തിരുവാതിര ആഘോഷം ഇന്ന്; ധനുമാസത്തിലെ തിരുവാതിര നാളിന്റെ പ്രത്യേകത എന്ത്?
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവാതിര നാളിൽ പാർവതി പരമേശ്വരന്റെ അനുഗ്രഹത്തിനായി സ്ത്രീകൾ വ്രതം അനുഷ്ഠിക്കും. പുലർച്ചെ കുളി കഴിഞ്ഞ് വ്രതാനുഷ്ഠാനം തുടങ്ങും.
ഇന്നാണ് ധനുമാസത്തിലെ തിരുവാതിര നാൾ. ക്ഷേത്രങ്ങളിലും ഇല്ലങ്ങളിലും വീടുകളിലും വിവിധ ചടങ്ങുകൾ നടക്കും. ശിവ - പാർവതിമാരെ ബന്ധപ്പെട്ടുള്ളതാണ് തിരുവാതിര ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രം പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. തിരുവാതിര നാളിൽ പാർവതി പരമേശ്വരന്റെ അനുഗ്രഹത്തിനായി സ്ത്രീകൾ വ്രതം അനുഷ്ഠിക്കും. പുലർച്ചെ കുളി കഴിഞ്ഞ് വ്രതാനുഷ്ഠാനം തുടങ്ങും. പ്രഭാത ഭക്ഷണം കുവ്വ പായസവും പഴവും ആണ്. ഉച്ചയ്ക്ക് ഗോതമ്പ് കഞ്ഞിയും കിഴങ്ങു വർഗങ്ങൾ കൊണ്ടുള്ള പുഴുക്കും. രാത്രി ചായയും പലഹാരവും ആണ് കഴിക്കുക.
പഴയകാലത്തെ പല ആഘോഷങ്ങളും ഇന്നില്ലെങ്കിലും ചിലയിടങ്ങളിൽ ആചാരം പോലെ തിരുവാതിരക്കളി അരങ്ങേറും. വിവാഹിതർ ദീർഘ മാംഗല്യത്തിനും പെൺകുട്ടികൾ ഉത്തമ പങ്കാളിയെ ലഭിക്കാനുള്ള പ്രാർഥനയോടെയുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. ദാമ്പത്യ ഭദ്രതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവാതിര വ്രതം. രജസ്വലയായ കന്യകയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതത്തെ പൂത്തിരുവാതിര എന്നും വിവാഹിതയായ യുവതിയുടെ ആദ്യ വ്രതത്തെ പുത്തൻ തിരുവാതിര എന്നുമാണ് വിളിക്കുന്നത്.
തിരുവാതിരകളി
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും ആഘോഷമാണ് തിരുവാതിര. മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ശിവക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നു.
advertisement
ഐതിഹ്യം
പരമശിവനും ശ്രീപാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് ധനുമാസത്തിലെ തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്. ദക്ഷയാഗത്തിൽ ക്ഷണിക്കാതെ തന്നെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി പാർവതിയായി പുനർജനിച്ച്, ശ്രീപരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി മഹാദേവനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, താരകാസുരന്റെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന മാനിച്ച് കാമദേവൻ പുഷ്പബാണം അയക്കുകയും ശിവന്റെ യോഗനിദ്രക്ക് ഭംഗം വരുകയും ചെയ്തു. അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു.
advertisement
ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാർവ്വതി ദേവിയോട് പരാതിപ്പെടുകയും ചെയ്യുന്നു. രതീദേവിയുടെ വിലാപത്തിൽ ദുഖിതരായ ശ്രീപാർവതിയും ദേവസ്ത്രീകളും നോമ്പെടുത്ത് പരമശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. അതൊരു മകയിരം നാളിൽ ആയിരുന്നു. തുടർന്ന് അദ്ദേഹം പാർവതീദേവിയിൽ അനുരക്തനാകുകയും ഭഗവതിയെ അർദ്ധാംഗിനിയായി സ്വീകരിക്കുകയും ചെയ്യുന്നു.
ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.
advertisement
തന്റെ പരമഭക്തയായ യുവതിയുടെ ഭർത്താവ് അകാലത്തിൽ മരിച്ചത് അറിഞ്ഞ ശ്രീപാർവതി യുവതിയുടെ നിലവിളി കേട്ടു മനസ്സലിയുകയും, മൃത്യുഞ്ജയനായ ശ്രീപരമേശ്വരനോട് പരിഭവം പറയുകയും ചെയ്തു. എന്നാൽ ഇത് കർമഫലമാണെന്നു ശിവൻ പറയുകയും അതേത്തുടർന്ന് ഭഗവതി പിണങ്ങി കൈലാസം വിട്ടു പോകാൻ തുനിയുകയും ചെയ്തു. ഉടൻ തന്നെ മഹാദേവൻ യമനെ വിളിച്ചു യുവതിയുടെ ഭർത്താവിന്റെ ജീവൻ തിരികെ നൽകാൻ ആജ്ഞാപിക്കുകയും ചെയ്തു. തുടർന്ന് ദമ്പതികളെ ശിവപാർവ്വതിമാർ അനുഗ്രഹിക്കുന്നു. അന്ന് ഒരു ധനുമാസത്തിലെ തിരുവാതിരനാൾ ആയിരുന്നു. ഇതാണ് മറ്റൊരു ഐതിഹ്യം.
advertisement
തിരുവാതിരവ്രതം ഇഷ്ടവിവാഹത്തിനും ദമ്പതികൾക്ക് ഉത്തമദാമ്പത്യത്തിനും വേണ്ടി ആണെങ്കിൽ മകയിരം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും പുണർതം വ്രതം സഹോദരങ്ങൾക്ക് വേണ്ടിയും ആകുന്നു. ഇങ്ങനെ കുടുംബാംഗങ്ങളുടെ ദീർഘായുസിനും ആപത്തിൽ രക്ഷക്കും വേണ്ടി ആണ് തിരുവാതിരവ്രതം നോൽക്കുന്നത് എന്നാണ് വിശ്വാസം. രേവതിനാൾ മുതലാണ് തിരുവാതിരവ്രതം ആരംഭിക്കുന്നത്. തിങ്കളാഴ്ച നോയമ്പും ഉത്തമ ദാമ്പത്യത്തിന് വേണ്ടിയുള്ള ശിവസന്നിധിയിൽ അർപ്പിക്കുന്ന സമാനമായ മറ്റൊരു വ്രതമാണ്.
ചരിത്രം
തിരുവാതിര ആഘോഷം സംഘകാലത്തുതന്നെ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. നല്ലാണ്ടുവനാരുടെ ‘പരിപാടൽ‘ എന്ന കൃതിയിൽ, വൈഗൈ നദിയിൽ തിരുവാതിര ദിവസം യുവതികൾ തുടിച്ചുകുളിക്കുന്നതിനെപ്പറ്റി വർണിച്ചിട്ടുണ്ട്. പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന തിരുവാതിര ദിവസം ബ്രാഹ്മണർ ഭൂമിയുടെ ഫലസമൃദ്ധിക്കു വേണ്ടി മന്ത്രോച്ചാരണം നടത്തുകയും, യുവതികൾ ഇഷ്ടപ്പെട്ട ഭർത്താവിനെ ലഭിക്കാൻ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു എന്നാൺ പറയപ്പെടുന്നത്. എന്നാൽ ഇന്നു തമിഴ്നാട്ടിൽ ഈ രീതിയിൽ തിരുവാതിര ആഘോഷിക്കുന്നില്ല. ആ പാരമ്പര്യം കേരളമാൺ തുടർന്നുവരുന്നത്.
advertisement
‘അംബാവാടൽ‘ എന്നും ഈ ആഘോഷത്തിനു പേരുണ്ട്. അതായത് അംബയെ-ദേവിയെ ആരാധിച്ചുകൊണ്ടുള്ള ആഘോഷം. ‘മാർഗഴി നീരാടൽ‘ എന്നും തിരുവാതിര ആഘോഷത്തെ വിളിച്ചിരുന്നു. ആണ്ടാൾ എഴുതിയ ‘തിരുപ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് വൈഷ്ണവരും, മാണിക്യവാസകർ എഴുതിയ ‘തിരുവെമ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് ശൈവരും തിരുവാതിര ആഘോഷിക്കുന്നു. ഒന്ന് കൃഷ്ണന്റെ പ്രേമത്തിനു വേണ്ടിയും വരണ്ട ഭൂമിയിൽ മഴ ലഭിക്കുവാന് വേണ്ടിയും ആണെങ്കിൽ മറ്റേത് ദേവിപൂജ നടത്തികൊണ്ട് ഇഷ്ടകാമുകനുവേണ്ടി പ്രാർത്ഥിക്കുന്ന ഗാനമാണ്.
ആഘോഷം എങ്ങനെ?
രേവതി നാൾ മുതൽ ആണ് ശരിക്കും തിരുവാതിര ആഘോഷങ്ങൾ തുടങ്ങുന്നത്. ഒരാഴ്ച അതിരാവിലെ കുളത്തിൽപ്പോയി തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ. വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലും മകീര്യം ദിവസം രാത്രി നായർ സമുദായക്കാരുടെ ചോഴിക്കളി ഉണ്ടാകും.
advertisement
പ്രധാന വിഭവങ്ങള്‍
തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്. പുരാതനമായ ആചാരങ്ങളിൽ അക്കാലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്നു. തിരുവാതിര ആഘോഷിക്കുന്ന കാലം വൃശ്ചികം - ധനു മാസങ്ങൾ കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ് കാലമായതിനാലായിരിക്കണം ഓരോ ദിവസവും ഓരോ കിഴങ്ങുവർഗ്ഗമാണ് ഈ ആഘോഷത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്. എട്ടങ്ങാടി ചുടൽ എന്ന ചടങ്ങിലും കിഴങ്ങുവർഗ്ഗങ്ങളുടെ പ്രാധാന്യം കൂടുതലായി കാണപ്പെടുന്നു. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്. ഏഴരവെളുപ്പിന് ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ
മകയിരം നാളിൽ ആണ് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതിൽ കടല, ചെറുപയർ, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്‍, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ വേവിച്ചെടുത്തും, കിഴങ്ങുകൾ ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശർക്കര( വെല്ലം) പാവ് കാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞിട്ട്, എള്ള്, തേൻ, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേർത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. മകയിരം നാളിൽ ഇലക്കുമ്പിൾ കുത്തി, അതിൽ ഇളനീർ നൈവേദ്യം കഴിച്ചതിന് ശേഷം എട്ടങ്ങാടി കഴിക്കുകയാണ് പതിവ്.
തിരുവാതിര വ്രതം
ഉമാമഹേശ്വരപ്രീതിയെ ഉദ്ദേശിച്ചുള്ള വ്രതമാണ് ആർദ്രാ വ്രതം അഥവാ തിരുവാതിരനോമ്പ്. തിരുവാതിര നാൾ തുടങ്ങുന്ന മുതൽ തീരുന്നതുവരെയാണ് നോമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല. (ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കമൊഴിക്കൽ) വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻ തിരുവാതിര അഥവാ പൂതിരുവാതിര. ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടിൽ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടൽ. “ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാൻ പോരുന്നുണ്ടോ തോഴിമാരേ“ എന്ന് പാടി , “പത്താനാം മതിലകത്ത്“ എന്ന് വരെ പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടിൽ എത്തി പൂച്ചൂടി വരികയാണ് പതിവ്.
തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്. തിരുവാതിര തീരുന്ന സമയം കഴിഞ്ഞാൽ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്. ഭഗവാനു നൂറ്റെട്ട് വെറ്റില നേദിച്ച് ഭർത്താവും ഭാര്യയും കൂടെ തിരുവാതിരനാളിൽ കഴിച്ചു തീർക്കുന്ന ഏർപ്പാടും ഉണ്ട്. മറ്റു പല ശേഷദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളിൽ ഊഞ്ഞാൽ കെട്ടാറുണ്ട്.
തുടിച്ചു കുളി
കുമാരിമാരുടേയും മംഗല്യവതികളായ സ്ത്രീകളുടെയും ഉത്സവമാണ് തിരുവാതിര. തിരുവാതിരക്ക് പത്തുനാൾ മുമ്പേ സ്ത്രീകൾ വ്രതാനുഷ്ഠനങ്ങൾ ആരംഭിക്കും. ബ്രാഹ്മമുഹൂർത്തത്തിൽ സ്ത്രീകൾ അടുത്തുള്ള പുഴയിൽ പോയി ഗംഗ ഉണർത്തുപാട്ടു പാടി, ഗംഗയെ ഉണർത്തി തുടിച്ചു കുളിക്കുന്നു. തുടിയും കുളിയും തിരുവാതിരയുടെ ഒരു ചടങ്ങാണ്. വെള്ളം തട്ടിത്തെറിപ്പിച്ച് പ്രത്യേകതരം ശബ്ദമുണ്ടാക്കുന്നതിനെ തുടി എന്ന് വിശേഷിപ്പിക്കുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച്, നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ട് കുറിയിട്ട് കുങ്കുമം കൊണ്ട് മംഗല്യതിലകം ചാർത്തി ദശപുഷ്പം ചൂടുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 20, 2021 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
തിരുവാതിര ആഘോഷം ഇന്ന്; ധനുമാസത്തിലെ തിരുവാതിര നാളിന്റെ പ്രത്യേകത എന്ത്?







