Honda CB500Xന് ഇന്ത്യയിൽ വില കുറയുന്നു; ഒരു ലക്ഷം രൂപയോളം വിലക്കുറവിൽ ബൈക്ക് സ്വന്തമാക്കാം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2021 ഏപ്രില്‍ മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവിൽ ഹോണ്ട സിബി500എക്‌സിന്റെ 73 ബൈക്കുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്
മിഡ്-സെഗ്മെന്റ് അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിൾ വില്‍പ്പനയിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ഹോണ്ട (Honda) കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച സിബി500എക്‌സിന്റെ (CB500X) വില കുറച്ചു. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇന്ത്യന്‍ ഉപഭോക്താകള്‍ക്ക് താങ്ങാനാവുന്ന വിലയിൽ മോട്ടോർസൈക്കിൾ വിപണിയിൽ ലഭ്യമാക്കുകയാണ് ജാപ്പനീസ് കമ്പനിയുടെ ലക്ഷ്യം. നിലവിലെ വിലയില്‍ നിന്ന് 1.08 ലക്ഷം രൂപ കുറയ്ക്കാനാണ് തീരുമാനം. വിപണിയിൽ ആദ്യം അവതരിപ്പിച്ചപ്പോൾ 6.87 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ വില. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം താരതമ്യേന ഉയർന്ന വിലയായിരുന്നു ഇത്. വിലക്കുറവ് പ്രഖ്യാപിച്ചതോടെ ബൈക്കിന്റെ വില 5.79 ലക്ഷമായി കുറഞ്ഞു.
ഇന്ത്യന്‍ ഉപഭോക്താകള്‍ക്കിടയില്‍ ബൈക്കിന് ജനപ്രീതി നേടാന്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് കമ്പനി ഇപ്പോള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 മാര്‍ച്ചില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഈ ബൈക്ക് മോഡലിന്റെ വില്‍പ്പന തൃപ്തികരമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസത്തില്‍ 18 യൂണിറ്റ് മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിഞ്ഞത്. 2021 ഏപ്രില്‍ മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവിൽ ഹോണ്ട സിബി500എക്‌സിന്റെ 73 ബൈക്കുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്.
advertisement
സിബി500എക്സിന്റെ സവിശേഷതകളും വിലയിൽ വന്ന കുറവും കണക്കിലെടുക്കുമ്പോള്‍, സാഹസികമായ സവാരി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഏറ്റവും അനുയോജ്യമായ മോഡൽ തന്നെയാണിത്. 6,500 ആര്‍പിഎമ്മില്‍ 43.2 എന്‍എം ടോര്‍ക്കും 8,500 ആര്‍പിഎമ്മില്‍ 47 എച്ച്പി പവറും ഉല്‍പ്പാദിപ്പിക്കുന്ന 471.03 ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. നാല് വാല്‍വുകളുള്ള എഞ്ചിൻ ഫ്യൂവല്‍ ഇന്‍ജക്റ്റഡ് ആണ്. കൂടാതെ ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും വാഗ്ദാനം ചെയ്യുന്നു. സുഗമമായ ഗിയര്‍ ഷിഫ്റ്റിംഗിനായി അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും നല്‍കിയിട്ടുണ്ട്.
advertisement
ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഡ്യുവല്‍-ചാനല്‍ എബിഎസ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും ബൈക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. റൈഡറുടെ സുരക്ഷ കണക്കിലെടുത്ത്, ബൈക്കിന് 296 എംഎം ഫ്രണ്ട് ഡിസ്‌കുകളും 240 എംഎം പിന്‍ ഡിസ്‌കുകളും ഉള്ള കാര്യക്ഷമമായ ബ്രേക്കിംഗ് ഹാര്‍ഡ്വെയര്‍ ആണ് നല്‍കിയിരിക്കുന്നത്.
ഹാന്‍ഡില്‍ബാറും ഫുട്പെഗുകളും സൗകര്യപ്രദമായ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നതിനാല്‍, ദീര്‍ഘദൂര യാത്രകളില്‍ റൈഡര്‍ക്ക് അസ്വസ്ഥതയൊന്നും അനുഭവപ്പെടാന്‍ സാധ്യതയില്ല. ബൈക്കിന്റെ ബോഡി പാനലുകള്‍ മുതല്‍ സ്വിച്ച് ഗിയര്‍ വരെ പ്രീമിയം ഫിനിഷിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ സൗകര്യങ്ങളെല്ലാം ബൈക്കിന്റെ ഉയർന്ന വിലയെ ന്യായീകരിക്കുന്നതാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2022 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Honda CB500Xന് ഇന്ത്യയിൽ വില കുറയുന്നു; ഒരു ലക്ഷം രൂപയോളം വിലക്കുറവിൽ ബൈക്ക് സ്വന്തമാക്കാം