നമ്മുടെ ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ വെള്ളം (water) അത്യാവശ്യമാണ്. എല്ലാ കോശങ്ങള്‍ക്കും പേശികള്‍ക്കും അവയവങ്ങള്‍ക്കും അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ വെള്ളം അത്യാവശ്യമാണ്. ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഓരോ ആളുകളും കുടിക്കേണ്ട വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു.
മൂത്രത്തിന്റെ നിറം നോക്കിയാല്‍ നിങ്ങള്‍ക്ക് ശരീരത്തിലെ ജലാംശത്തിന്റെ അളവ് (hydration status) കണ്ടുപിടിക്കാന്‍ സാധിക്കും. നിറമില്ലാത്തതോ ഇളം മഞ്ഞയോ നിറത്തിലുള്ള മൂത്രമാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെന്നാണ്. എന്നാല്‍ മൂത്രത്തിന്റെ നിറം കടും മഞ്ഞയാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് ഇനിയും വെള്ളം ആവശ്യമാണ്. ആരോഗ്യം നിലനിര്‍ത്താന്‍ നമ്മുടെ ശരീരത്തിന് വെള്ളം ആവശ്യമാണെങ്കിലും, വെള്ളം അമിതമായി കുടിക്കുന്നത് (overhydration) ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.
ഓക്കാനം, തലകറക്കം, ഛര്‍ദ്ദി, തലവേദന അല്ലെങ്കില്‍ സമാനമായ മറ്റേതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂടുന്നതിന്റെ ലക്ഷണമായിരിക്കും.
അമിതമായി വെള്ളം കുടിച്ചാല്‍ എന്ത് സംഭവിക്കും?ശരീരത്തില്‍ കൂടുതലായി വരുന്ന വെള്ളം പുറന്തള്ളുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ശരീരത്തിലെ അമിതമായ ജലാംശം കാരണം രക്തത്തിലെ ഉപ്പിന്റെ അളവ് കുറയാന്‍ ഇടയാകും. ഈ അവസ്ഥയാണ് ഹൈപ്പോനോട്രെമിയ. ജീവന് തന്നെ അപകടത്തിലാക്കുന്ന ഒരു അവസ്ഥയാണിത്. രക്തത്തിലെ ഉപ്പിന്റെ അളവ് കുറയുന്നത് പേശികളുടെ ബലക്കുറവ്, പേശീവേദന, അസ്വസ്ഥത, തലകറക്കം എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടാക്കും.
ശരീരത്തില്‍ ജലാംശം കൂടുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്:കഠിനമായ ചൂടുള്ള സമയങ്ങളിലോ വ്യായാമം ചെയ്യുമ്പോഴോ നാം ധാരാളം വെള്ളം കുടിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ ദ്രാവകങ്ങള്‍ കുടിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.
വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ ഉള്ളവര്‍ക്ക് ശരീരത്തില്‍ നിന്ന് വെള്ളം പുറന്തള്ളാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.
എംഡിഎംഎ (എക്സ്റ്റസി) പോലുള്ള ആംഫെറ്റാമൈനുകളുടെ ഉപയോഗം ദാഹം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.
ആന്റി സൈക്കോട്ടിക് മരുന്നുകള്‍
ശരീരത്തിലെ അമിതമായ ജലാംശം എങ്ങനെ ഒഴിവാക്കാം?അമിതമായ അളവില്‍ വെള്ളം കുടിക്കരുത്. കഠിനമായ ചൂടിലോ വ്യായാമം ചെയ്യുമ്പോഴോ വിയര്‍ക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മോര്, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, തേങ്ങാവെള്ളം, തൈര് മുതലായവ ഉപയോഗിക്കുക. ഇത് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയ്ക്കാനുള്ള പ്രതിരോധ നടപടികള്‍ മാത്രമാണ്. നിങ്ങള്‍ക്ക് ശരീരത്തിലെ ജലത്തിന്റെ അളവ് കൂടുന്നതു മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കണം.
ഒരാള്‍ ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നാണ് പറയാറുള്ളത്. എന്നാല്‍ അത് ഓരോ വ്യക്തിയുടെയും ശരീരത്തിനനുസരിച്ച് വ്യത്യാസപ്പെടും. ഒരാളുടെ പ്രായം, ഭക്ഷണത്തിലെ പോഷകങ്ങളുടെ അളവ്, ശരീരഭാരം, വ്യായാമം എന്നിവ കൂടി കണക്കാക്കിയാണ് കുടിക്കേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിക്കേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.