിദിന്റെ പ്രവൃത്തി വളരെ പ്രചോദനാത്മകമായാണ് ടിക്കൂവിന് അനുഭവപ്പെട്ടത്. എന്നാല്‍, മറ്റുള്ളവര്‍ക്ക് ഇത് അശ്രദ്ധമായോ യുക്തിരഹിതമായോ തോന്നിയേക്കാമെന്ന് അദ്ദേഹം പറയുന്നു. "നമ്മളെല്ലാവരും കലാകാരന്മാരോ എഴുത്തുകാരോ ആകാന്‍ സ്വപ്നം കാണുന്നു, അനില്‍ അത് ചെയ്യാന്‍ ധൈര്യപ്പെട്ടു", അദ്ദേഹം പറഞ്ഞു.
ആപ്പിളിന്റെ പ്രശസ്തമായ പരസ്യത്തില്‍ നിന്നുള്ള ഒരു വാചകവും ടിക്കൂ തന്റെ പോസ്റ്റിന്റെ അവസാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. "ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് ചിന്തിക്കാന്‍ തക്കവണ്ണം ഭ്രാന്തുള്ളവരാണ് യഥാര്‍ത്ഥത്തില്‍ അത് ചെയ്യുന്നത്". കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അനില്‍ ജന്‍ഗിദിന്റെ കഥ പറയുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.ആയിരത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ഇതിനകം പോസ്റ്റ് നേടി.
advertisement
ധീരവും സത്യസന്ധവുമായ യാത്രയെന്ന് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചു. അവര്‍ ജന്‍ഗിദിനെ പ്രശംസിക്കുകയും ചെയ്തു. അഭിനിവേശത്തിനു പുറകെ പോകാനുള്ള അനിലിന്റെ ധൈര്യം നമുക്കെല്ലാവര്‍ക്കും വ്യക്തിത്വത്തെ സ്വീകരിക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണെന്ന് മറ്റൊരാള്‍ കുറിച്ചു. പാട്ട് ശരിക്കും ഗംഭീരമാണെന്നായിരുന്നു മറ്റൊരു കമന്റ്. ബഹുമാനം തോന്നുന്നുവെന്നും ഇതുപോലുള്ള ധൈര്യം ഉച്ചത്തിലുള്ള കൈയ്യടി അര്‍ഹിക്കുന്നുവെന്നും മറ്റൊരാള്‍ കുറിച്ചു.
അനില്‍ ജന്‍ഗിദിന്റെ കഥ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചല്ല. മറിച്ച് ശരിയെന്ന് തോന്നുന്ന ഒരു ജീവിതം തിരഞ്ഞെടുക്കുന്നതിനെ കുറിച്ചാണെന്ന് ഒരാൾ പ്രതികരിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 19, 2025 2:09 PM IST