അയോധ്യ: രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ ഡ്രസ്സ് കോഡ്; സ്മാർട്ട്ഫോൺ പാടില്ല
- Published by:Vishnupriya S
- news18-malayalam
Last Updated:
മഞ്ഞനിറത്തിലുള്ള പുതിയ വസ്ത്രത്തിലായിരിക്കും ഇനി പൂജാരിമാർ എത്തുക
അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാർ പാലിക്കേണ്ട പുതിയ നടപടിക്രമങ്ങൾ പുറത്തിറക്കി അധികൃതർ. മഞ്ഞനിറത്തിലുള്ള പുതിയ വസ്ത്രത്തിലായിരിക്കും ഇനി പൂജാരിമാർ എത്തുക. ക്ഷേത്രത്തിൻെറ നടത്തിപ്പിൻെറ ചുമതല വഹിക്കുന്ന ശ്രീ രാം ജൻമഭൂമി തീർഥ് ക്ഷേത്രയാണ് പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചത്. പരമ്പരാഗത കാവി വസ്ത്രത്തിന് പകരം കടും മഞ്ഞ നിറത്തിലുള്ള ശിരോവസ്ത്രവും ധോത്തിയും കുർത്തയുമാണ് പൂജാരിമാർ ധരിക്കേണ്ടത്.
പൂജകൾ നടക്കുന്ന ശ്രീകോവിൽ അടക്കമുള്ള പവിത്രമായ ഇടങ്ങളിൽ ഇനി സ്മാർട്ട്ഫോൺ അനുവദിക്കില്ല. നിരവധി പുതിയ പരിഷ്ടാരങ്ങളാണ് നടപ്പിലാക്കുന്നത്. പൂജാരിമാർക്ക് എല്ലാവർക്കും ഒരുപോലുള്ള വസ്ത്രം വേണമെന്നതിനാലും ഇവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായി പെട്ടെന്ന മനസ്സിലാക്കാനും വേണ്ടിയാണ് പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ചിരിക്കുന്നത്.
“രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ ഡ്രസ് കോഡ് നിശ്ചയിച്ചിരിക്കുകയാണ്. മുഖ്യ പൂജാരി, നാല് മുഖ്യ സഹ പൂജാരിമാർ, 20 സഹ പൂജാരിമാർ എന്നിവർ മഞ്ഞ നിറത്തിലുള്ള ശിരോവസ്ത്രവും ഫുൾ സ്ലീവ് കുർത്തയും ദോത്തിയുമാണ് ധരിക്കേണ്ടത്,” രാമക്ഷേത്രത്തിലെ മുഖ്യ സഹ പൂജാരിമാരിൽ ഒരാളായ സന്തോഷ് കുമാർ തിവാരി പറഞ്ഞു.
advertisement
“നേരത്തെ ക്ഷേത്രത്തിലുണ്ടായിരുന്ന ഭൂരിപക്ഷം പൂജാരിമാരും കാവി നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ചില പൂജാരിമാർ മഞ്ഞ വസ്ത്രവും ധരിച്ച് എത്തിയിരുന്നു. എന്നാൽ ആ സമയത്ത് ഡ്രസ് കോഡ് നിർബന്ധമാക്കിയിരുന്നില്ല,” തിവാരി കൂട്ടിച്ചേർത്തു.
സനാതന ധർമം പറയുന്നത് പൂജാരിമാർ തലയും കൈകളും മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നാണ്. പുതിയ ഡ്രസ് കോഡ് നിശ്ചയിച്ചിരിക്കുന്നത് ഇത് പ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിലെ ഗർഭഗൃഹ പരിസരത്ത് സ്മാർട്ട്ഫോൺ കൊണ്ടുവരുന്നതിനും ട്രസ്റ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് സ്മാർട്ട്ഫോൺ നിരോധിച്ചതെന്നാണ് വിശദീകരണം. എന്നാൽ ക്ഷേത്രത്തിലെ വെള്ളം ചോരുന്നതുമായി ബന്ധപ്പെട്ടാണ് ഫോൺ നിരോധിച്ചതെന്നും റിപ്പോർട്ടുണ്ട്.
advertisement
ക്ഷേത്രത്തിൽ ചോർച്ചയോ?
ഇത്തവണത്തെ മൺസൂണിലെ കനത്ത മഴയ്ക്ക് ശേഷം രാമക്ഷേത്രത്തിലെ ഗർഭഗൃഹയിൽ വെള്ളം ചോർന്നിരുന്നതായി ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അറിയിച്ചിരുന്നു. “ആദ്യത്തെ മഴയിൽ തന്നെ ക്ഷേത്രത്തിൽ ചോർച്ച ആരംഭിച്ചിരുന്നു. രാം ലല്ല വിഗ്രഹം വെച്ച ഇടത്തും അതിൻെറ പരിസരത്തുമാണ് ചോർച്ച ഉണ്ടായത്. ക്ഷേത്രത്തിനകത്ത് പാത്രത്തിൽ വെള്ളം പിടിച്ച് വെക്കേണ്ട അവസ്ഥയും വന്നിരുന്നു,” അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
“ക്ഷേത്രത്തിൻെറ നിർമ്മാണത്തിൽ എന്താണ് കുഴപ്പം സംഭവിച്ചിട്ടുള്ളതെന്ന് പരിശോധിക്കണം. എന്താണ് വെള്ളം ചോരുന്നതിന് കാരണമെന്ന് കണ്ടെത്തണം,” അദ്ദേഹം ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിലെ ചോർച്ച വ്യക്തമാക്കുന്ന തരത്തിലുള്ള ചില ചിത്രങ്ങൾ പുറത്ത് വരികയും ചെയ്തിരുന്നു. രാമക്ഷേത്രത്തിൻെറ മാനേജ്മെൻറ് ട്രസ്റ്റ് ചെയർപേഴ്സൺ നൃപേന്ദ്ര ദാസ് ഉടൻ തന്നെ ചോർച്ചയുടെ കാര്യത്തിൽ പരിശോധന നടത്തിയിരുന്നു.
advertisement
ക്ഷേത്രത്തിൽ ചോർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും ഇലക്ട്രിക് വയറുകൾക്ക് വേണ്ടി തയ്യാറാക്കി വെച്ചിരുന്ന പൈപ്പിലൂടെ അൽപം മഴവെള്ളം വന്നുവെന്ന് മാത്രമേയുള്ളൂവെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവിലിൽ ഒരു തുള്ളിവെള്ളം പോലും വീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ayodhya,Faizabad,Uttar Pradesh
First Published :
July 03, 2024 9:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
അയോധ്യ: രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ ഡ്രസ്സ് കോഡ്; സ്മാർട്ട്ഫോൺ പാടില്ല