• HOME
  • »
  • NEWS
  • »
  • life
  • »
  • രാമനവമി 2021: ശ്രീരാമന്റെ ജന്മദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചടങ്ങുകളെക്കുറിച്ചും അറിയാം

രാമനവമി 2021: ശ്രീരാമന്റെ ജന്മദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചടങ്ങുകളെക്കുറിച്ചും അറിയാം

അയോധ്യയിൽ ജനിച്ച ശ്രീരാമന്റെ ജന്മദിനം എന്ന നിലയ്ക്കാണ് രാമനവമി ആഘോഷിച്ചു പോരുന്നത്. ഹിന്ദു കലണ്ടറും ഹൈന്ദവ വിശ്വാസങ്ങളും പ്രകാരം  മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമൻ. ശുക്ലപക്ഷത്തിലെ നവമി തിഥിയിലാണ് ശ്രീരാമൻ ജനിച്ചത് എന്നാണ് വിശ്വാസം.

ramanavami 2021

ramanavami 2021

  • Share this:
    എല്ലാ വർഷവും ചൈത്രനവരാത്രിയുടെ അവസാന ദിവസം ആഘോഷിക്കാറുള്ള രാമനവമി ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നാണ്. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം ശക്തമായി തുടരുന്ന ഈ വർഷം ഏപ്രിൽ 21നാണ് രാമനവമി.

    അയോധ്യയിൽ ജനിച്ച ശ്രീരാമന്റെ ജന്മദിനം എന്ന നിലയ്ക്കാണ് രാമനവമി ആഘോഷിച്ചു പോരുന്നത്. ഹിന്ദു കലണ്ടറും ഹൈന്ദവ വിശ്വാസങ്ങളും പ്രകാരം  മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമൻ. ശുക്ലപക്ഷത്തിലെ നവമി തിഥിയിലാണ് ശ്രീരാമൻ ജനിച്ചത് എന്നാണ് വിശ്വാസം.

    രാമനവമി 2021: പ്രധാനപ്പെട്ട തീയതികളും സമയങ്ങളും:

    ഈ വർഷത്തെ രാമനവമി ഏപ്രിൽ 21, ബുധനാഴ്ചയാണ്.

    രാമനവമി മധ്യാഹ്നത്തിന്റെ മുഹൂർത്തം രാവിലെ 10.19-ന് തുടങ്ങി 12.52-ന് അവസാനിക്കും.

    രാമനവമി മധ്യാഹ്നം രാവിലെ 11.35-നാണ്.

    രാമനവമിയുടെ മുഹൂർത്തം ഏപ്രിൽ 21-ന് അർദ്ധരാത്രി 12.43-ന് ആരംഭിച്ച് ഏപ്രിൽ 22-ന് അർദ്ധരാത്രി 12.35-ന് അവസാനിക്കും.

    രാമനവമി ആഘോഷത്തിന്റെ പ്രാധാന്യം:

    ഹൈന്ദവ മിത്ത് പ്രകാരം രാമായണത്തിലെ കേന്ദ്ര കഥാപാത്രമായ ശ്രീരാമ ഭഗവാൻ ദശരഥ മഹാരാജാവിന്റെയും കൗസല്യയുടെയും മകനായാണ് ജനിച്ചത്. ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ ഒമ്പതാം ദിനമായ നവമി ദിനത്തിലാണ് ശ്രീരാമന്റെ ജനനം. മഹാവിഷ്ണുവിൻറെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമൻ ജന്മമെടുത്തത് എന്നാണ് ഐതിഹ്യം. അതുകൊണ്ട് തന്നെ ശ്രീരാമന്റെ ജനന ദിവസം ഹിന്ദു മത വിശ്വാസികൾ ഭക്തിപൂർവ്വം ആചരിയ്ക്കുന്നു. പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളിൽ മാത്രമല്ല ജൈന, ബുദ്ധ മതഗ്രന്ഥങ്ങളിലും ശ്രീരാമനെക്കുറിച്ച് പരാമർശമുണ്ട്.

    രാമനവമി ആഘോഷം:

    ഉച്ച കഴിഞ്ഞാണ് ശ്രീരാമൻ ജനിച്ചതെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ സമയമാണ് രാമനവമി പൂജകൾക്കായി തെരഞ്ഞെടുക്കാറുള്ളത്. രാമൻ ജനിച്ച കൃത്യ സമയമാണ് മധ്യാഹ്നമായി കണക്കാക്കുന്നത്. ഈ സമയത്ത് രാജ്യത്തുടനീളം ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തി വരുന്നു.

    ഭക്തർ ഈ ദിവസങ്ങളിൽ ഉപവാസം അനുഷ്ഠിക്കാറുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും അയോധ്യയിലെ ആഘോഷങ്ങൾ വേറിട്ടതു തന്നെയാണ്. പല ഭാഗത്ത് നിന്നുള്ള ഭക്തർ നവമി ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി അയോധ്യയിൽ എത്തിച്ചേരാറുണ്ട്. സാധാരണ നിലയിൽ അയോധ്യ നഗരം വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും ഭക്തർ ക്ഷേത്രത്തിൽ വഴിപാടുകളുമായി എത്തുകയും ചെയ്യുന്നു. എന്നാൽ, കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വർഷം ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

    ശ്രീരാമനെ ശിശു രൂപത്തിലാണ് നവമി ദിനത്തിൽ ആരാധിയ്ക്കുന്നത്.വ്രതമെടുത്തുംരാമനാമം ജപിച്ചുമാണ് ഭക്തർ നവമി ദിനം ആഘോഷിക്കുന്നത്. ഇതിൻറെ ഭാഗമായി ചിലർ അയോധ്യയോടു ചേർന്നൊഴുകുന്ന സരയൂ നദിയിൽ മുങ്ങി നിവരുന്ന ചടങ്ങും നടത്താറുണ്ട്‌. രാമന്റെ ജന്മദിനത്തിൽ ഈ നദിയിൽ മുങ്ങി നിവരുന്നത് പുണ്യകർമമാണ് എന്നാണ് വിശ്വാസം.രാമേശ്വരത്ത് സ്ഥിതി ചെയ്യുന്ന കോദണഡരാമർ ക്ഷേത്രം, സേലത്തെ പ്രസിദ്ധമായ ശ്രീരാമ ക്ഷേത്രം, തമിഴ്നാട്ടിലെ മുടികോണ്ടൻ കോദണ്ഡരാമർ ക്ഷേത്രം, കുംഭകോണത്തെ കൊളവില്ലി രാമൻ ക്ഷേത്രം തുടങ്ങിയവയാണ് ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ രാമക്ഷേത്രങ്ങൾ.
    Published by:Rajesh V
    First published: