ഗോ ഫസ്റ്റ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാര്‍ക്ക് റീഫണ്ടിന് പകരം ക്രെഡിറ്റ് നോട്ടുകള്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നേരത്തെ ഗോ ഫസ്റ്റ് വിമാനത്തില്‍ ടിക്കറ്റ് എടുത്ത 55 യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടതിന് 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കാന്‍ വിസമ്മതിച്ച് കമ്പനി. ഇതിന് പകരം യാത്രക്കാര്‍ക്ക് ക്രെഡിറ്റ് നോട്ടുകളാണ് ഗോ ഫസ്റ്റ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇത് യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ ഗോഎയര്‍ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റിന് അടുത്തിടെ നിരവധി പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഇതേതുടര്‍ന്ന് വിവിധ റൂട്ടുകളിലുള്ള ഫ്ലൈറ്റുകൾ കമ്പനി റദ്ദാക്കി.
എന്നാൽ യാത്രകൾ മുടങ്ങി അസൗകര്യം നേരിട്ട യാത്രക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതായിരുന്നു ടിക്കറ്റിന് പകരം ക്രെഡിറ്റ് നോട്ട് നല്‍കുമെന്ന കമ്പനിയുടെ തീരുമാനം. എന്നാല്‍ എയര്‍ലൈനിന്റെ ഭാവി കണക്കിലെടുക്കുമ്പോൾ ക്രെഡിറ്റ് നോട്ട് അനുയോജ്യമായ ഒരു ബദലല്ലെന്ന് യാത്രക്കാര്‍ വാദിച്ചു.
ഫ്ലൈറ്റുകൾ ക്യാൻസലാക്കിയതിനാൽ മുഴുവന്‍ തുകയും റീഫണ്ടായി നല്‍കണമെന്നായിരുന്നു ഉപഭോക്താക്കളുടെ ആവശ്യം. എന്നാല്‍ ഗോ ഫസ്റ്റ് മാനേജ്മെന്റിന്റെ തീരുമാനം ഉപയോക്താക്കളെ പ്രകോപിപ്പിച്ചു. യാത്ര മുടങ്ങിയ നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
advertisement
ഉപയോക്താക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന്, സംഭവത്തില്‍ ഉടനടി നടപടിയെടുക്കാനും മാനേജ്‌മെന്റ് നിലപാട് പുനഃപരിശോധിക്കാനും ബാധിതരായ യാത്രക്കാര്‍ക്ക് ആവശ്യമായ റീഫണ്ട് നല്‍കാനും ഉപഭോക്തൃ അവകാശ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു.
അതേസമയം, റദ്ദാക്കിയ ഫ്‌ലൈറ്റുകള്‍ക്ക് പകരം ഉപഭോക്താക്കള്‍ക്ക് റീഫണ്ട് വാഗ്ദാനം ചെയ്യുന്നതിനുള്ള എയര്‍ലൈനുകളുടെ നിയമപരമായ ബാധ്യതകള്‍ എടുത്തുകാണിച്ചുകൊണ്ട് വ്യവസായ വിദഗ്ധരും രംഗത്തെത്തി. റീഫണ്ടുകള്‍ക്ക് പകരമായി ക്രെഡിറ്റ് നോട്ട് കൈപ്പറ്റാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. കാരണം അത് ഉപഭോക്താക്കളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്.
advertisement
യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു പരിഹാരം കണ്ടെത്താനുമുള്ള സമ്മര്‍ദ്ദത്തിലാണ് എയര്‍ലൈന്‍. ഉപയോക്താക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വിഷയത്തില്‍ എയര്‍ലൈന്‍ എങ്ങനെ പ്രതികരിക്കുമെന്നും യാത്രക്കാരുമായുള്ള തര്‍ക്കം എങ്ങനെ പരിഹരിക്കുമെന്നും കണ്ടറിയണം.
നേരത്തെ, വാഡിയ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ലൈനായ ഗോ ഫസ്റ്റിന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (ഡിജിസിഎ) 10 ലക്ഷം പിഴ ചുമത്തിയിരുന്നു. ജനുവരി 9ന് ബെംഗളുരുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകാനായി ഗോ ഫസ്റ്റ് വിമാനത്തില്‍ ടിക്കറ്റ് എടുത്ത 55 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പുറപ്പെട്ടത്. ഈ സംഭവത്തിലായിരുന്നു നടപടി.
advertisement
ബോര്‍ഡിംഗ് പാസെടുത്ത യാത്രക്കാര്‍ വിമാനത്തിലേയ്ക്ക് എത്താനുള്ള ബസിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരെ വിമാനത്തില്‍ കയറ്റാന്‍ എയര്‍ലൈന്‍ അധികൃതര്‍ മറന്നു. വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ പിന്നീട് മറ്റൊരു ഫ്ളൈറ്റിലാണ് യാത്ര നടത്തിയത്. യാത്രയ്ക്ക് മുമ്പുള്ള ഗ്രൗണ്ട് ഹാന്‍ഡിലിംഗില്‍ മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഡിജിസിഎ പിഴ ചുമത്തിയത്. പിന്നീട് തങ്ങള്‍ കാരണം ബുദ്ധിമുട്ടിയ യാത്രക്കാരോട് മാപ്പ് ചോദിച്ച് ഗോ ഫസ്റ്റ് അധികൃതര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 08, 2023 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഗോ ഫസ്റ്റ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാര്‍ക്ക് റീഫണ്ടിന് പകരം ക്രെഡിറ്റ് നോട്ടുകള്‍