രാജ്യത്ത് ടാറ്റ ടിയാഗോ ഇവിയുടെ എല്ലാ വേരിയന്റുകളുടെയും വില ഉയർത്തി. ടാറ്റ ടിയാഗോ ഇവിക്ക് ഇപ്പോൾ 20,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്ത 20,000 ഉപയോക്താക്കൾക്ക് ആദ്യ വിലയിൽ തന്നെ കാർ നൽകാൻ ടാറ്റ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇനി മുതൽ പുതിയ വിലയ്ക്കായിരിക്കും കാറുകൾ ലഭിക്കുക.
നിലവിൽ വില പുതുക്കിയതോടെ ടാറ്റ ടിയാഗോ ഇവിയുടെ വില 8.69 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. “ഇലക്‌ട്രിക് വാഹന വിപണിയിലെ മുഖ്യധാരയിലുള്ളതു കൊണ്ട് തന്നെ ടിയാഗോ ഇവി വളരെ സ്പെഷ്യലാണ്. ഉപഭോക്താക്കളിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് കാറിന് ലഭിക്കുന്നത്. കാർ ആദ്യ ദിവസം തന്നെ 10,000 യൂണിറ്റുകൾ ബുക്ക് ചെയ്യുകയും ഒരു മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകൾ നേടുകയും ചെയ്തു “ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ മാർക്കറ്റിംഗ്, സെയിൽസ് ആൻഡ് സർവീസ് സ്ട്രാറ്റജി തലവൻ വിവേക് ശ്രീവത്സ പറഞ്ഞു.
അതേസമയം സാധാരണയായി കൂടുതൽ പ്രീമിയം കാറുകളിൽ ലഭ്യമാകുന്ന മികച്ച ഇൻ-ക്ലാസ് കണക്റ്റഡ് ഫീച്ചറുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ മോഡലാണ് ടാറ്റ ടിയാഗോ ഇവി. ഇതിന് ബാറ്ററി പാക്കുകളുടെ രണ്ട് ഓപ്ഷനുകളും നാല് വ്യത്യസ്ത ചാർജിംഗ് സൊല്യൂഷനുകളുമുണ്ട്. രണ്ട് ബാറ്ററി പായ്ക്കുകളും ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
കൂടാതെ ഏകദേശം 57 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഇതിന് സാധിക്കും. “ പ്രാരംഭ വില 10 ലക്ഷത്തിൽ താഴെ നിലനിർത്തിക്കൊണ്ട് ഉൽപ്പന്നം എല്ലാവർക്കും ലഭ്യമാക്കുകയും ഇവി വിപണിയെ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുമെന്ന ഞങ്ങളുടെ വാഗ്ദാനം ഇപ്പോൾ പാലിക്കുന്നുവെന്ന് ” വില വർദ്ധനവിനെക്കുറിച്ച് വിവേക് ശ്രീവത്സ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യയിൽ ഉപഭോക്താക്കൾക്ക് ഏറ്റവും താങ്ങാവുന്ന രീതിയിൽ ലഭ്യമാകുന്ന ഇലക്ട്രിക് കാർ എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം ടാറ്റ മോട്ടോര്‍സ് ടിയാഗോ ഇലക്‌ട്രിക് അവതരിപ്പിച്ചത്. നിലവിൽ ഓണ്‍ലൈനായോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളം ഉള്ള ടാറ്റയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ ടാറ്റ ടിയാഗോ ഇവി ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കൾക്ക് സാധിക്കും. വിപണിയില്‍ നിൽക്കുന്ന പെട്രോള്‍ പതിപ്പിന്റെ അതേ ഡിസൈനില്‍ തന്നെയാണ് ടാറ്റ ടിയാഗോ ഇവി കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ടീല്‍ ബ്ലൂ, ഡേടോണ ഗ്രേ, പ്രിസ്റ്റീന്‍ വൈറ്റ്, മിഡ്നൈറ്റ് പ്ലം, ട്രോപ്പിക്കല്‍ മിസ്റ്റ് എന്നീ നിറങ്ങളിൽ ടാറ്റ ടിയാഗോ ഇവി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.