കേരളത്തിൽ എവിടെ സാഹിത്യ സമ്മേളനങ്ങൾ നടക്കുന്നുണ്ടെങ്കിൽ മുണ്ടു മടക്കിക്കുത്തി തുണിസഞ്ചി തൂക്കി ഒരാള്‍ അടുത്തേക്കു വന്നാല്‍ സംശയിക്കേണ്ട. അതു പി ആര് രതീഷ് ആകും. കോഴിക്കോട് ജില്ലയിലെ വടകര മുയിപ്പോത്തുകാരന്. കവിതയെ ജീവിതം തന്നെയാക്കി കവിതയില്‍ ജീവിക്കുന്ന മനുഷ്യന്. ജീവിതത്തില്‍ മറ്റൊരു ജോലിക്കും പോകാത്തതെതന്താണ് രതീഷേ എന്നു ചോദിച്ചാല്‍ എനിക്കു ജീവിത്തില്‍ കവിത തരുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് ജീവിക്കാനുള്ള വരുമാനം. മറ്റൊന്ന് മനസിന് സന്തോഷം. അപ്പോള്‍ പിന്നെ ഞാനെന്തിന് വേറെ ജോലിക്കു പോകണമെന്നായിരിക്കും മറുപടി.
പട്ടാമ്പി കോളജിലെ തണല്‍ വഴികളിലൂടെ നടന്ന രതീഷ് കവിതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞുനടന്നു. നടക്കുന്നതിനിടയില്‍ എതിരേ ഒരാള്‍ വന്നാല്‍ ഇത്രമാത്രം പറയും. ഒരു മിനിട്ടേ... രതീഷ് അവരുടെ അടുത്തേക്ക് പോവുകയായി പറഞ്ഞുകൊണ്ടിരുന്നത് പാതിയില്‍ നിര്‍ത്തി. തിരിച്ചുവരുന്നത് മുഖത്തൊരു ചിരിയും പരത്തിയായിരിക്കും. കാരണം മറ്റൊന്നുമില്ല, തന്റെ പുസ്തകം ഒരെണ്ണം കൂടി വിറ്റിരിക്കുന്നു. ഇതാണ് രതീഷ്, എഴുതുക മാത്രമല്ല അതു പുസ്തകമാക്കും, പുസ്തകം നേരിട്ടു നടന്നു വില്‍ക്കും.
ആറാം ക്ലാസില്‍ തുടങ്ങിയ എഴുത്ത്
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രതീഷ് ആദ്യ കവിത എഴുതുന്നത്. എപ്പോഴാണ് ആദ്യത്തെ കവിത എഴുതിയതെന്നു ചോദിച്ചാല്‍ ഓര്‍ത്തെടുക്കാന്‍ രതീഷിന് അത്ര സമയമൊന്നും വേണ്ട. കാരണം കവിതയെ അന്നേ ജീവിതത്തിനൊപ്പം കൂട്ടിയതാണ്. പക്ഷേ, പേടിയായിരുന്നു ആരോടെങ്കിലും പറയാന്‍. എഴുത്തുനിര്ത്തിയൊന്നുമില്ല. എഴുതിക്കൊണ്ടേ ഇരുന്നു, ആറു വര്‍ഷം ആരും കാണാതെ ആരെയും കേള്‍പ്പിക്കാതെ. പേരാമ്പ്ര കോളജില്‍ പഠിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള സോപാനം പംക്തിയിലേക്ക് കവിത അയച്ചു. ആദ്യ കവിതയില്‍ അച്ചടി മഷി പുരണ്ടു.
പിന്നെ പിന്നെ രതീഷ് ആനുകാലികങ്ങളിലെ പതിവു പേരായി. എഴുതിയതൊക്കെ അയച്ചുകൊടുത്തു. എല്ലാമെന്നവണ്ണം അച്ചടിച്ചുവന്നു. പഠനം കഴിഞ്ഞപ്പോള്‍ പല പണികള്‍ നോക്കിയെങ്കിലും രതീഷിന് എഴുത്തിനോളം സന്തോഷം ഒന്നിലും കിട്ടിയില്ല. അങ്ങനെ മുഴുവന്‍ സമയ എഴുത്തുകാരനാകാന്‍ തീരുമാനിച്ചു. എഴുതിയ കവിതകളൊക്കെ പുസ്കതമാക്കി വിറ്റാലോ എന്ന ചിന്ത അങ്ങനെയുണ്ടായി. അതുതന്നെ ചെയ്തു.
7 പുസ്തകങ്ങള്‍ 40000 കോപ്പികള്‍
രണ്ടായിരത്തി അഞ്ചിലാണ് രതീഷിന്റെ ആദ്യ പുസ്തകം പുറത്തുവന്നത്. കനല് പെയ്യുന്ന മേഘങ്ങള്‍. ആറാം ക്ലാസില്‍ പഠിച്ചപ്പോള്‍ എഴുതിയ ആദ്യ കവിത മുതല്‍ ഉണ്ടായിരുന്നു കനല് പെയ്യുന്ന മേഘങ്ങളില്‍. 2009-ല്‍ രണ്ടാമത്തെ പുസ്തകം നട്ടുച്ചയുടെ വിലാസം. പി ആര് രതീഷ് എന്ന കവിക്കു മലയാള കവിതയില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത കവിതാ സമാഹാരം നട്ടുച്ചയുടെ വിലാസം തന്നെയായിരുന്നു. പുസ്തകം പതിനഞ്ചു വര്‍ഷംകൊണ്ട് പതിനെട്ടായിരം കോപ്പികള്‍ വിറ്റഴിഞ്ഞു. അഞ്ചാം പതിപ്പ് പുറത്തിറങ്ങാന്‍ പോകുന്നു.
മൂന്നാമത്തെ പുസതകം നദികളുടെ വീട് 2012ല്‍ പുറത്തിറങ്ങി. 2014-ല്‍ മറക്കുക വല്ലപ്പോഴും എന്ന പുസതകവും 2015-ല്‍ രക്തസാക്ഷിയുടെ വീടും പുറത്തെത്തി. 2016-ല്‍ ഇറങ്ങിയ വാടകവീടും ഇക്കഴിഞ്ഞവര്ഷം ഇറങ്ങിയ പ്രണയമഹലുമാണ് പുതിയ പുസ്തകങ്ങള്‍. എട്ടാമത്തെ പുസ്തകം പ്രണയരാമായണം, 101 പ്രണയകവിതകള്‍ അടുത്തമാസം പുറത്തെത്തും. എല്ലാ പുസ്തകങ്ങളുമായി ഇതോടകം നാല്പതിനായിരം കോപ്പികള്‍ വിറ്റഴിഞ്ഞു.
പുസ്തകശാലയില്‍ പോയി കവിതാപുസ്തകം തെരഞ്ഞെടുത്തു വാങ്ങുന്നതുപോലെയല്ല രതീഷിന്റെ കവിതകളുടെ വില്പന. കവി നേരിട്ടെത്തിയാണ് മിക്ക കോപ്പികളും വിറ്റിരിക്കുന്നത്. പുസ്തകമിറക്കിയ അന്നുമുതല്‍ കയ്യിലൊരു സഞ്ചിയില്‍ എപ്പോഴും പുസ്തകമുണ്ടാകും. പരിപാടികള്‍ക്കു പോകുമ്പോള്‍ കൂടുതല്‍ കോപ്പി കരുതും. ഇവിടെവച്ച് താനൊരു കവിയാണെന്നു പരിചയപ്പെടുത്തിയാണ് രതീഷിന്റെ പുസ്തക വില്പന.
എന്താണ് രതീഷിന് കവിത
കവിത തന്നെയാണ് രതീഷ്. അതുകൊണ്ട് രതീഷ്
എഴുതുന്നതിങ്ങനെ
എത്തേണ്ടത് നിന്നിലേക്കാണ്
പക്ഷേ,
എന്നുമെത്തിച്ചേരുന്നത്
എന്നിലേക്കുതന്നെയാണ്
ജീവിതംതന്നെയാണ് രതീഷിന്റെ മിക്ക കവിതകളും. മുയിപ്പോത്തെ സ്വന്തം ഗ്രാമത്തില്‍നിന്ന് കേരളത്തിന്റെ വിവിധ ദേശങ്ങളിലൂടെ പോയ യാത്രകളില്‍ കണ്ടവര്‍ കേട്ടവര്‍ പരിചയിച്ചവര് കേട്ട കാര്യങ്ങള്‍, ഉള്ളുപൊള്ളിക്കുന്ന ജീവിതാനുഭവങ്ങള്‍. രതീഷേ എന്താണ് എഴുതുന്നതെന്നു ചോദിച്ചാല്‍, എനിക്കങ്ങനെയൊന്നുമില്ല. എന്നുമാത്രമായിരിക്കും മറുപടി.
രക്തസാക്ഷിയുടെ വീട് എന്ന കവിതയില്‍ രതീഷ് ഇങ്ങനെ എഴുതുന്നു...
ആ കുന്നിടിക്കരുത്
അതിന്റുച്ചിയിലാണ്
രക്തസാക്ഷിയുടെ വീട്
ആ വയല്‍ നികത്തരുത്
അതിന്റെ വയറിലാണ്
അവന്റെ അന്നം
തോറ്റവര്‍ക്കുള്ള പാട്ടില്‍നിന്നും
ഞാന്‍ വരച്ചുവയ്ക്കും
പിറക്കാനിരിക്കുന്നവര്‍ക്കുള്ള ഭൂപടം
ജീവിതംതന്നെയാണ് കവിത എന്നു പറയുന്നതു വെറുതേയല്ല. പിറവി എന്ന കവിതയില്‍ രതീഷ് എഴുതിയതും അതുതന്നെയാണ്.
വേദനയെന്ന വേരിലേ
കവിതയെന്ന
കിളി
പൂക്കാറുള്ളൂ
കവിതയില്‍തന്നെ ജീവിക്കാനുറച്ച്
കവികളെക്കുറിച്ചും കവിതയെക്കുറിച്ചും കുറേ പറയാനുണ്ട് രതീഷിന്. ഒപ്പം കൂട്ടുകാരെക്കുറിച്ചും. ഓരോ ഇടത്തും കാണുന്നവരെയും രതീഷ് ഓര്‍ത്തുവയ്ക്കും. പലരുമായും വലിയ ഹൃദയബന്ധം തന്നെ സൂക്ഷിക്കുന്നുണ്ട് കവി. പുതിയ പുസ്തകങ്ങള്‍ ഇറങ്ങിയാല്‍ ഇവരെയൊക്കെ അറിയിക്കുകുയും കവിത ചൊല്ലി കൊടുക്കുകയും ചെയ്യും. കോഴിക്കോട് വടകര ആസ്ഥാനമായി അക്ഷരങ്ങള്‍കൊണ്ടു തന്നെ ജീവിക്കുകയാണ് കവി. വെയില് എന്ന പേരില്‍ ഒരു പ്രസിദ്ധീകരണ സ്ഥാപനം നടത്തുന്നു. വന്‍കിട പ്രസാധന സ്ഥാപനങ്ങളിലൂടെ പുസ്തകം ഇറക്കാന്‍ കഴിയാത്തവര്‍ക്കു പുസ്തകം ഇറക്കാന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്നു രതീഷ് പറയുന്നു.
എന്തുകൊണ്ട് വേറെ ജോലിക്കൊന്നും പോയില്ലെന്നൊന്നു ചോദിച്ചാല്‍ രതീഷ് പറയും. കവിതകൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. കവിതയെഴുതിയും കവിത വിറ്റും ഇന്നോളമുണ്ടാക്കിയ വരുമാനം കൊണ്ട് സ്വന്തമായി വീടുപണിയുകയാണ് രതീഷ്. ജീവിതത്തില്‍ കൂട്ടുവേണ്ടേ എന്നു ചോദിച്ചാല്‍ രതീഷ് പറയും കവിതയാണെന്റെ കൂട്ട്. ജീവിതം തന്നെ കവിതയാക്കിയതിങ്ങനെയെന്നു ചൊല്ലിത്തരും.
സ്നേഹിക്കുന്തോറും
വെറുത്തുപോകുന്നവര്ക്കിടയിലല്ല,
വെറുക്കുന്തോറും
സ്നേഹിക്കുന്നവര്ക്കിടയിലാണ്
എന്റെ കവിത ആയുധമായി വരിക
അന്ധനായ ദൈവത്തിന്റെ മുമ്പിലല്ല
ചോരകൊണ്ടു കാലത്തെയെഴുതുന്നവര്ക്കു മുന്നിലാണ്
എന്റെ കവിത പാലമായി വരിക
ഉറക്കെ ശബ്ദിക്കുന്നവരുടെ നിലവിളികളിലേക്ക്
ഉറവയായി പൊട്ടിത്തീരാന്‍
കാത്തിരിക്കുന്നുണ്ടാകണം
പിറക്കാനിരിക്കുന്ന കവിതയുടെ മഴക്കാലം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Life of poet p r ratheesh, Malayalam poems, P r ratheesh, P R Ratheesh Poems, Poems