ഹ്യൂണ്ടായിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്; രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർനിർമ്മാതാക്കളായി
- Published by:Anuraj GR
- news18-malayalam
Last Updated:
വർഷങ്ങളായി മാരുതി സുസുകി കഴിഞ്ഞാൽ ഏറ്റവുമധികം കാറുകൾ വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനനിർമ്മാതാക്കളെന്ന ഹ്യൂണ്ടായിയുടെ സ്ഥാനമാണ് ടാറ്റ കൈയടക്കിയത്
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിൽ ഒന്നായ ടാറ്റ മോട്ടോഴ്‌സ് 2022 ഡിസംബറിൽ രാജ്യത്ത് ഏറ്റവുമധികം കാറുകൾ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കമ്പനിയായി മാറി. 2021 ഡിസംബറിൽ 35,299 യൂണിറ്റ് കാറുകൾ വിറ്റിരുന്ന ടാറ്റ ഒരു വർഷത്തിനിടെ 13.44 ശതമാനം വാർഷിക വളർച്ച കൈവരിച്ച് 2022 ഡിസംബറിൽ 40,043 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു.
വർഷങ്ങളായി മാരുതി സുസുകി കഴിഞ്ഞാൽ ഏറ്റവുമധികം കാറുകൾ വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനനിർമ്മാതാക്കളെന്ന ഹ്യൂണ്ടായിയുടെ സ്ഥാനമാണ് ടാറ്റ കൈയടക്കിയത്. 2022 ഡിസംബറിൽ 38,831 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യൂണ്ടായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2022 ൽ ടാറ്റ മോട്ടോഴ്‌സ് ആകെ അഞ്ച് ലക്ഷത്തിലധികം കാറുകൾ വിറ്റഴിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ടാറ്റയുടെ വാർഷിക കാർ വിൽപന അഞ്ച് ലക്ഷം യൂണിറ്റ് പിന്നിടുന്നത്.
അതേസമയം, ഇന്ത്യൻ വാഹന വ്യവസായത്തിലെ വിൽപ്പന ചാർട്ടിൽ മാരുതി സുസുക്കി ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ഡിസംബറിലെ വിൽപനയിൽ മാരുതി സുസുകിക്ക് 9.9 ശതമാനത്തിലേറെ ഇടിവുണ്ടായെങ്കിലും 1,13,535 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021 ഡിസംബറിൽ മാരുതി 1,26,031 യൂണിറ്റുകൾ വിറ്റിരുന്നു. ഡിസംബറിലെ വിൽപനയിൽ ടയോട്ട കിർലോസ്ക്കറാണ് നാലാം സ്ഥാനത്ത്. 10,421 യൂണിറ്റ് കാറുകളാണ് 2022 ഡിസംബറിൽ ടയോട്ട വിറ്റഴിച്ചത്.
advertisement
രാജ്യത്തെ കാർവിൽപനയിൽ വൻ വർദ്ധനവാണ് 2022ൽ ദൃശ്യമായത്. മൊത്തത്തിൽ, ആഭ്യന്തര പാസഞ്ചർ കാർ വിൽപ്പന 2022ൽ 23 ശതമാനം വർധിച്ച് 37.93 ലക്ഷം യൂണിറ്റിലെത്തി. വാർഷിക വിൽപനയിൽ മാരുതി ഒന്നാം സ്ഥാനവും ഹ്യൂണ്ടായ് രണ്ടാം സ്ഥാനവും ടാറ്റ മൂന്നാം സ്ഥാനവും നിലനിർത്തി.
നെക്സോൺ, ആൾട്രോസ്, ടിയാഗോ, പഞ്ച് തുടങ്ങിയ മോഡലുകളുടെ വിൽപന ഉയർന്നതാണ് ടാറ്റയുടെ മുന്നേറ്റത്തിന് കാരണം. കൂടാതെ നെക്സോൺ, ടിഗോർ മോഡലുകൾ ഇവി പതിപ്പും ടാറ്റയുടെ കുതിപ്പിന് കരുത്ത് പകർന്നു. 2023ൽ ആൾട്രോസ് ഉൾപ്പടെ കൂടുതൽ ഇവി മോഡലുകൾ പുറത്തിറക്കി വിപണി കൈയടക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 03, 2023 2:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഹ്യൂണ്ടായിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്; രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർനിർമ്മാതാക്കളായി