മുംബൈ: വർഷങ്ങളുടെ പാരമ്പര്യമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സേവനങ്ങളിലൊന്നാണ് ഇന്ത്യയുടേത്. രാജ്യത്തെ മികച്ച ഗതാഗത സംവിധാനമായി ഇവ മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോഴും ഇന്ത്യ ഗവൺമെന്റിന് കീഴിൽ അല്ലാത്ത ഒരു റെയിൽവേ ലൈൻ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലാണ് ഈ സ്വകാര്യ റെയിൽവേ ലൈൻ. ഇതിപ്പോഴും ബ്രിട്ടീഷ് കമ്പനിയ്ക്ക് കീഴിലാണ്. യാവത്മാലിനും മുർത്തിജാപൂരിനും ഇടയ്ക്കാണ് ഈ ലൈൻ. 190 കിലോമീറ്റർ ദൈർഘ്യമുള്ള ഈ നാരോ ഗേജ് അറിയപ്പെടുന്നത് ശകുന്തള റെയിൽവേസ് എന്നാണ്. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്താണ് ഈ ലൈൻ നിർമ്മിച്ചത്. 1952ൽ റെയിൽവേ ദേശസാൽക്കരിച്ചപ്പോൾ ഈ റൂട്ട് ഉൾപ്പെടുത്തിയിരുന്നില്ല. 19-ാം നുറ്റാണ്ടിൽ ബ്രിട്ടീഷ് കമ്പനി സ്ഥാപിച്ച ഈ ലൈൻ ഇപ്പോഴും അവരുടേതായി തന്നെ തുടരുന്നു.
കൂടാതെ ട്രെയിൻ സർവ്വീസ് നടത്തുന്നതിന് ഇന്ത്യാ ഗവൺമെന്റ് വർഷം തോറും 1 കോടി രൂപ വെച്ചാണ് കമ്പനിയ്ക്ക് നൽകുന്നത്. കില്ലിക്-നിക്‌സൺ എന്ന സ്വകാര്യ ബ്രിട്ടീഷ് കമ്പനിയാണ് ശകുന്തള റെയിൽവേസ് സ്ഥാപിച്ചത്. 1910ലായിരുന്നു ഈ ലൈൻ സ്ഥാപിച്ചത്.
Also read-വിശ്വാസം അതാണല്ലോ എല്ലാം ! കണ്ടക്ടറില്ല, ഡബിള്‍ ബെല്ലില്ല; അടിപൊളിയാണ് അനന്തപുരി ബസ്
ദിവസത്തിൽ ഒരു തവണ മാത്രം സർവ്വീസ് നടത്തുന്ന നാരോ ഗേജാണിത്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ യാവത്മാൽ മുതൽ അചൽപൂർ വരെയുള്ള ട്രെയിൻ യാത്രയ്ക്ക് ഏകദേശം 20 മണിക്കൂറാണ് വേണ്ടത്. ഈ രണ്ട് ഗ്രാമങ്ങളിലേയും ആളുകൾക്ക് ഒരു അനുഗ്രഹമാണ് ഈ പുരാതന റെയിൽവേ ലൈൻ. ഏകദേശം 150 രൂപയാണ് ഈ യാത്രയ്ക്കായി ചെലവാകുന്നത്. 1921ൽ മാഞ്ചസ്റ്ററിൽ നിർമ്മിച്ച ഇസഡ്ഡി എഞ്ചിനാണ് ഈ ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നത്.
1923 മുതൽ ഏകദേശം 70 വർഷക്കാലം ഈ എഞ്ചിനാണ് ശകുന്തള റെയിൽവേസിനായി ഉപയോഗിച്ചത്. പിന്നീട് 1994 ഏപ്രിൽ 15ന് ഡീസൽ മോട്ടോർ ട്രെയിനിൽ സ്ഥാപിച്ചു.
യാവത്മാലിലെ പരുത്തി മുംബൈ തീരത്തേക്ക് എത്തിക്കാൻ വേണ്ടിയാണ് ഈ നാരോ ഗേജ് ബ്രിട്ടീഷുകാർ പണിതത്.
നിരവധി പേരാണ് റെയിൽവേ ഗതാഗത മേഖലയിൽ ഇന്ന് പ്രവർത്തിക്കുന്നത്. അതേസമയം യാവത്മാൽ-മുർതിസ്പൂർ-അചൽപൂർ റെയിൽവേ ലൈനിനെ ബ്രോഡ്‌ഗേജ് ആക്കിയുയർത്തണമെന്ന് മുൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞിരുന്നു. ഇതിനായി 1500 കോടി രൂപ അദ്ദേഹം അന്നത്തെ ബജറ്റിൽ അനുവദിക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.