ഇന്ത്യയിലെ 25 ഗ്രാമങ്ങളിലൂടെ ഈ ട്രെയിൻ 73 വർഷമായി ടിക്കറ്റ് ഇല്ലാതെ യാത്രക്കാരെ കൊണ്ട് പോകുന്നത് എന്തുകൊണ്ട്
- Published by:Sarika KP
- news18-malayalam
Last Updated:
കഴിഞ്ഞ 73 വർഷങ്ങളായി രാജ്യത്തെ ഒരു ട്രെയിൻ യാത്രക്കാർക്ക് സൗജന്യ യാത്രാസേവനം നൽകുന്ന കാര്യം എത്ര പേർക്കറിയാം?
ദിവസേന നിരവധി പേരാണ് ഇന്ത്യൻ റെയിൽവേയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും സൗകര്യപ്രദവും ചെലവു കുറഞ്ഞതുമായ യാത്രാ മാർഗങ്ങളിൽ ഒന്നാണിത്. യാത്രാനിരക്കുകൾ നിങ്ങൾ സഞ്ചരിക്കുന്ന ട്രെയിനിനെയും യാത്ര ചെയ്യുന്ന ദൂരത്തെയും ആശ്രയിച്ചിരിക്കും. കഴിഞ്ഞ 73 വർഷങ്ങളായി രാജ്യത്തെ ഒരു ട്രെയിൻ യാത്രക്കാർക്ക് സൗജന്യ യാത്രാസേവനം നൽകുന്ന കാര്യം എത്ര പേർക്കറിയാം? ലോകത്തിലെ തന്നെ ഏക സൗജന്യ ട്രെയിൻ കൂടിയാണ് ഇത്.
ഭക്ര ബിയാസ് മാനേജ്‌മെന്റ് റെയിൽവേ ബോർഡിന്റെ കീഴിലുള്ള ഭക്രാനംഗൽ ട്രെയിൻ ആണിത്. ഹിമാചൽ പ്രദേശ്, പഞ്ചാബ് അതിർത്തിയിലൂടെ ഭക്രയ്ക്കും നംഗലിനും ഇടയിൽ സഞ്ചരിക്കുന്ന ഈ തീവണ്ടി ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുമ്പോൾ സത്‌ലജ് നദിയും മുറിച്ചുകടക്കുന്നുണ്ട്.
300-ഓളം ആളുകൾ ഈ ട്രെയിൻ ദൈനംദിന ഗതാഗതത്തിനായി ഉപയോഗിക്കുന്നു. ഇരുപത്തിയഞ്ചോളം ഗ്രാമത്തിലെ ജനങ്ങൾ ഈ ട്രെയിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രധാനമായും വിദ്യാർത്ഥികളും തൊഴിലാളികളുമാണ് ഈ ഗതാഗതമാർഗം പ്രയോജനപ്പെടുത്തുന്നത്. ഭക്രയ്ക്കും നംഗലിനും ഇടയിലുള്ള തീവണ്ടിപ്പാതയുടെ നിർമാണം 1948-ലാണ് പൂർത്തിയായത്. ലോകത്തിലെ ഏറ്റവും ഉയർന്ന സ്‌ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്ര-നംഗൽ അണക്കെട്ട് നിർമിച്ചു കൊണ്ടിരുന്നപ്പോൾ അവിടുത്തെ പ്രദേശവാസികൾക്കും തൊഴിലാളികൾക്കും സഞ്ചരിക്കാൻ വേണ്ടിയാണ് ഇത് നിർമ്മിച്ചത്. 1963-ൽ അണക്കെട്ടിന്റെ നിർമാണം പൂർത്തിയായി. പിന്നീട് സഞ്ചാരികൾക്കും ദൈനംദിന യാത്രക്കാർക്കുമായി ഈ ട്രെയിൻ സേവനം തുടർന്നു. ഈ ട്രെയിനിൽ ടിടി ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത.
advertisement
ആദ്യം ഒരു സ്റ്റീം എഞ്ചിൻ ഉപയോഗിച്ചാണ് ഈ തീവണ്ടി ഓടിച്ചിരുന്നത്. എന്നാൽ 1953-ൽ അമേരിക്കയിൽ മൂന്ന് ആധുനിക എഞ്ചിനുകൾ കൊണ്ടുവന്ന്, സ്റ്റീം എഞ്ചിൻ മാറ്റിസ്ഥാപിച്ചു. അതിനുശേഷം, ഇന്ത്യൻ റെയിൽവേ ഈ എഞ്ചിന്റെ അഞ്ചോളം വകഭേദങ്ങൾ പുറത്തിറക്കിയിട്ടുണ്ട്, എന്നാൽ ട്രെയിനിന്റെ അറുപതു വർഷം പഴക്കമുള്ള എഞ്ചിൻ ഇപ്പോഴും ഉപയോഗത്തിലുണ്ട്.
ഈ തീവണ്ടിയുടെ ബോഗികളും പ്രത്യേകത ഉള്ളവയാണ്. കറാച്ചിയിൽ നിർമിച്ചതാണ് അവ. ട്രെയിനുള്ളിലെ സീറ്റുകൾ ബ്രിട്ടീഷ് കാലഘട്ടത്തിൽ രാജ്യത്തുണ്ടായിരുന്നു ഓക്കുമരങ്ങൾ കൊണ്ട് നിർമിച്ചവയാണ്. ഓരോ മണിക്കൂറിലും 18 മുതൽ 20 ലിറ്റർ വരെ ഇന്ധനം ആവശ്യമാണ് ഈ ട്രെയിനിന്. എന്നിട്ടും ഈ സേവനം സൗജന്യമായി തന്നെ മുന്നോട്ടു കൊണ്ടുപോകാൻ ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോർഡ് (ബിബിഎംബി) തീരുമാനിക്കുകയായിരുന്നു.
advertisement
ചെലവുകൾ താങ്ങാനാകാത്തതിനാൽ സൗജന്യ സേവനം അവസാനിപ്പിച്ചാലോ എന്ന് 2011-ൽ ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോർഡ് (ബിബിഎംബി) ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് ആ തീരുമാനം മാറ്റി. വരുമാനം ഉണ്ടാക്കുക എന്നതിനപ്പുറം വളരെ പ്രധാനപ്പെട്ട കാര്യമാണ് ജനങ്ങൾക്കായി ഈ ട്രെയിൻ സർവീസ് വഴി തങ്ങൾ ചെയ്യുന്നതെന്ന് മനസിലാക്കിയും പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്ന് തീരുമാനിച്ചും ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോർഡ് ഇന്നും ഈ സേവനം തുടരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 07, 2023 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഇന്ത്യയിലെ 25 ഗ്രാമങ്ങളിലൂടെ ഈ ട്രെയിൻ 73 വർഷമായി ടിക്കറ്റ് ഇല്ലാതെ യാത്രക്കാരെ കൊണ്ട് പോകുന്നത് എന്തുകൊണ്ട്