Ram Navami 2024: രാമനവമിയിൽ ഉച്ചയ്ക്ക് കൃത്യം 12 ന് അയോധ്യയിലെ രാംലല്ലയുടെ തിരുനെറ്റിയിലെ സൂര്യതിലകം ചാർത്തൽ എങ്ങനെ?
- Published by:Vishnupriya S
- news18-malayalam
Last Updated:
'സൂര്യ തിലക് മെക്കാനിസം' എന്നാണ് ഈ സംവിധാനം ഔദ്യോഗികമായി അറിയപ്പെടുന്നത്
ഇന്ന് ഉച്ചയ്ക്ക് അയോധ്യയിലെ രാമക്ഷേത്രം മഹത്തായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. രാമനവമിയോട് അനുബന്ധിച്ച് രാംലല്ല വിഗ്രഹത്തിന്റെ തിരുനെറ്റിയില്‍ സൂര്യപ്രകാശം കൊണ്ട് 'സൂര്യതിലകം' ചാര്‍ത്തുന്ന സവിശേഷമായ ചടങ്ങിനാണ് ഇവിടെയെത്തിയ ഭക്തര്‍ സാക്ഷ്യം വഹിച്ചത്. ഏറ്റവും പുതിയ ശാസ്ത്ര വൈദഗ്ധ്യം ഉപയോഗിച്ച് 5.8 സെന്റീമീറ്റര്‍ വലുപ്പമുള്ള പ്രകാശം രാംലല്ലയുടെ നെറ്റിയില്‍ പതിപ്പിക്കുകയാണ് ചെയ്തത്. ഇതിനായി ഒരു പ്രത്യേക ഉപകരണം രൂപകല്‍പ്പന ചെയ്യുകയായിരുന്നു. പത്ത് ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്.
ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ചടങ്ങുകള്‍ നടത്തിയത്. ഏകദേശം മൂന്നര മിനിറ്റോളം ചടങ്ങുകള്‍ നീണ്ടു. കണ്ണാടികളും ലെന്‍സുകളും സംയോജിപ്പിച്ച് രാം ലല്ല വിഗ്രഹത്തിന്റെ നെറ്റിയിലേക്ക് സൂര്യപ്രകാശം കൃത്യമായി പതിപ്പിക്കുകയാണ് ചെയ്തത്. സിബിആർഐയിലെ ശാസ്ത്രജ്ഞരാണ് കണ്ണാടികളും ലെന്‍സുകളും അടങ്ങുന്ന ഈ അത്യാധുനിക ഉപകരണം വികസിപ്പിച്ചെടുത്തത്. 'സൂര്യ തിലക് മെക്കാനിസം' എന്നാണ് ഈ സംവിധാനം ഔദ്യോഗികമായി അറിയപ്പെടുന്നത്. വളരെ പ്രധാനപ്പെട്ട ശാസ്ത്ര-എഞ്ചിനീയറിംഗ് നേട്ടമായാണ് 'സൂര്യ തിലക് മെക്കാനിസത്തെ' കരുതുന്നത്.
advertisement
''നാല് കണ്ണാടികളും നാല് ലെന്‍സുകളും ഘടിപ്പിച്ച ഒപ്‌റ്റോ-മെക്കാനിക്കല്‍ സംവിധാനം ടില്‍റ്റ് മെക്കാനിസത്തിനും പൈപ്പിംഗ് സംവിധാനത്തിനുമുള്ളിലായി ഘടിപ്പിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ മുകളിലെ നിലയില്‍ സ്ഥാപിച്ചിരിക്കുന്ന അപ്പേര്‍ച്ചര്‍ സൂര്യപ്രകാശത്തെ കണ്ണാടികളിലൂടെയും ലെന്‍സുകളിലൂടെയും ഗര്‍ഭ ഗൃഹത്തിലേക്ക് (ശ്രീകോവിലിലേക്ക്) എത്തിക്കുന്നു,'' ഉത്തരാഖണ്ഡിലെ രൂര്‍ക്കിയില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ബില്‍ഡിംഗ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിബിആര്‍ഐ) ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. പ്രതാപ് കുമാര്‍ രാമചരൺ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
''അവസാനം സ്ഥാപിച്ചിരിക്കുന്ന ലെന്‍സും കണ്ണാടിയും കിഴക്കോട്ട് അഭിമുഖമായി നില്‍ക്കുന്ന ശ്രീരാമ പ്രതിമയുടെ നെറ്റിയിലേക്ക് സൂര്യരശ്മികളെ കേന്ദ്രീകരിക്കുന്നു. ആദ്യത്തെ കണ്ണാടിയുടെ ചെരിവ് ക്രമീകരിക്കുന്നതിനായാണ് ടില്‍റ്റ് സംവിധാനം ഉപയോഗിക്കുന്നത്. സൂര്യരശ്മികളെ വടക്ക് ദിശയിലുള്ള രണ്ടാമത്തെ കണ്ണാടിയിലേക്ക് കടത്തി വിടുകയാണ് ചെയ്യുന്നത്. ഇങ്ങനെ എല്ലാ വര്‍ഷവും ശ്രീരാമനവമി ദിനത്തില്‍ രാം ലല്ലയ്ക്ക് സൂര്യതിലകം ചാർത്താൻ കഴിയും. ഈ സംവിധാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും പിച്ചള ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. കണ്ണാടികളും ലെന്‍സുകളും ഉയര്‍ന്ന നിലവാരമുള്ളതും ദീര്‍ഘകാലം നിലനില്‍ക്കാന്‍ ശേഷിയുള്ളതുമാണ്. സൂര്യപ്രകാശം ചിതറിത്തെറിക്കാതിരിക്കാന്‍ പൈപ്പുകളുടെ ഉള്‍ഭാഗം ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ കുറത്തനിറമുള്ള പൊടി പൂശിയിട്ടുണ്ട്. കൂടാതെ മുകളിലെ അപ്പേര്‍ച്ചറില്‍ സൂര്യന്റെ താപതരംഗങ്ങള്‍ രാംലല്ല വിഗ്രഹത്തില്‍ വീഴുന്നത് തടയാന്‍ ഇന്‍ഫ്രൈറെഡ് ഫില്‍ട്ടര്‍ ഗ്ലാസ് ഉപയോഗിച്ചിട്ടുണ്ടെന്നും'' അദ്ദേഹം പറഞ്ഞു.
advertisement
രൂര്‍ക്കിയിലെ സിബിആര്‍ഐയിലെയും ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെയും (ഐഐഎപി) ഗവേഷകര്‍ സംയുക്തമായാണ് സൂര്യ തിലക് സംവിധാനം രൂപപ്പെടുത്തിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സില്‍ നിന്നുള്ള സാങ്കേതിക പിന്തുണയും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഒപ്റ്റിക്കയുടെ നിര്‍മാണ വൈദഗ്ധ്യവും ഇതിന് ഏറെ സഹായിച്ചിട്ടുണ്ട്. ചന്ദ്രവര്‍ഷം അടിസ്ഥാനമാക്കിയാണ് രാമനവമി തീയതി നിശ്ചയിച്ചത്. വൈദ്യുതി, ബാറ്ററികള്‍, ഇരുമ്പ് അടങ്ങിയ ഘടകങ്ങള്‍ എന്നിവയെ ആശ്രയിക്കാതെയാണ് ഈ സംവിധാനം ഗവേഷകര്‍ ഒരുക്കിയത്.
advertisement
സിഎസ്‌ഐആര്‍-സിബിആര്‍ഐയില്‍ നിന്നുള്ള സംഘത്തില്‍ ഡോ എസ് കെ പാനിഗ്രഹി, ഡോ ആര്‍ എസ് ബിഷ്ത്, കാന്തി സോളങ്കി, വി ചക്രധര്‍, ദിനേശ്, സമീര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സിഎസ്‌ഐആര്‍-സിബിആര്‍ഐ ഡയറക്ടര്‍ പ്രൊഫ.ആര്‍.പ്രദീപ് കുമാറാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. ഐഐഎ ഡയറക്ടര്‍ ഡോ അന്നപൂര്‍ണി എസ്., എസ് ശ്രീറാം, പ്രൊഫസര്‍ തുഷാര്‍ പ്രഭു എന്നിവര്‍ പദ്ധതിയുടെ ഭാഗമായി. ഒപ്റ്റിക്കയുടെ മാനേജിംഗ് ഡയറക്ടര്‍ രാജീന്ദര്‍ കൊട്ടാരിയയും അദ്ദേഹത്തിന്റെ ടീമായ ശ്രീ നാഗരാജ്, വിവേക്, തവ കുമാര്‍ എന്നിവരും നിര്‍വ്വഹണത്തിലും സംവിധാനം സ്ഥാപിക്കുന്ന പ്രക്രിയയിലും സജീവമായി പങ്കെടുത്തു. സമാനമായ 'സൂര്യ തിലക്' സംവിധാനം ചില ജൈന ക്ഷേത്രങ്ങളിലും കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിലും ഇതിനോടകം തന്നെ നിലവിലുണ്ട്. പക്ഷേ അവ വ്യത്യസ്തമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ayodhya,Faizabad,Uttar Pradesh
First Published :
April 17, 2024 4:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
Ram Navami 2024: രാമനവമിയിൽ ഉച്ചയ്ക്ക് കൃത്യം 12 ന് അയോധ്യയിലെ രാംലല്ലയുടെ തിരുനെറ്റിയിലെ സൂര്യതിലകം ചാർത്തൽ എങ്ങനെ?