• HOME
  • »
  • NEWS
  • »
  • life
  • »
  • Mandaikadu Temple | കന്യാകുമാരിയിലെ മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രം 'സ്ത്രീകളുടെ ശബരിമല'യായത് എങ്ങനെ? അതിന് പിന്നിലെ ചരിത്രം

Mandaikadu Temple | കന്യാകുമാരിയിലെ മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രം 'സ്ത്രീകളുടെ ശബരിമല'യായത് എങ്ങനെ? അതിന് പിന്നിലെ ചരിത്രം

മണ്ടയ്ക്കാട് ഭഗവതിയുടെ പ്രത്യേകത, ഈ ഭഗവതി കുടിക്കൊള്ളുന്നത് ഒരു ചിതല്‍പ്പുറ്റിലാണെന്ന വിശ്വാസമാണ്. 15 അടി ഉയരമുള്ള ചിതല്‍പ്പുറ്റിന് മുകളില്‍ നിർമിച്ചിട്ടുള്ള ഭഗവതിയുടെ മുഖം ചന്ദനത്തടി കൊണ്ടുണ്ടാക്കിയതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

  • Share this:
    അര്‍ച്ചന ആര്‍

    'സ്ത്രീകളുടെ ശബരിമല' (Women's Sabarimala) എന്നറിയപ്പെടുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? തമിഴ്നാട്ടിലെ കന്യാകുമാരി (Kanyakumari) ജില്ലയില്‍ കുളച്ചലിന് സമീപം സ്ഥിതി ചെയ്യുന്ന മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രം (Mandaikadu Bhagavathi Amman Temple) സ്ത്രീകളുടെ ശബരിമല എന്നാണ് അറിയപ്പെടുന്നത്. കാമാച്ചി, മീനാക്ഷി, മാരി തുടങ്ങിയ ദേവതാ സങ്കല്‍പ്പങ്ങളും ബിംബങ്ങളും തമിഴ്നാട്ടില്‍ (Tamil Nadu( ധാരാളമുണ്ട്. തമിഴ്‌നാട്ടിലെ എല്ലാ ദേവതകള്‍ക്കും (Goddess) അതിന്റേതായ ചില സവിശേഷതകളുണ്ട്. മണ്ടയ്ക്കാട് ഭഗവതിയുടെ പ്രത്യേകത, ഈ ഭഗവതി കുടിക്കൊള്ളുന്നത് ഒരു ചിതല്‍പ്പുറ്റിലാണെന്ന വിശ്വാസമാണ്. 15 അടി ഉയരമുള്ള ചിതല്‍പ്പുറ്റിന് മുകളില്‍ നിർമിച്ചിട്ടുള്ള ഭഗവതിയുടെ മുഖം ചന്ദനത്തടി കൊണ്ടുണ്ടാക്കിയതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

    തമിഴ്‌നാട്ടിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളുടെയും ചരിത്രം വ്യക്തമാക്കുന്ന നിരവധി ലിഖിതങ്ങളും കൈയെഴുത്തുപ്രതികളും ഈ ക്ഷേത്രത്തിലുണ്ട്. മണ്ടയ്ക്കാട് പ്രദേശം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിബിഡവനമായിരുന്നതിനാല്‍, ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ തങ്ങളുടെ കന്നുകാലികളെ മേയ്ക്കാന്‍ ഇവിടെ എത്തിയിരുന്നു. ആടുകളുടെയും പശുക്കളുടെയും കൂട്ടങ്ങള്‍ എപ്പോഴും ഇവിടെ ഉണ്ടായിരുന്നതിനാല്‍ പ്രദേശത്തെ മന്തൈക്കാട് എന്നും കാലക്രമേണ അത് മണ്ടയ്ക്കാട് എന്നും വിളിക്കപ്പെട്ടു. ഈ പ്രദേശത്ത് ഭഗവതി ഒരു ചിതല്‍പ്പുറ്റിന്റെ രൂപത്തിൽ ഭക്തര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു.

    സ്ത്രീകളുടെ ശബരിമല എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?

    നിരവധി സ്ത്രീകള്‍, പ്രത്യേകിച്ച് മലയാളി സ്ത്രീകൾ 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ ശബരിമലയിലേതിന് സമാനമായ രീതിയിൽ 'ഇരുമുടിക്കെട്ട്' തലയിലേന്തി ദര്‍ശനം നടത്തുന്നു. അതിനാലാണ് ഈ ക്ഷേത്രത്തിന് 'സ്ത്രീകളുടെ ശബരിമല' എന്ന വിശേഷണം ലഭിച്ചത്. കേരളത്തിലെ ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ ഘടനയോട് സാമ്യമുള്ളതാണ് ഈ ക്ഷേത്രം.





    ശബരിമല അയ്യപ്പക്ഷേത്രത്തില്‍ പുരുഷന്മാര്‍ 41 ദിവസം വ്രതമെടുക്കുന്നത് പോലെ, എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തില്‍ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് കേരളത്തിലെ സ്ത്രീകള്‍ 41 ദിവസം ഭക്തിപൂര്‍വ്വം വ്രതമെടുത്ത് മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്.

    മണ്ടയ്ക്കാടിന്റെ ചരിത്രം

    കന്യാകുമാരി ജില്ലയിലെ 'മണ്ടയ്ക്കാട്' പണ്ട് കൊടുംവനമായിരുന്നു. കന്നുകാലികളെ മേയ്ക്കാന്‍ കൊണ്ടുവന്നതിനാല്‍ ഇത് 'മന്തൈക്കാട്' എന്നും അറിയപ്പെട്ടിരുന്നു. കാലക്രമേണ മന്തൈയ്ക്കാട്, മണ്ടയ്ക്കാട് ആയി മാറി. നേരത്തെ കോളറയും വസൂരിയും ഈ പ്രദേശത്തെ ഗ്രാമങ്ങളില്‍ വ്യാപകമായിരുന്നു. രോഗം ഭേദമാക്കാന്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. ഒരു ഘട്ടത്തില്‍ ഗ്രാമവാസികള്‍ മണ്ടയ്ക്കാടില്‍ നിന്ന് ഒഴിഞ്ഞു പോകാൻ തുടങ്ങി. ഐതിഹ്യങ്ങള്‍ അനുസരിച്ച്, ഒരിക്കല്‍ ആദിശങ്കരന്റെ ഒരു ശിഷ്യന്‍ കൈയില്‍ 'ശ്രീ ചക്രം' വഹിച്ചുകൊണ്ട് ഈ പ്രദേശത്ത് എത്തി. അദ്ദേഹം 63 കോണുകളുള്ള ആ ശ്രീ ചക്രത്തില്‍ ദിവസവും പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന്, അദ്ദേഹം തന്റെ 'ആത്മീയ' ശക്തിയാല്‍ ജനങ്ങളുടെ രോഗങ്ങള്‍ സുഖപ്പെടുത്തി. ഗ്രാമവാസികള്‍ ഈ സന്യാസി തങ്ങളെ സഹായിക്കാന്‍ വന്ന ദേവനാണെന്ന് വിശ്വസിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തു.



    വളരെക്കാലം അവിടെ താമസിച്ച സന്യാസി ജനങ്ങളുടെ അസുഖങ്ങള്‍ ഭേദമാക്കുകയും ഗ്രാമത്തിലെ കുട്ടികള്‍ക്ക് വിനോദത്തിനായി കളികള്‍ പഠിപ്പിക്കുകയും ചെയ്തു. കാലക്രമേണ സന്യാസി ശ്രീചക്രം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു ചിതല്‍പ്പുറ്റുണ്ടായി. അദ്ദേഹം ശ്രീചക്രം നിലത്ത് സ്ഥാപിച്ച് പൂജയിലും ധ്യാനത്തിലും മുഴുകി. പതിയെ അതിന് ചുറ്റും ചിതല്‍പ്പുറ്റുകള്‍ വളര്‍ന്നു. കുട്ടികള്‍ ധ്യാനത്തില്‍ നിന്ന് ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹം ആ സ്ഥലത്ത് 'ജീവസമാധി' (ദൈവത്തിലോ പരബ്രഹ്മത്തിലോ ലയിക്കുന്നുവെന്ന സങ്കല്‍പ്പം) ആയിത്തീര്‍ന്നുവെന്ന് പ്രദേശവാസികള്‍ക്ക് മനസ്സിലായത്. സന്യാസിയുടെ സമാധിയ്ക്ക് ശേഷവും അദ്ദേഹം സ്ഥാപിച്ച ശ്രീ ചക്രം ആ മണ്ണ് വിട്ടുപോയില്ല. ഇതറിഞ്ഞ, ഈ പ്രദേശം ഭരിച്ചിരുന്ന തിരുവതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ രാജാവ് അവിടെ ഒരു ക്ഷേത്രം പണിതു. തുടര്‍ന്ന് മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രത്തിന്റെ പ്രസിദ്ധി നാടൊട്ടുക്കും പരന്നുവെന്നാണ് പറയപ്പെടുന്നത്.





    ഇപ്പോഴും വിശ്വാസികള്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ ക്ഷേത്രത്തെ കാണുന്നത്. പാര്‍വ്വതി ദേവിയാണ് മണ്ടയ്ക്കാട് ഭഗവതി എന്നാണ് വിശ്വാസികള്‍ കരുതിപ്പോരുന്നത്. ഈ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന 'മണ്ടയപ്പം' എന്ന പ്രസാദം വളരെ പ്രശസ്തമാണ്. മാര്‍ച്ച് മാസത്തില്‍ നടക്കുന്ന 'കൊട മഹോത്സവം' (കൊടൈവിഴ) ആണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷം. കൊടൈവിഴയോടനുബന്ധിച്ച് വലിയ പടുക്ക, ഒടുക്കു പൂജ, ഏട്ടം കൊടൈ, ഭരണി കൊടൈ എന്നീ വിശേഷ പൂജകളും ഇവിടെ നടക്കാറുണ്ട്.

    എന്തുകൊണ്ട് സ്ത്രീകള്‍ മാത്രം?

    മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ ഇരുമുടിക്കെട്ടുമായി മലയാളി സ്ത്രീകൾ തീര്‍ത്ഥാടനത്തിന് എത്തുന്നതിനെക്കുറിച്ചും ഒരു ഐതീഹ്യമുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് മണ്ടയ്ക്കാട് പ്രദേശത്തൂടെ കടന്നുപോകുമ്പോള്‍ കേരളത്തില്‍ നിന്ന് എത്തിയ വിശന്നുവലഞ്ഞ ഒരു വ്യാപാരിക്ക് വിരുന്നൊരുക്കാന്‍ ഭഗവതി ഒരു വൃദ്ധയുടെ രൂപത്തില്‍ വന്നതായി വിശ്വസിക്കപ്പെടുന്നു. തന്റെ വിശപ്പകറ്റാന്‍ വൃദ്ധയുടെ രൂപത്തില്‍ വന്നത് ഭഗവതിയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ വ്യാപാരത്തില്‍ നിന്നുള്ള സമ്പാദ്യത്തിന്റെ ഒരു ഭാഗം തുണിയില്‍ കെട്ടി ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കി.



    പിന്നീട്, ആ വ്യാപാരി സ്വന്തം ദേശമായ കൊല്ലത്ത് മടങ്ങിയെത്തുകയും മണ്ടയ്ക്കാട് നടന്ന അത്ഭുതത്തെക്കുറിച്ച് ആളുകളോട് പറയുകയും ചെയ്തു. തുടര്‍ന്ന് ധാരാളം ആളുകള്‍ മണ്ടയ്ക്കാടിലേക്ക് തീര്‍ത്ഥാടനം നടത്തി. പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം നൽകിയ ഭഗവതി അമ്മന് പൊങ്കല്‍ പാകം ചെയ്യുന്നതിനായി സ്ത്രീകള്‍ ഇരുമുടിക്കെട്ടുമായിട്ടായിരുന്നു മണ്ടയ്ക്കാട് എത്തിത്തുടങ്ങിയത്. ഇരുമുടിയില്‍, ഒരു കെട്ടിനുള്ളില്‍ പൊങ്കലിന് വേണ്ട സാധനങ്ങളും മറ്റേ കെട്ടില്‍ പൂജയ്ക്ക് വേണ്ട സാധനങ്ങളുമായിരിക്കും ഉണ്ടായിരിക്കുക.

    ശബരിമല അയ്യപ്പ ക്ഷേത്രത്തിലും മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രത്തിലും ജാതിമത ഭേദമന്യേ ഭക്തര്‍ ദര്‍ശനം നടത്താറുണ്ട്. ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ നിശ്ചിത പ്രായത്തിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ വ്രതാനുഷ്ഠാനം കഴിഞ്ഞ് മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രത്തിലേക്ക് കൂടുതല്‍ സ്ത്രീകള്‍ 'ഇരുമുടിക്കെട്ടുമായി' തീര്‍ത്ഥയാത്ര നടത്തുന്നു.
    Published by:Rajesh V
    First published: