• HOME
 • »
 • NEWS
 • »
 • money
 • »
 • അമ്പത് ലക്ഷത്തിന്‍റെ കടം വീട്ടാൻ വീട് വിൽക്കാനൊരുങ്ങിയ ആൾക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചു

അമ്പത് ലക്ഷത്തിന്‍റെ കടം വീട്ടാൻ വീട് വിൽക്കാനൊരുങ്ങിയ ആൾക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചു

വീട് വിൽക്കുന്നതിനുള്ള ടോക്കൺ അഡ്വാൻസ് കൈപ്പറ്റാനിരുന്ന ദിവസം തന്നെയാണ് ലോട്ടറിയടിച്ചുവെന്ന വാർത്തയും ബാവ അറിഞ്ഞത്

 • Last Updated :
 • Share this:
  കാസർകോട്: അമ്പത് ലക്ഷത്തോളം വരുന്ന കടം വീട്ടാനായി വീട് വിൽക്കാൻ തീരുമാനിച്ചതായിരുന്നു മഞ്ചേശ്വരത്തെ പെയിന്‍റിങ് തൊഴിലാളിയായ പാവൂരിലെ മുഹമ്മദ് എന്ന ബാവ(50). വീട് വിൽക്കുന്നതിന്‍റെ അഡ്വാൻസ് തുക തിങ്കളാഴ്ച വാങ്ങാനിരുന്നതുമായിരുന്നു. എന്നാൽ ഞായറാഴ്ച നറുക്കെടുത്ത കേരള ഭാഗ്യക്കുറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ബാവയെ തേടിയെത്തിയതോടെ ജീവിതമാകെ മാറിമറിഞ്ഞു.

  വർഷങ്ങളോളം അധ്വാനിച്ച് ഉണ്ടാക്കിയ വീട് വിൽക്കാൻ തീരെ മനസില്ലായിരുന്നു. എന്നാൽ കടബാധ്യതയും ജപ്തിഭീഷണിയും പിടിമുറിക്കിയതോടെ മറ്റൊരു വഴിയും ഇല്ലാതായി. ഇതോടെയാണ് മനസില്ലാ മനസോടെ വീട് വിറ്റ് കടം തീർക്കാൻ ബാവ തീരുമാനിച്ചത്. എന്നാൽ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബാവയുടെ വിധി മാറ്റിമറിച്ചു.

  നാല് പെൺമക്കൾ ഉൾപ്പടെ അഞ്ച് മക്കളാണ് ബാവയ്ക്ക്. ഇതിൽ രണ്ടു പെൺമക്കളെ കല്യാണം കഴിപ്പിച്ചു വിട്ടു. പെൺമക്കളുടെ വിവാഹവും വീട് നിർമ്മാണവുമാണ് പെയിന്‍റിങ് തൊഴിലാളിയായ ബാവയെ 50 ലക്ഷത്തിന്‍റെ കടക്കാരനാക്കിയത്. മകൻ വിദേശത്തുപോകുന്നതിന്‍റെ വിസ ചെലവിനുള്ള പണം പലിശയ്ക്ക് കടംവാങ്ങിയാണ് കണ്ടെത്തിയതും. ഇതും വലിയ ബാധ്യതയായി മാറി. കടംവീട്ടാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടു സുഹൃത്തുക്കൾ സഹായിക്കാൻ മുന്നോട്ടുവന്നെങ്കിലും കടം വീട്ടാൻ അത് മതിയായിരുന്നില്ല.

  അങ്ങനെയാണ് വീട് വിൽക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് ബാവ എത്തിയത്. അതിനിടെ സ്ഥിരമായി ലോട്ടറി എടുക്കുന്ന ഹൊസങ്കിടിയിലെ അമ്മ ലോട്ടറി ഏജൻസിയിൽനിന്ന് എടുത്ത ടിക്കറ്റ് വഴി ഒരു കോടിയുടെ ഭാഗ്യമെത്തിയത്. വീട് വിൽക്കുന്നതിനുള്ള ടോക്കൺ അഡ്വാൻസ് കൈപ്പറ്റാനിരുന്ന ദിവസം തന്നെയാണ് ലോട്ടറിയടിച്ചുവെന്ന വാർത്തയും ബാവ അറിഞ്ഞത്. ഏതായാലും വീട് വിൽക്കാതെ തന്നെ കടബാധ്യത തീർക്കാമെന്ന ആശ്വാസത്തിലാണ് മുഹമ്മദ്.

  ഒരു കോടി ലോട്ടറിയടിച്ചിട്ടും അന്നമ്മയ്ക്ക് സന്തോഷമില്ല; നികുതിയടച്ച് വലഞ്ഞെന്ന് പരാതി

  ഒരു കോടി രൂപ ലോട്ടറിയടിച്ചിട്ടും കരയണോ ചിരിക്കണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണ് അന്നമ്മ എന്ന വീട്ടമ്മ. കോട്ടയം സ്വദേശിയായ അന്നമ്മയ്ക്ക് ഒരു വർഷം മുമ്പാണ് ഒരു കോടി രൂപ ലോട്ടറിയടിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ നറുക്കെടുത്ത ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ഇവർക്ക് ലഭിച്ചത്. എന്നാൽ സമ്മാനത്തുക കൈയിൽ ലഭിച്ചിട്ടും ഇപ്പോഴും നികുതി അടക്കേണ്ടിവരുന്ന അവസ്ഥയിലാണ് അന്നമ്മ.

  ലോട്ടറി അടിച്ചപ്പോൾ സന്തോഷത്തിലായിരുന്നു അന്നമ്മ. നികുതിയെല്ലാം കഴി‌ഞ്ഞ് ഒരു 60 ലക്ഷത്തിന് മുകളിൽ തുക കൈയ്യിൽ കിട്ടി. ജീവിത പ്രാരാബ്ധമായി വർഷങ്ങളോളം ഉണ്ടായിരുന്ന കടങ്ങളും മറ്റും വീട്ടി ബാക്കി തുക ട്രഷറിയിൽ സ്ഥിരം നിക്ഷേപമാക്കി. ഇതിന്‍റെ പലിശ ഉപയോഗിച്ചാണ് അന്നമ്മയുടെ ജീവിതം മുന്നോട്ടുപോകുന്നത്. എന്നാൽ ഇപ്പോൾ വീണ്ടും നികുതി അടയ്ക്കണമെന്ന നോട്ടീസ് ലഭിച്ചതോടെയാണ് ഈ വീട്ടമ്മ പരുങ്ങലിലായത്.

  ആദായനികുതി വകുപ്പിൽനിന്ന് ലഭിച്ച നോട്ടീസിൽ നാല് ലക്ഷം രൂപ സര്‍ ചാര്‍ജ് ആയി നികുതിയടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കടം വീട്ടിയതിന് ശേഷം ബാക്കിയുള്ള തുക സ്ഥിര നിക്ഷേപമായി ട്രഷറിയിൽ ഇട്ടിരിക്കുമ്പോഴാണ് ഇത്. സർചാർജ് അടയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് ഒരു വര്‍ഷം വൈകിയാണ് ലഭിച്ചത്. തിരുവനന്തപുരത്തെ ലോട്ടറി വകുപ്പിൽ അന്വേഷിച്ചപ്പോൾ, എല്ലാ നികുതിയും പിടിച്ച് ബാക്കി തുകയാണ് നൽകിയതെന്നാണ് അറിയിച്ചത്. അതുകൊണ്ടുതന്നെ എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് അന്നമ്മ.

  സർച്ചാർജ് നികുതി ജൂലൈ 31 നുള്ളിൽ അടയ്ക്കണം എന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അറിയിച്ചത്. എന്നാൽ ഇത്തരത്തിൽ സർച്ചാർജ് അടയ്ക്കുന്നതിനെ കുറിച്ച് തുക കൈപ്പറ്റുമ്പോൾ ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് അന്നമ്മ പറയുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ച് ഒരു അറിയിപ്പും നൽകുന്നില്ല. അതിനിടെ ഒരു വർഷം വൈകി നോട്ടീസ് ലഭിച്ചതുകൊണ്ട് പിഴയായി, കൂടുതൽ തുക നൽകേണ്ടിവരുമെന്നും അന്നമ്മയോട് ചിലർ പറഞ്ഞു. ഏതായാലും സർച്ചാർജ് അടയ്ക്കുന്നതിന് വേണ്ടി ട്രഷറിയിലെ നിക്ഷേപം കാലാവധി എത്തുന്നതിന് മുമ്പ് പിൻവലിക്കേണ്ട അവസ്ഥയിലാണ് അന്നമ്മ.
  Published by:Anuraj GR
  First published: