കൊച്ചി: സ്വന്തം കാറിൽ ‘കേരള സ്റ്റേറ്റ് 12’ എന്നെഴുതിയ നെയിംപ്ലേറ്റ് വെച്ചു സഞ്ചരിച്ചയാളെക്കുറിച്ച് അന്വേഷണം ശക്തമാക്കിയതായി പോലീസ്. കാക്കനാട് തേങ്ങോട് സ്വദേശി അജാസ് ഇ എ (36) ആണ് ഇക്കഴിഞ്ഞ ഒക്ടോബർ 30 ന് പോലീസ് പിടിയിലായത്. ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. അജാസിന്റെ ഇന്നോവയിൽ നിന്ന് കെഎൽ 11 എയു 1111 എന്ന രജിസ്‌ട്രേഷനിലുള്ള നമ്പർ പ്ലേറ്റ് പോലീസിന് ലഭിച്ചു.
‘കേരള സ്റ്റേറ്റ്’ നെയിംപ്ലേറ്റുകൾ മന്ത്രിമാർ മാത്രമാണ് ഉപയോഗിക്കുന്നത്. പോലീസിനെ കബളിപ്പിക്കാനും വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാനും വേണ്ടിയാണ് പ്രതി ഈ നെയിം പ്ലേറ്റ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. “പ്രതി ക്രിമിനൽ റെക്കോർഡ് ഉള്ളയാളാണ്. ഞങ്ങൾ അയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്”, ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നവംബർ 26 ന് ജില്ലാ സെഷൻസ് കോടതി അജാസിന് ജാമ്യം അനുവദിച്ചിരുന്നു. താൻ വ്യാജരേഖകൾ സൃഷ്ടിച്ചിട്ടില്ലെന്ന് ഇയാൾ കോടതിയെ അറിയിച്ചു. സിനിമകൾക്കായി താൻ വാഹനം വാടകയ്ക്കു നൽകാറുണ്ടെന്നും പ്രസ്തുത നെയിം ബോർഡ് തന്റെ വാഹനം ഏതെങ്കിലും ഷൂട്ടിങ്ങിന് ഉപയോഗിച്ചപ്പോൾ വെച്ചതാകാമെന്നും അജാസ് വാദിച്ചു. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ അജാസിനോട് കോടതി നിർദേശിച്ചു.
വിവാഹ പാർട്ടി സഞ്ചരിച്ച ആഡംബര കാറിന് മോട്ടർ വാഹന വകുപ്പ് പിഴ ചുമത്തിയ വാർത്ത ഇക്കഴിഞ്ഞ ജൂലൈയിൽ പുറത്തു വന്നിരുന്നു. രജിസ്ട്രേഷൻ നമ്പർ മറച്ചു വെച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമാണ് പിഴ ചുമത്തിയത്. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. വാഹനത്തിന്റെ ഉടമയ്ക്ക് 3250 രൂപയാണ് പിഴ ചുമത്തിയത്. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പര് പ്ലേറ്റുകളിൽ ‘ജസ്റ്റ് മരീഡ്’ എന്ന സ്റ്റിക്കറാണ് പതിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി അനുമോദ് കുമാറും എഎംവിഐ വിപിനും ഉൾപ്പെട്ട സംഘമാണ് കാറിനെ പിന്തുടർന്ന് പിഴ ചുമത്തിയത്.
വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയ വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേയ്ക്ക് വിദ്യാർഥികളുമായി വിനോദയാത്രക്ക് എത്തിയ സ്പാർടെൻസ് എന്ന ബസാണ് പിടിച്ചെടുത്തത്. നികുതി, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ ഒരു രേഖയുമില്ലാതെയാണ് കെ എല്‍ 74 3303 നമ്പര്‍ ടൂറിസ്റ്റ് ബസ് സര്‍വീസ് നടത്തിയത്. എല്ലാ രേഖകളുമുള്ള മറ്റൊരു ടൂറിസ്റ്റ് ബസിന്റെ നമ്പറിലായിരുന്നു ഈ ബസിന്റെ സര്‍വീസ്. യഥാര്‍ത്ഥ നമ്പര്‍ എഴുതിയത് മറച്ച് രേഖകളുള്ള ബസിന്റെ കെ എല്‍ 74 3915 എന്ന നമ്പറിലാണ് ബസ് ഓടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.