പുതിയ മൈക്രോ എസ്‌യുവിയായ എക്‌സ്റ്ററിന്റെ സുരക്ഷാ സവിശേഷതകൾ വെളിപ്പെടുത്തി ഹ്യുണ്ടായ്. എക്‌സ്‌റ്ററിന്റെ എല്ലാ വേരിയന്റുകളിലും ആറ് സ്റ്റാൻഡേർഡ് എയർബാഗുകൾ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സബ്-4 മീറ്റർ എസ്‌യുവിയായിരിക്കും എക്സ്റ്റർ. ഹ്യൂണ്ടായ് എക്‌സ്‌റ്ററിന്റെ മിഡ്, ടോപ്പ് വേരിയന്റുകളിൽ മൊത്തത്തിൽ 26 സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾ ഉണ്ടായിരിക്കും.
”ഒരു മുൻനിര സ്മാർട്ട് മൊബിലിറ്റി സൊല്യൂഷൻസ് ദാതാവ് എന്ന നിലയിൽ, ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണിത്. പുതിയതും നിലവാരമുള്ളതുമായ സുരക്ഷാ ഫീച്ചറുകളുമായാണ് ഹ്യൂണ്ടായ് എക്‌സ്‌റ്റർ വിപണിയിലെത്തുന്നത്. ആറ് സ്റ്റാൻഡേർഡ് എയർബാഗുകൾ ഉള്ള ഇന്ത്യയുടെ ആദ്യ സബ് 4-മീറ്റർ എസ്‌യുവിയാണ് ഹ്യൂണ്ടായ് എക്‌സ്‌റ്റർ ”, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് സിഒഒ തരുൺ ഗാർഗ് പറഞ്ഞു.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്‌എസി), ഡ്യുവൽ ക്യാമറയുള്ള ഡാഷ്‌ക്യാം, ടിപിഎംഎസ്, ബർഗ്ലർ അലാറം എന്നിവയാണ് ഹ്യൂണ്ടായ് എക്‌സ്‌റ്ററിലെ മറ്റ് സുരക്ഷാ ഫീച്ചറുകളിൽ ചിലത്. ഇതു കൂടാതെ, 3-പോയിന്റ് സീറ്റ് ബെൽറ്റ് & സീറ്റ്ബെൽറ്റ് റിമൈൻഡർ, കീലെസ്സ് എൻട്രി, പിൻ പാർക്കിംഗ് സെൻസറുകൾ, തുടങ്ങിയ സവിശേഷതകളും ഉണ്ടാകും.
ടോപ്പ് വേരിയന്റുകളിൽ ഹെഡ്‌ലാമ്പ് എസ്‌കോർട്ട് ഫംഗ്‌ഷൻ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റിയർ ഡീഫോഗർ, റിയർ പാർക്കിംഗ് ക്യാമറ എന്നിങ്ങനെയുള്ള നൂതന ഫീച്ചറുകൾ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hyundai