ബെംഗളുരൂ: അത്യാഡംബരവും സുഖപ്രദവുമായ 20 എസി
മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളുമായി കർണാടക ആർടിസി. ‘അംബാരി ഉത്സവ്’ എന്ന പേരുള്ള ബസിൽ ഒരേ സമയം 40 പേർക്ക് കിടന്നു യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഫെബ്രുവരി 21നു രാവിലെ പത്തിന് വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അംബാരി ഉത്സവ് ഫ്ലാഗ്ഓഫ് നിർവഹിക്കും.
എറണാകുളത്തേക്ക് രണ്ടും തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ ബസും സർവിസ് നടത്തും. എറണാകുളത്തേക്ക് 1,510 രൂപയും തൃശൂരിലേക്ക് 1,410 രൂപയും തിരുവനന്തപുരത്തേക്ക് 1,800 രൂപയുമാകും ടിക്കറ്റ് നിരക്കെന്നാണ് സൂചന. തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവിസുകൾ. ടിക്കറ്റ് നിരക്ക്, റൂട്ട്, സമയം തുടങ്ങിയ കാര്യങ്ങൾ പിന്നീടാണ് തീരുമാനിക്കുക.
Also read- കുഞ്ഞൻ കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് എസ്.യു.വി; അമ്പരന്ന് സോഷ്യൽ മീഡിയ
വോൾവോയുടെ ബി.എസ് 6 -9600 ശ്രേണിയിൽപെട്ട ബസാണിത്. ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർ, സുരക്ഷക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡർ, എ.ബി.എസ് ബ്രേക്ക്, 8 എയർ സസ്പെൻഷൻ സിസ്റ്റം, ട്യൂബ് ലെസ് ടയറുകൾ എന്നിവയുള്ള ബസുകൾ ക്ഷീണമില്ലാത്ത യാത്രയാണ് പ്രദാനം ചെയ്യുക. ഓരോ ബർത്തിലും റീഡിങ് എൽ.ഇ.ഡി ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയന്‍റ്, വിൻഡോ കർട്ടൻ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ റിസർവേഷനും ടിക്കറ്റ് നിരക്കും അടുത്ത ദിവസം പ്രഖ്യാപിക്കും.
കൂടുതൽ ബസുകൾ വരുന്നതോടെ മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽനിന്ന് എറണാകുളത്തേക്കും അംബാരി ഉത്സവ് സർവിസുകൾ ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി കേരള മേഖല ലെയ്സൺ ഓഫിസർ ജി. പ്രശാന്ത് പറഞ്ഞു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നോൺ എ.സി സ്ലീപ്പർ സർവിസും തുടങ്ങും. ചുരം പാതകളിലൂടെ പരീക്ഷണ ഓട്ടം വിജയിച്ചാൽ മലബാർ മേഖലയിലേക്കും മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകൾ ആരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.