ശ്രീരാമന് ക്ഷേത്രമുള്ള സ്ഥലങ്ങളെല്ലാം രാമന്റെ വാസകേന്ദ്രങ്ങളാണ്, അഥവാ രാമപുരമാണ്. മലപ്പുറത്തിനടുത്തുമുണ്ട് രാമപുരം. മലപ്പുറം പെരിന്തൽമണ്ണ പാതയിലാണ് രാമപുരം. മലപ്പുറം ജില്ലയിൽ രാമക്ഷേത്രങ്ങൾ അപൂർവമാണെങ്കിലും നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഘടനയും നിർമാണ ശൈലിയും ഈ ക്ഷേത്രത്തിൽ കാണാം.
ചരിത്രം രേഖപ്പെടുത്തുന്നതിങ്ങനെ: നൂറ്റാണ്ടുകൾക്ക് മുൻപ് ഈ മേഖലയിൽ ബ്രാഹ്മണരില്ലാത്ത ഒരു കാലം വന്നപ്പോൾ ഇരിഞ്ഞാലക്കുടയിൽ നിന്നും ബ്രാഹ്മണ കുടുംബങ്ങളെ സാമൂതിരി ഇവിടേക്ക് ക്ഷണിക്കുകയായിരുന്നുവത്രെ. ഇരിഞ്ഞാലക്കുട നിന്നും വന്ന ബ്രാഹ്മണരുടെ ആരാധനാ ദേവത തൃപ്രയാറപ്പനാണ്. അങ്ങനെ ഇവിടെയും രാമക്ഷേത്രം ഉയർന്നു. ഒപ്പം സമീപത്തു തന്നെ ലക്ഷ്മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങളും.
പ്രഭാതത്തിൽ വനവാസത്തിനു കാഷായ വേഷധാരിയായി പോയ രാമ സങ്കൽപം, പ്രദോഷത്തിൽ സീതാ സമേതനായ രാമൻ; ഇപ്രകാരമാണ് പ്രതിഷ്‌ഠ സങ്കൽപം. ഇന്നും തൃപ്രയാർ ക്ഷേത്ര മാതൃകയിലാണ് ഇവിടെ എല്ലാം. ആകെ ഒരു വ്യത്യാസം ഇവിടെ ഉത്സവം ഉണ്ട്, തൃപ്രയാർ ഉത്സവം ഇല്ല എന്നതാണ്.
ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഹനുമാൻ പ്രതിഷ്ഠയുണ്ട് . പടിഞ്ഞാറ് വിഷ്ണുവും ഭഗവതിയും ശിവനും, അതിനടുത്ത് ഗൃഹസ്ഥാശ്രമ സങ്കല്പത്തിലുള്ള ശാസ്താവും, വടക്ക് പടിഞ്ഞാറ് ഭദ്രകാളിയും. (രാമപുരം ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ ചുവടെ )
രാമപുരം ക്ഷേത്രത്തിന് തൊട്ടടുത്ത് തന്നെ ഒരു നരസിംഹ ക്ഷേത്രമുണ്ട്. ആദ്യ കാലത്ത് ഇത് രണ്ടും രണ്ട് ദേശങ്ങളിലായിരുന്നത്രേ. ശ്രീരാമ ചൈതന്യം മനസിലാക്കിയ ബ്രാഹ്മണർ നരസിംഹ ക്ഷേത്രത്തിന് സമീപം ശ്രീരാമ പ്രതിഷ്ഠ നടത്തുകയായിരുന്നു . നരസിംഹ ക്ഷേത്രത്തിനു രാമ ക്ഷേത്രത്തേക്കാൾ പഴക്കമുണ്ട്. ദേശത്തെ പിഷാരടിമാരായിരുന്നു നരസിംഹ ക്ഷേത്രത്തിന്റെ ഊരായ്മക്കാർ.
രാമപുരത്തിന് അടുത്തുതന്നെയാണ് ലക്ഷ്മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങളും. ഏതാണ്ട് ഒരു കിലോമീറ്റർ ദൂരത്ത് ഏറെക്കാലം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ ക്ഷേത്രങ്ങൾ പുനഃരുദ്ധരിച്ചത് ഏതാനും വർഷങ്ങൾ മുൻപാണ്.
രാമായണമാസത്തിൽ നാലമ്പല ദർശന പുണ്യം തേടി ആയിരങ്ങൾ ഈ ക്ഷേത്രങ്ങളിലേക്ക് വരാറുണ്ട്. ഒരു നേരം കൊണ്ട് നാല് ക്ഷേത്രങ്ങളിൽ ദർശനം നടത്തണമെന്നാണ് സങ്കൽപം. ഇവിടെ ഒരു മണിക്കൂർ കൊണ്ട് നാലിടങ്ങളിലും എത്താൻ സാധിക്കും.
പക്ഷേ മറ്റെല്ലാ മേഖലകളെയുമെന്ന പോലെ ഇത്തവണ കോവിഡ് മൂലമുള്ള പ്രതിസന്ധി ഈ ക്ഷേത്രങ്ങളെയും ബാധിച്ചു . വർഷം മുഴുവൻ ഈ ക്ഷേത്രങ്ങൾ മുന്നോട്ട് പോകുന്നത് രാമായണ മാസത്തിലെ വരുമാനം കൊണ്ടാണ്. നിലവിൽ കോവിഡ് നിർദേശങ്ങൾ പാലിച്ചാണ് ദർശനം അനുവദിക്കുന്നത്. നാലമ്പലത്തിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.