Gardening | പൂന്തോട്ടം പരിപാലിച്ച് സമ്മർദ്ദം കുറയ്ക്കാം; മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം
Gardening | പൂന്തോട്ടം പരിപാലിച്ച് സമ്മർദ്ദം കുറയ്ക്കാം; മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം
'മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ക്ക് പൂന്തോട്ട പരിപാലനം ആശ്വാസം നല്‍കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്
Last Updated :
Share this:
പൂന്തോട്ട പരിപാലനത്തിലൂടെ (gardening) മാനസികാരോഗ്യം (Mental health) മെച്ചപ്പെടുത്താമെന്ന് പുതിയ പഠനം. PLOS ONE ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. പൂന്തോട്ട പരിപാലനം സ്ത്രീകളില്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കുന്നതായി ഗവേഷണം നടത്തിയ ഫ്‌ളോറിഡ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. പഠനത്തില്‍ പങ്കെടുത്തവരാരും തന്നെ മുന്‍പ് ഒരിക്കലും ചെടികള്‍ പരിപാലിക്കുന്ന ജോലികള്‍ ചെയ്തിട്ടില്ലാത്തവരായിരുന്നു. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ചെടികള്‍ നട്ടുപിടിപ്പിക്കാനും അവയെ സംരക്ഷിക്കാനും താല്‍പ്പര്യമുള്ളവരായി മാറിയിട്ടുണ്ട്.
'മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ക്ക് പൂന്തോട്ട പരിപാലനം ആശ്വാസം നല്‍കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത ആളുകള്‍ക്കും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൂന്തോട്ട നിര്‍മ്മാണം സഹായിക്കുന്നുണ്ട്.' ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ചാള്‍സ് ഗേ പറഞ്ഞു.
എണ്‍വയോണ്‍മെന്റല്‍ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ്, യുഎഫ് കോളേജ് ഓഫ് മെഡിസിന്‍, യുഎഫ് സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ഇന്‍ മെഡിസിന്‍, യുഎഫ് വില്‍മോട്ട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് എന്നിവയുമായി സഹകരിച്ചാണ് പഠനം നടത്തിയത്. 26 നും 49 നും ഇടയില്‍ പ്രായമുള്ള 32 സ്ത്രീകളിലാണ് പഠനം നടത്തിയത്.
പഠനത്തിന് വിധേയരായവരെല്ലാം തന്നെ മികച്ച ആരോഗ്യമുള്ളവരായിരുന്നു. പകുതി പേര്‍ പൂന്തോട്ട നിര്‍മ്മാണ സെഷനുകളിലും ബാക്കിയുള്ളവര്‍ ആര്‍ട്ട് മെയ്ക്കിംഗ് സെഷനിലും പങ്കെടുത്തു. ആഴ്ചയില്‍ രണ്ട് തവണ ഈ രണ്ട് സംഘത്തിന്റെയും കൂടിച്ചേരലും ഉണ്ടായിരുന്നു. പൂന്തോട്ട പരിപാലനത്തിലും ആര്‍ക്ക് മെയ്ക്കിംഗിലും പഠനം, ആസൂത്രണം, സര്‍ഗ്ഗാത്മകത, ശാരീരിക വ്യായാമങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്.
വിത്തുകള്‍ വിതയ്ക്കുക, ചെടികള്‍ പറിച്ച് നടുക, വിളവെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ഗാര്‍ഡനിംഗ് വിഭാഗത്തിലെ ആളുകള്‍ ചെയ്തത്. പേപ്പര്‍ നിര്‍മ്മാണം, പ്രിന്റ് മേക്കിംഗ്, പടം വരയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ആര്‍ട്ട് മെയ്ക്കിംഗ് വിഭാഗത്തിലെ ആളുകള്‍ ചെയ്തിരുന്നത്.
തുടര്‍ന്ന് ഇരുവിഭാഗത്തിലെയും ആളുകളെ വിശദമായി പരിശോധിച്ചു. രണ്ട് കൂട്ടരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി കണ്ടെത്താന്‍ സാധിച്ചു. അതേസമയം, പൂന്തോട്ടനിര്‍മ്മാണത്തിൽ ഏർപ്പെട്ട ആളുകള്‍ക്ക് രണ്ടാമത്തെ വിഭാഗത്തേക്കാള്‍ ഉത്കണ്ഠ കുറഞ്ഞതായും കണ്ടെത്തി. കുറച്ച് കൂടി വലിയ വിഭാഗം ആളുകളില്‍ പഠനം നടത്താന്‍ സാധിച്ചാല്‍ ഇതിനേക്കാള്‍ മികച്ച ഫലം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. എന്തുകൊണ്ടാണ് ചെടികള്‍ക്ക് മനുഷ്യന്റെ ആരോഗ്യത്തെ സ്വാധീനിക്കാന്‍ സാധിക്കുന്നത്? മനുഷ്യന്റെ പരിണാമത്തിലും മറ്റും ചെടികള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായത് കൊണ്ടായിരിക്കാം ഇതെന്ന് ഗവേഷകര്‍ പറയുന്നു.
ഗാര്‍ഡനിംഗ് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തും എന്ന കണ്ടെത്തല്‍ 19-ാം നൂറ്റാണ്ട് മുതല്‍ നിലവിലുള്ളതാണ്. മനുഷ്യന്‍ തന്റെ എല്ലാ ആവശ്യങ്ങള്‍ക്കും സസ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഭക്ഷണത്തിന്, പാര്‍പ്പിടത്തിന് തുടങ്ങി നിലനില്‍പ്പിന് ആവശ്യമായ എല്ലാത്തിനും നാം ചെടികളെ ആശ്രയിക്കുന്നു. പഠന വിധേയരായ പല സ്ത്രീകളും പൂന്തോട്ട നിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പലര്‍ക്കും മികച്ച അനുഭവമാണ് ഈ ദിവസങ്ങളില്‍ ഉണ്ടായതെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.