• HOME
  • »
  • NEWS
  • »
  • life
  • »
  • താലിബാനികൾ പേറുന്ന ‘ഗുണവും ദോഷവും’; താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാൻ സ്ത്രീകളെ കാത്തിരിക്കുന്നതെന്ത്?

താലിബാനികൾ പേറുന്ന ‘ഗുണവും ദോഷവും’; താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാൻ സ്ത്രീകളെ കാത്തിരിക്കുന്നതെന്ത്?

താലിബാൻ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു തങ്ങളുടെ “മിതവാദി” ഭരണ വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ചത്

  • Share this:
    വിദുഷി സാഗർ

    താലിബാന്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയത്. അന്ന് അവര്‍ പറഞ്ഞത്, മിതവാദി നയമാണ് അവര്‍ സ്വീകരിക്കുക എന്നാണ്. എന്നാല്‍ എണ്ണമറ്റ യുദ്ധങ്ങളില്‍ നാനാവശേഷമായ ആ രാജ്യത്തെ സ്ത്രീകള്‍ക്ക് അറിയാമായിരുന്നു അവര്‍ അവകാശപ്പെടുന്നത് പോലെയല്ല സംഭവിക്കാന്‍ പോകുന്നതെന്ന്.

    താലിബാന്റെ മുന്‍കാലങ്ങളിലെ ഭരണ സമയത്ത്, അഫ്ഗാന്‍ സ്ത്രീകളില്‍ അവര്‍ നല്‍കിയ ശാരീരികവും, മാനസികവും, സാമ്പത്തികവുമായ മുറിവുകളുടെ ഇനിയുമുണങ്ങാത്ത പാടുകള്‍ പേറുന്നത് അഫ്ഗാനിസ്ഥാനിലെ സ്ത്രീ ജനതയാണ്.സെപ്റ്റംബര്‍ ആദ്യ വാരം താലിബാന്‍, അഫ്ഗാനിസ്ഥാന് വേണ്ടി തങ്ങളുടെ പുതിയ ‘സംരക്ഷക സര്‍ക്കാര്‍’ എന്ന തന്ത്രവുമായി എത്തിയിരുന്നു. പ്രസ്തുത തന്ത്രം ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടാന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു.

    ഭരണം സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യത്തെ മാധ്യമ കൂടിക്കാഴ്ചയില്‍ താലിബാൻ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു തങ്ങളുടെ “മിതവാദി” ഭരണ വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ചത്. എന്തൊക്കെ ആണെങ്കിലും, ഭരണത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 1996 മുതല്‍ 2001 വരെയുള്ള താലിബാനികളുടെ അഫ്ഗാന്‍ ഭരണകാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തെത്തിയിട്ടുണ്ട്.

    അഫ്ഗാനിസ്ഥാനില്‍ നിലവിലുണ്ടായിരുന്ന സ്ത്രീകള്‍ക്കായുള്ള മന്ത്രാലയത്തെ, തങ്ങളുടെ എക്കാലത്തെയും വിവാദപരമായ, സദാചാര പോലീസ് സ്വഭാവമുള്ള ‘സദ്ഗുണ’ പ്രചാരക - ‘ദുര്‍ഗുണ’ നിരോധന മന്ത്രാലയമായി പുനഃസ്ഥാപിച്ചിരിക്കുകയാണ്.ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം താലിബാന്റെ തിരിച്ചു വരവോടെയാണ് ഈ മന്ത്രാലയം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ മുന്‍കാല ചരിത്രങ്ങള്‍ ഒട്ടും പ്രോത്സാഹനജനകമല്ല. താലിബാന്‍ സംഘത്തിന്റെ, കര്‍ക്കശമായ വ്യാഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കാന്‍ തെരുവില്‍ റോന്തു ചുറ്റുന്ന സദാചാര പോലീസിന്റെ മുൻകാല  ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്.

    എന്താണ് സദ്ഗുണ - ദുര്‍ഗുണ മന്ത്രാലയം ചെയ്തിരുന്നത്?ഏകപക്ഷീയമായ അതിക്രമങ്ങളുടെ കുപ്രസിദ്ധ ചിഹ്നമായി അന്ന് സദ്ഗുണ, ദുര്‍ഗുണ വകുപ്പ് മാറിയിരുന്നു. പ്രത്യേകിച്ച്, അഫ്ഗാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങളില്‍. അതായിരുന്നു താലിബാന്റെ ഏറ്റവും ഭയപ്പെടുത്തിയിരുന്ന സ്ഥാപനം.റോയിട്ടേഴ്‌സിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും എതിരെ നിയന്ത്രണങ്ങള്‍ ആക്രമണാത്മകമായി നടപ്പാക്കുന്നതിനായാണ് വകുപ്പ്. ഇവരെ പരസ്യമായി അടിക്കുകയും തടവിലാക്കുകയും ചെയ്തത്. താലിബാന്‍ നിര്‍വചിച്ചിരുന്ന ഇസ്ലാമിക നിയന്ത്രണങ്ങള്‍ (ഹനഫി തത്വങ്ങള്‍) നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആയിരുന്നു അത്.

    താലിബാന്റെ മതപരമായ പോലീസുകാര്‍ തെരുവുകളില്‍ മിന്നല്‍ പരിശോധന നടത്തുകയും, ശരിയായി വസ്ത്രം ധരിക്കാത്ത സ്ത്രീകളെയും, തെരുവില്‍ വെച്ച് പാട്ട് കേട്ടവരെയും മർദ്ദിക്കുകയും തടവിലിടുകയും ചെയ്തു.കൈത്തണ്ട, കൈകള്‍, കണങ്കാലുകള്‍ തുടങ്ങിയ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സുതാര്യവും അപര്യാപ്തവുമായ സോക്‌സുകള്‍ ധരിച്ച സ്ത്രീകളെയും, അടുത്ത ബന്ധത്തിലുള്ള പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തു പോയ സ്ത്രീകളെയും വകുപ്പധികാരികള്‍ പരസ്യമായി ശിക്ഷിക്കുകയുണ്ടായി.

    സ്ത്രീകള്‍ തങ്ങളുടെ പെണ്‍മക്കളെ വീട്ടില്‍ തന്നെ വിദ്യാഭ്യാസം നേടുന്നതിനായി പഠിപ്പിക്കുകയോ, ജോലി ചെയ്യുകയോ, ഭിക്ഷാടനം നടത്തുകയോ ചെയ്യുന്നത് നിരോധിച്ചു. താടി വടിച്ചതിന് പുരുഷന്മാരെയും മര്‍ദ്ദിക്കുകയുണ്ടായി.അതിന്റെ സൈന്യം തെരുവുകളില്‍ റോന്തു ചുറ്റല്‍ നടത്തുകയും തെരുവുകളില്‍ സംഗീതം കേള്‍ക്കുന്ന ആളുകളെയും, മുഴുവന്‍ ശരീരവും മൂടുന്ന തരത്തിലുള്ള ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെയും പെണ്‍കുട്ടികളെയും മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട സ്ത്രീകളെ കല്ലെറിയുന്നത് പോലെയുള്ള ഇസ്ലാമിക നിയമങ്ങള്‍ നടത്തുന്ന ചുമതല ഈ മന്ത്രാലയത്തിനായിരുന്നു.താലിബാന്‍ ഭരണം അട്ടിമറിക്കപ്പെട്ടതോടോയാണ് അന്നത് പിരിച്ച് വിട്ടത്.

    എന്നാൽ യാഥാസ്ഥിതികതയുടെ പരസ്യ പിന്തുണക്കാരനും, അഫ്ഗാനിസ്ഥാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ഫസൽ ഹാദി ഷിൻവാരി 2003 ൽ ഇത് വീണ്ടും പുനഃസ്ഥാപിക്കുകയും, അതിനെ ഹജ്ജ്, മതകാര്യ മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. രസകരമെന്നു പറയട്ടെ, ഭരണ വ്യവസ്ഥയുടെ പതനത്തിനുശേഷം, മന്ത്രാലയത്തിന്റെ പുനർനിർമ്മാണത്തിനുള്ള ആവശ്യങ്ങൾ അഫ്ഗാനിസ്ഥാനിൽ വീണ്ടും വീണ്ടും ഉയർന്നു വരുകയുണ്ടായി. 2006ൽ പ്രസിഡന്റ് ഹമീദ് കർസായിയുടെ മന്ത്രിസഭ വകുപ്പ് പുനഃസ്ഥാപിക്കാനുള്ള ഒരു നിർദ്ദേശം അംഗീകരിക്കുകയുണ്ടായി.

    മനുഷ്യാവകാശ വിദഗ്ധർ ഈ നടപടി തീർത്തും അപലപനീയമാണന്നാണ് അന്ന് പ്രതികരിച്ചത്.അന്നത്തെ സമയത്ത്, മദ്യം, മയക്കുമരുന്ന്, കുറ്റകൃത്യം, അഴിമതി, എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വകുപ്പിന്റെ മേൽനോട്ടം വഹിക്കുന്ന ഹജ്ജ്, മതകാര്യ മന്ത്രി നെമത്തുള്ള ഷഹ്‌റാനി അന്ന് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, അഫ്ഗാനിസ്ഥാനിലെ കുറ്റകൃത്യ നിയമങ്ങൾ ഇതിനകം തന്നെ ഈ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. ഏതാണ്ട് അതേ സമയത്ത് തന്നെയാണ് അഫ്ഗാനിസ്ഥാനിലെ ഉലേമ കൗൺസിലും കർസായിയോട് വീണ്ടും വകുപ്പ് പുനഃസ്ഥാപിക്കാൻ നിർദ്ദേശിച്ചത്.

    ഇപ്പോൾ എന്താണ് അതിന് ചെയ്യാൻ സാധിക്കുക?

    തങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവാദം ഇല്ലാത്തതിനാല്‍, വ്യക്തി വിവരങ്ങള്‍ പുറത്തു വിടില്ല എന്ന ഉറപ്പില്‍ രണ്ട് താലിബാന്‍ അംഗങ്ങള്‍ പറഞ്ഞത്, പുനഃസംഘടിപ്പിക്കപ്പെട്ട സര്‍ക്കാര്‍ സംവിധാനത്തിന്റെ മേല്‍നോട്ടം വഹിക്കാനായി നിയുക്തനായ, മന്ത്രി മുഹമ്മദ് ഖാലിദ്, ഒരു മതപരമായ നിയമങ്ങളുടെ വിദഗ്ദനാണന്ന്, ഇവരെ ഉദ്ധരിച്ച് വാഷിങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. “മന്ത്രാലയത്തിന് അതിന്റേതായ ഉദ്യോഗസ്ഥര്‍ ഉണ്ടാകും എന്നാല്‍ അവര്‍ പട്ടാളമോ പോലീസോ ആയിരിക്കില്ല,” എന്ന് അവരില്‍ ഒരാള്‍ പറഞ്ഞു.

    “മന്ത്രാലയം അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കുന്നതേ ഉള്ളു. അതിന്റെ ദൗത്യം ഇസ്ലാമിന്റെ സദ്ഗുണങ്ങളെക്കുറിച്ചും അനുശാസനങ്ങളെക്കുറിച്ചും ഉദ്‌ബോധനം ചെയ്യുകയും, അതു പോലെ ജനങ്ങളെ ദുഷ്പ്രവൃത്തികളില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നതുമാണ്,” അയാള്‍ പറഞ്ഞു. ‘അത് അത്യന്താപേക്ഷികമായ ഒരു മന്ത്രാലയമാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.താലിബാൻ, അഫ്ഗാനിസ്ഥാൻ ഏറ്റെടുക്കാൻ തുടങ്ങിയ നാൾ മുതൽ  സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, പൗരന്മാർ, എന്നിവർക്ക് നേരെയുള്ള അവരുടെ അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ധാരാളമായി പുറത്തു വരുന്നുണ്ട്.

    കാബൂൾ താലിബാനികൾക്ക് മുന്നിൽ മുട്ടു കുത്തിയതിന് ശേഷവും, അവർ സംരക്ഷണങ്ങളെക്കുറിച്ച് ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയിരുന്നുവെങ്കിലും, സ്ത്രീകൾ ഇപ്പോൾ അവരുടെ പുരുഷ സഹപ്രവർത്തകരോടൊപ്പം ജോലി ചെയ്യുന്നതിൽ നിന്നും പുരുഷന്മാരോടൊപ്പം പഠിക്കുന്നതിൽ നിന്നും വിലക്കപ്പെട്ടിരിക്കുകയാണ്.സ്കൈ ന്യൂസിന്റെ ഒരു റിപ്പോർട്ടിൽ, അഫ്ഗാൻ അഭിഭാഷകൻ നജ്ല അയൗബി തീവ്രവാദ ഗ്രൂപ്പിന്റെ സ്ത്രീകളോടുള്ള അതിക്രമങ്ങളുടെ ഭീകരമായ അനുഭവങ്ങൾ വിവരിച്ചിരുന്നു. വടക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ പോരാളികൾക്ക് മോശമായി പാചകം ചെയ്തെന്ന് കുറ്റത്തിന് അവർ ഒരു സ്ത്രീയെ അഗ്നിക്കിരയാക്കിയതായി നജ്ല ആരോപിക്കുന്നു.

    “അവർക്ക് ഭക്ഷണം നൽകാനും, ഭക്ഷണം പാകം ചെയ്യാനും അവർ ആളുകളെ നിർബന്ധിക്കുന്നു. കൂടാതെ, ധാരാളം യുവതികളെയാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലൈംഗിക അടിമകളായി ഉപയോഗിക്കാൻ പെട്ടികളിലാക്കി അയൽ രാജ്യങ്ങളിലേക്ക് അയച്ചത്,” എന്നും അവർ കൂട്ടിച്ചേർത്തു.താലിബാൻ, രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ഒരു അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയെ അവരുടെ ടിവി സ്റ്റേഷനിൽ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കിയിരുന്നു. സഹായം അഭ്യർത്ഥിച്ചു കൊണ്ട് പുറത്തു വന്ന ഒരു വീഡിയോയിൽ, പ്രശസ്ത വാർത്താ അവതാരകയായ ശബ്നം ദാവ്റാൻ പറഞ്ഞത്, “ഭരണ വ്യവസ്ഥ മാറിയതിന് ശേഷവും ഞാൻ പിൻമാറാൻ തയ്യാറായിരുന്നില്ല. ഞാൻ എന്റെ ഓഫീസിൽ ജോലിയ്ക്ക് പോയി, എന്നാൽ നിർഭാഗ്യവശാൽ എന്റെ ഓഫീസിലെ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും അവർ എന്നെ ജോലിയ്ക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല" എന്നാണ്.

    “പുരുഷന്മാരായ ഓഫീസ് കാർഡുകൾ ഉള്ള ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നു, പക്ഷേ ഭരണ വ്യവസ്ഥ മാറിയതിനാൽ എനിക്ക് എന്റെ ജോലി തുടരാനാകില്ലെന്ന് അവർ പറഞ്ഞു.” തുടർന്ന് ദാവ്റാൻ കാഴ്ചക്കാരോട് അപേക്ഷിച്ചു: “എന്റെ വാക്കുകൾ കേൾക്കുന്നവരേ, ലോകം എന്റെ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ദയവായി അറിയൂ, ഞങ്ങളുടെ ജീവൻ അപകടത്തിലാണ്, ദയവായി ഞങ്ങളെ സഹായിക്കൂ.”രണ്ട് താലിബാനോ?തടസ്സപ്പെട്ട വൈദ്യ സഹായങ്ങളും തകർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയും കാരണം മനുഷ്യത്തപരമായ പ്രതിസന്ധികൾ നേരിട്ട താലിബാൻ സർക്കാർ, നേരത്തെ സ്ത്രീകളോട് പൊതുജനാരോഗ്യ വകുപ്പിലെ ജോലിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു.

    അതേസമയം, മറ്റ് പല സാഹചര്യങ്ങളിലും സ്ത്രീകൾ അവരുടെ ഓഫീസുകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പ്രസ്തുത സാഹചര്യങ്ങൾ രണ്ട് താലിബാൻമാർ നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തെ പ്രസക്തമാക്കുന്നു: ഒന്ന് പൊതുവിടങ്ങളിലും, മറ്റൊന്ന് ഭരണത്തിലും.വിദേശ നയത്തിനെക്കുറിച്ചുള്ള റിപ്പോർട്ട് അനുസരിച്ച്, ഇപ്പോൾ അവസാനിച്ച യുദ്ധത്തിന്റെ സമയത്ത് വിദേശത്ത് കഴിഞ്ഞിരുന്ന താലിബാന്റെ ഉയർന്ന ശ്രേണിയിലുള്ള അംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്, തങ്ങളെ അനുകമ്പയുള്ളവരും നിയമസാധുതയുള്ള പരിഷ്കൃതരായ ഭരണാധികാരികളുമായി അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയെടുക്കാനാണ് അവരുടെ ശ്രമം.

    നിലവിൽ അഫ്ഗാനിസ്താൻ ഭരിക്കുന്ന മുഴുവൻ താലിബാനികൾക്കും ഒരേ അഭിപ്രായമാണോ, അതോ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നത നില നിൽക്കുന്നുണ്ടോ എന്നത് മാത്രമാണ് ഇപ്പോൾ വ്യക്തതകുറവുള്ള കാര്യം. താലിബാന്റെ സംഘടനയ്ക്ക് ഉള്ളിൽ ഇനി വരാനിരിക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ, ആരുടെ നേതൃത്വത്തിൽ പരിഹരിക്കപ്പെടും എന്നുള്ളതും കാത്തിരുന്ന് അറിയണം.

    പൊതുമായ പുരോഗതി നഷ്ടപ്പെടാനുള്ള സാധ്യത എത്രത്തോളമാണ്?

    ഈ റിപ്പോർട്ടിൽ നേരത്തെ സൂചിപ്പിച്ചതുപോലെ, അഫ്ഗാനിസ്ഥാനിലെ ഈ സദ്ഗുണ – ദുർഗുണ മന്ത്രാലയം തിരികെ വരാൻ ആഗ്രഹിക്കുന്ന ഒരേയൊരു സംഘം ആളുകളല്ല താലിബാനികൾ. 2006ൽ അന്നത്തെ, ഹജ്ജ്, മതകാര്യ ഉപമന്ത്രി ഗാസി സുലൈമാൻ ഹമീദ് ആർഎഫ്ഇ/ആർഎൽ ന്റെ റേഡിയോ ഫ്രീ അഫ്ഗാനിസ്ഥാനുമായുള്ള അഭിമുഖത്തിൽ ഈ വകുപ്പിനെ പ്രതിരോധിച്ചു സംസാരിച്ചിരുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പുതിയ വകുപ്പ് താലിബാൻ കൈകാര്യം ചെയ്ത വകുപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.“ഇസ്ലാമിനെ കുറിച്ചുള്ള താലിബാന്റെ വ്യാഖ്യാനം, മറ്റ് ഇസ്ലാമിക ലോകത്തിന്റെ വ്യാഖ്യാനത്തിൽ നിന്ന് വ്യത്യസ്തമാണ്,” അദ്ദേഹം പറഞ്ഞു. “ഗുണങ്ങൾ പോത്സാഹിപ്പിക്കുന്നു എന്നും ദുഷ്പ്രവൃർത്തികൾ തടയുന്നു എന്നുമുള്ള ന്യായത്തിന്റെ പേരിൽ — പാപം ചെയ്യാനോ മറ്റുള്ളവരെ ഉപദ്രവിക്കാനോ ഉള്ള— അവകാശം ആർക്കുമില്ല. വിദ്യാഭ്യാസം, അധ്യാപനം, പ്രോത്സാഹനം, തുടങ്ങി ഏത് മാർഗ്ഗങ്ങളിലൂടെയും ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുക എന്നത് മാത്രമാണ് മത പുരോഹിതന്മാരുടെ ആവശ്യം.

    അതിനർത്ഥം മുൻകാലങ്ങളിലെ പോലെ, [നിയമലംഘകർക്കെതിരെ] ഇവ നടപ്പിലാക്കാൻ [പ്രത്യേക] പോലീസും തടങ്കലുകളും ഉണ്ടാകും എന്നല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു ജനാധിപത്യ സർക്കാരിന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ അവരുടെ വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലകളിലും വൻ കുതിച്ചുചാട്ടങ്ങൾ നടത്തിയിട്ടുണ്ട്. താലിബാൻ അതിന്റെ നിയമങ്ങൾ പിൻവലിച്ചതോടെ, അഫ്ഗാനിസ്ഥാൻ കൂടുതൽ കർക്കശമായ ചിന്താഗതികൾക്ക് അനുസൃതമായി മാറിക്കഴിഞ്ഞു. സദാസമയവും സദാചാര പോലീസിംഗിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു രാജ്യമായി അഫ്ഗാനിസ്ഥാൻ മാറുമെന്ന ഭീതി നിലനിൽക്കുമ്പോൾ, സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച തത്വങ്ങളിലും ഭയത്തിന്റെ കരിനിഴൽ വീണിരിക്കുകയാണ്.
    Published by:Karthika M
    First published: