പ്രണയത്തിന്‍റെ പൂക്കാലം തുടങ്ങുന്നതെപ്പോൾ?
Last Updated:
അറുപതു വയസ്സ് കഴിയുന്നവര്‍ക്ക് രതി/ലൈംഗിക ആനന്ദം പാടുണ്ടോ എന്നതാണ് ചിലരുടെ ചോദ്യങ്ങള്‍. ചോദ്യം നീളുന്നത് സ്വാഭാവികമായും സ്ത്രീകളുടെ നേര്‍ക്കാണ്
ശ്രീപാർവതി
അറുപത് വയസ് പ്രണയത്തിനു ഏതു ഇടത്തു വച്ചാണ് തടസ്സം പറയുന്നത്? മക്കളും മക്കളുടെ മക്കളും ഒക്കെ ആയി കാരണവന്മാര്‍ പൊതുവെ ജീവിതത്തെ വരണ്ട വേനലായി നോക്കിക്കാണുന്ന കാലമാണത് എന്നാണു ഭൂരിപക്ഷം അറുപതുകാരുടെയും അഭിപ്രായം, അതുകൊണ്ടു തന്നെ അറുപതു വയസ്സിലെ പ്രണയം എന്നൊക്കെ കേള്‍ക്കുമ്പോള്‍, അയ്യേ! എന്ന് മൂക്കത്ത് വിരല്‍ വയ്ക്കാതെ എന്ത് ചെയ്യാന്‍!
2003 ല്‍ പുറത്തിറങ്ങിയ ബാഗ്ബാന്‍ എന്ന അമിതാഭ് ബച്ചന്‍- ഹേമമാലിനി ചിത്രം പറയുന്ന കഥയെ എടുക്കാം. വയസ്സ് ചെന്നെങ്കിലും ഇപ്പോഴും അപൂര്‍വ്വമായ പ്രണയത്തില്‍ തുടരുന്ന രാജ് മല്‍ഹോത്രയും അദ്ദേഹത്തിന്റെ ഭാര്യ പൂജയും. മക്കളുടെ സന്തോഷത്തിനു വേണ്ടി വീട് വിട്ടു മക്കളുടെ ഒപ്പം ജീവിക്കാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ അതെ മക്കള്‍ തന്നെ അച്ഛനെയും അമ്മയെയും ഒന്നിച്ചു നോക്കാനുള്ള ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയാണ്. സ്‌നേഹമില്ലായ്മയുടെ വരണ്ട കാറ്റ് പിന്നെയവരുടെ ജീവിതത്തില്‍ നിര്‍ത്താതെ വീശിക്കൊണ്ടേയിരുന്നു. കാഴ്ചയുണ്ടായിട്ടും പലതും കണ്ടും കാണാതെയും ദിവസങ്ങള്‍ നീങ്ങുമ്പോള്‍ ഉള്ളില്‍ നിന്നും ഹൃദയം പറിഞ്ഞു പോകുന്ന വേദനയോടെ അവര്‍ വിരഹത്തെ സഹിക്കുന്നു. പക്ഷെ തരിമ്പും സ്‌നേഹമില്ലാത്ത മക്കള്‍ക്ക് വേണ്ടി എന്തിനിങ്ങനെ... വര്‍ഷങ്ങള്‍ക്കിപ്പുറം പൂജ രാജിന്റെ കൈകളില്‍ തല വച്ചുറങ്ങുമ്പോള്‍ സ്‌നേഹത്തിന്റെ ഒരു മഞ്ഞു മല ഉരുകിയൊലിച്ച് അവരെ നനയ്ക്കും പോലെ തോന്നും. മലയാളത്തിലും ഉണ്ടായിട്ടുണ്ട് ഇതേ ആശയം പേറുന്ന നിരവധി ചിത്രങ്ങള്‍. അച്ഛന്‍ കൊമ്പത്ത് 'അമ്മ വരമ്പത്ത് എന്ന സിനിമയും വേര്പിരിയപ്പെടുന്ന ദാമ്പത്യ കഥയെ കുറിച്ച് എഴുതി. പക്ഷെ എന്നിട്ടുമെന്നിട്ടും സ്വന്തം ജീവിതത്തിന്റെ പ്രണയാനന്ദം എത്ര ദമ്പതിമാര്‍ മനസ്സിലാക്കുന്നുണ്ടാവണം!
advertisement
അറുപതു വയസ്സ് കഴിയുന്നവര്‍ക്ക് രതി/ലൈംഗിക ആനന്ദം പാടുണ്ടോ എന്നതാണ് ചിലരുടെ ചോദ്യങ്ങള്‍. ചോദ്യം നീളുന്നത് സ്വാഭാവികമായും സ്ത്രീകളുടെ നേര്‍ക്കാണ്. പ്രസവവും കുടുംബത്തിന്റെ ഭാരവും പ്രായത്തിന്റെ വളര്‍ച്ചയും മെനോപ്പസ് കാലത്തിന്റെ ദേഷ്യവും ഉത്കണ്ഠയും മക്കളുടെയും മരുമക്കളുടെയും പ്രസവവും കുഞ്ഞുമക്കളെ വളര്‍ത്തലും എല്ലാം കൊണ്ടും ലൈംഗികത നാല്‍പ്പതു വയസു കഴിയുമ്പോള്‍ മരവിച്ചു പോയവരാകുന്നു സ്ത്രീകള്‍. ഭര്‍ത്താവിനോട് ചേര്‍ന്നു കിടക്കാനോ, ഒന്ന് കെട്ടിപ്പുണരാണോ മടി തോന്നും, അടുത്ത് കിടക്കുന്ന കുഞ്ഞു മക്കളെ കൊഞ്ചിച്ച് കൊഞ്ചിച്ച് ഉറങ്ങി പോകും. പ്രായമേറിയിട്ടും മോഹം വിടാതെ ഭര്‍ത്താവ് തൊടുമ്പോള്‍, പ്രായമേറിയെന്നു പറഞ്ഞു കണ്ണുരുട്ടും. പിന്നെ വികാര രഹിത ജീവിയെ പോലെ തിരിഞ്ഞു കിടന്നു ഉറക്കത്തിന്റെ അകത്തെ മുറികളിലേക്ക് മെല്ലെ കാലുകള്‍ നീട്ടി വയ്ക്കും.
advertisement
ആരാണ് പറഞ്ഞത് രതിയ്ക്ക് പ്രായം ബാധ്യതയാണെന്ന്?
സ്ത്രീയ്ക്ക് മാത്രം സ്വപ്നങ്ങള്‍ കാണാനും പ്രണയം മോഹിക്കാനും ആരാണ് തടസ്സം? ഇതിന്റെയെല്ലാം ഉത്തരം സ്വയമൊരുക്കുന്ന അതിര്‍ത്തികളുടെ ഭീതിപ്പാടുകള്‍ എന്നാണു. മനസിന്റെ കൗമാരകാലമാണ് വാര്ധക്യമെന്നാണ് ഓരോ അമ്മമാരെയും അച്ചന്മാരെയും പഠിപ്പിക്കേണ്ടത്. അറുപതു കഴിയുമ്പോഴാണ് സ്‌നേഹം പൂക്കുകയും അത് അതിന്റെ അനന്തമായ നീലാകാശത്തു ചേരുകയും ചെയ്യുന്നത്. ആകാശം അജ്ഞാതവും അനാദിയുമായി തുടരുന്നത് പോലെ നിത്യമായ സ്‌നേഹത്തില്‍ പെട്ട് മനസ്സുകളെ സ്വാതന്ത്രമാക്കുകയെ ചെയ്യേണ്ടതുള്ളൂ. വരണ്ട ജീവിതങ്ങള്‍ അവിടം മുതല്‍ ഇലഞ്ഞിക്കല്‍ പൂത്തു തുടങ്ങുകയും മുഖം അപ്പോള്‍ വിരിഞ്ഞ റോസാ പൂവ് പോലെ തുടുത്തിരിക്കുകയും ചെയ്യും.
advertisement
'ഓഹ്, കല്യാണമൊക്കെ കഴിഞ്ഞു, ഇനി ആരെ കാണാനാ ഒരുങ്ങുന്നതും, വൃത്തിയായി നടക്കുന്നതും?', ഇങ്ങനെ പറയുന്ന കുലധര്‍മ്മിണികളായ സ്ത്രീകളുടെ കാലം കഴിഞ്ഞു വരുകയാണ്, സ്മാര്‍ട്ട് ഫോണില്‍ യൂകാമും ഹൈ റെസ്ലയൂഷന്‍ കാമറ ഫോണുകളും ഒക്കെ വരുമ്പോള്‍ മുഖം മിനുക്കല്‍ ഭര്‍ത്താവിന് വേണ്ടി മാത്രമല്ലെന്നും സ്ത്രീകള്‍ക്ക് ബോധ്യപ്പെട്ടു വരുന്നുണ്ട്. പക്ഷെ അത് മറ്റാര്‍ക്കും വേണ്ടിയല്ലെന്നും അവനവന്റെ ആത്മവിശ്വത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണെന്നതുമാണ് അടിസ്ഥാനപരമായ സത്യം.
അറുപതു വയസ്സൊരു പൂക്കാവളം തന്നെയാണ്. പ്രണയത്തിനും അംഗീകാരത്തിനായി ആഞ്ഞു കുതിയ്ക്കുന്ന മനസ്സിന്റെ പൂക്കാലം . പക്ഷെ സദാചാരത്തിന്റെയും സാമൂഹിക പരിധികളുടെയും പാരമ്പര്യ ശീലങ്ങളുടെയും വാളുകള്‍ ഓരോ അറുപതുകാരുടെയും തലയ്ക്കു മുകളില്‍ തൂങ്ങി കിടപ്പുണ്ട് . ഇതിനെയൊക്കെ അതിജീവിച്ചാണ് അവര്‍ക്ക് പ്രണയിക്കേണ്ടതും ഇഷ്ടമുള്ള ഒരാള്‍ക്കൊപ്പം രതി ആസ്വദിക്കേണ്ടതും. ആ അതിജീവനം എന്നത് അത്രയെളുപ്പവുമല്ല. കാരണം പ്രണയത്തില്‍ തെരഞ്ഞെടുപ്പ് ഒരു വലിയ കഥ തന്നെയാണ്. പ്രണയിക്കപ്പെടാനും സ്വീകരിക്കപ്പെടാനുമുള്ള അമിതമായ ആഗ്രഹം തെരഞ്ഞെടുപ്പ് കുറച്ചു ലളിതമായ പ്രക്രിയ ആണെന്ന് തോന്നിപ്പിക്കുകയും ചെയ്യും.പക്ഷെ സോഷ്യല്‍ മീഡിയയും സ്മാര്‍ട്ട് ഫോണും വരുത്തി വയ്ക്കുന്ന അപകടം ഒരു അറുപതുകാരനെയും അറുപതുകാരിയെയും ഒഴിഞ്ഞു പോകുന്നില്ല. സ്ത്രീ ശരീരങ്ങള്‍ക്ക് അറുപതോ, പത്തോ എന്ന കണക്കുകള്‍ ബാധകമാകാതെ തന്നെ വലിയ വിലയാണ്. അവ ആര്‍ത്തി പുരണ്ട വിരലുകള്‍ക്കിടയിലൂടെ വിഷ്വലുകളായി കൈമാറപ്പെടുകയും സംസാരിക്കപ്പെടുകയും ചെയ്യും. പുരുഷന്‍ എന്നാല്‍ ലൈംഗിക അവയവം മാത്രമാണെന്ന തോന്നലുണ്ടാക്കി സ്ത്രീയുടെ മുഖവും ലൈംഗിക ആസ്വാദനവും പകര്‍ത്തി വന്‍ വിലയ്ക്ക് വിപണികളില്‍ കൈമാറപ്പെടും. അതുകൊണ്ടു തന്നെ ഏത് പ്രായത്തിലും തെരഞ്ഞെടുപ്പ് ഒരു പ്രധാന ഘടകമാകുന്നു. കുറഞ്ഞത് പ്രണയമെന്ന അനുഭവത്തെ അതെ ആത്മാര്‍ത്ഥതയോടെ സമീപിക്കുന്ന ഒരുവനെ മാത്രം സ്ത്രീകള്‍ ഇണകളാക്കുക! ലൈംഗികത എന്നത് പകര്‍ത്തി വയ്ക്കപ്പെടേണ്ട ഒന്നാണെന്ന പാഴ് ബോധം പേറുന്ന മനസ്സിന് ഒന്നേയുള്ളൂ അര്‍ഥം, അതിന്റെ വിപണി സാദ്ധ്യതകള്‍ ആ ചലിക്കുന്ന ചിത്രങ്ങളുടെ ഏതു വളവിലും ഒളിഞ്ഞിരിപ്പുണ്ട് എന്നത്.
advertisement
ഇതൊന്നും പ്രണയിക്കാന്‍ തടസ്സമോ, മറയോ ആകാന്‍ പാടില്ലാത്തതാകുന്നു. 'ഈയിടെ ഞാന്‍ ഞങ്ങളുടെ വീടിനടുത്തുള്ള പുഴയ്ക്കരികില്‍ പോയി ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം കൂടിയിട്ടുണ്ട്. ഒരിക്കല്‍ ക്രിസ്റ്റീന്‍ യാദൃശ്ചികമായി എന്നെ തിരഞ്ഞു വന്നപ്പോഴാണ് ഞാനവിടെ ഒറ്റയ്ക്കിരിക്കുന്നത് കണ്ടത്, അന്നവിടെ ആ ഏകാന്തമായ പുഴയുടെ തീരത്ത് വച്ച് ഞങ്ങള്‍ രതിയില്‍ ഏര്‍പ്പെട്ടു. ഞാന്‍ ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും മനോഹരമായ അനുഭവം അതായിരുന്നു, അപ്പോള്‍ എനിക്ക് പ്രായം അറുപത്തിയെട്ടും ക്രിസ്റ്റീന് എഴുപതും. ഇപ്പോള്‍ ഞങ്ങള്‍ പറുദീസയിലാണ്.' അമേരിക്കയിലുള്ള ഓള്‍ഗ എന്ന സ്ത്രീ സുഹൃത്തിന്റെ പ്രണയത്തെകുറിച്ചുള്ള വെളിപ്പെടുത്തല്‍. പേരക്കുട്ടികളും നടു ഓടിക്കുന്ന പണികളും ചുറ്റും കിടക്കുമ്പോഴും ഇത്രയും കാലം ഒപ്പം ജീവിതം ജീവിച്ച പ്രിയപ്പെട്ടൊരാള്‍ അടുത്തിരിക്കുന്നതിങ്ങനെ ഓര്‍മ്മിച്ച് ഇടയ്ക്കൊക്കെയും കസാലയില്‍ അയാള്‍ക്കൊപ്പം ചേര്‍ന്നിരുന്നു പ്രണയം കൈമാറുന്നതിന്റെ മനോഹാരിത മറ്റെന്തിനുണ്ടാവും! അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വയസ്സായവരുടെ പ്രണയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുന്നത് കാണാന്‍ എന്ത് ഭംഗിയാണ്! ശരിക്കും അറുപതു വയസ്സുകള്‍ക്കപ്പുറമാണ് ഒരു മനുഷ്യന്റെ യഥാര്‍ത്ഥ പ്രണയകാലം ആരംഭിക്കുന്നത്, അതാണ് സത്യം!
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 14, 2019 5:50 PM IST


