• HOME
 • »
 • NEWS
 • »
 • money
 • »
 • സ്വർണക്കടത്തിൻ്റെ കതിരും പതിരും; കേരളത്തെ പിടിച്ചുകുലുക്കിയ കേസിന് ഇന്ന് ഒരാണ്ട്

സ്വർണക്കടത്തിൻ്റെ കതിരും പതിരും; കേരളത്തെ പിടിച്ചുകുലുക്കിയ കേസിന് ഇന്ന് ഒരാണ്ട്

ജൂലൈ 10ന് കേസന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി തൊട്ടടുത്ത ദിവസം ശിവശങ്കറിന്റെ വാടക  ഫ്ളാറ്റിൽ റെയ്ഡ് നടത്തി. അന്ന് രാത്രി 8.40ന് ബാംഗ്ലൂരിൽ ഒളിവിലായിരുന്ന സ്വപ്ന സുരേഷിനെയും സന്ദീപിനെയും എൻഐഎ സംഘം കസ്റ്റഡിയിലെടുത്തെന്ന വാർത്ത ന്യൂസ് 18 ലോകത്തെ അറിയിച്ചു

Gold_Smuggling

Gold_Smuggling

 • Share this:
  തിരുവനന്തപുരം: രണ്ടു രാജ്യങ്ങളുടെ നയതന്ത്ര ബന്ധം പോലും സംശയിക്കപ്പെട്ട, കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ പരസ്പരം കൊമ്പുകോർത്ത, സംസ്ഥാന മുഖ്യമന്ത്രിയിലേക്കും നിയമസഭാ സ്പീക്കറിലേക്കും മന്ത്രിമാരിലേക്കും ആരോപണമുയർന്ന അപൂർവങ്ങളിൽ അപൂർവമായ സ്വർണക്കടത്ത് കേസിന് ഇന്ന് ഒരാണ്ട്. 2020 ജൂലൈ അഞ്ചിന് ഉച്ചയോടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വൻ സ്വർണവേട്ടയുടെ വാർത്തകൾ പുറത്തു വരുന്നത്.

  കേരളത്തിലെ ഏറ്റവും വലിയ സ്വർണക്കവർച്ചയാണെന്ന വിവരത്തിനൊപ്പം കസ്റ്റംസ് അധികൃതർ നൽകിയ മറ്റൊരു സൂചനയാണ് കേസിന്റെ ഗതിയാകെ മാറ്റിയത്. സ്വർണം കടത്തിയത് അതീവ പ്രാധാന്യമുള്ള നയതതന്ത്ര ബാഗേജിലൂടെയാണെന്നും യു എ ഇ കോൺസുലേറ്റ് ജീവനക്കാരൻ കസ്റ്റഡിയിലാണെന്നുമായിരുന്നു വിവരം. കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസ് തുടങ്ങുന്നത് ഇങ്ങനെയാണ്.

  ജൂലൈ ആറിന്  സ്വർണക്കടത്തിന്റെ സൂത്രധാരിലൊരാൾ സർക്കാർ ജീവനക്കാരിയാണെന്ന വാർത്ത ന്യൂസ് 18 പുറത്തു വിടുന്നു. തൊട്ടുപിന്നാലെ സ്വപ്ന സുരേഷ് എന്ന കോൺസുലേറ്റിലെ മുൻ പിആർഒ ഒളിവിലെന്ന വാർത്തയും വന്നു. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കരനുമായി ബന്ധമുണ്ടെന്ന വാർത്തകളും വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമാക്കി കോൺഗ്രസും ബിജെപിയും ആരോപണങ്ങളുമായി രംഗത്തെത്തി. സ്വപ്ന സുരേഷ് ആരെന്നും എന്തെന്നും തിരക്കിപ്പോയ മാധ്യമങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. സ്‌പേസ് പാർക്കിലെ മാർക്കറ്റിംഗ് ലെയ്സൺ ഓഫീസറെന്ന സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡുമായി സ്വപ്ന സഞ്ചരിക്കാത്ത അധികാര ഇടനാഴികൾ അപൂർവം. സ്വപ്നയുടെ അസ്വഭാവിക സാന്നിധ്യത്തെക്കുറിച്ച് സൂചന നൽകിയ ഇന്റലിജൻസ് റിപ്പോർട്ട് പോലും പൂഴ്ത്താൻ കഴിവുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലെ ശക്തനാരെന്ന ചോദ്യം അവസാനിച്ചത് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിലായിരുന്നു. ജോലി ലഭിക്കാൻ സ്വപ്ന ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത്  നിന്നും മാറ്റി.

  യുഎഇ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ജൂലൈ എട്ടിന് കേസിൽ ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. ജൂലൈ 10ന് കേസന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി തൊട്ടടുത്ത ദിവസം ശിവശങ്കറിന്റെ വാടക  ഫ്ളാറ്റിൽ റെയ്ഡ് നടത്തി. അന്ന് രാത്രി 8.40ന് ബാംഗ്ലൂരിൽ ഒളിവിലായിരുന്ന സ്വപ്ന സുരേഷിനെയും സന്ദീപിനെയും എൻഐഎ സംഘം കസ്റ്റഡിയിലെടുത്തെന്ന വാർത്ത ന്യൂസ് 18 ലോകത്തെ അറിയിച്ചു. ഒന്നാം കോവിഡ് തരംഗത്തിന്റെ പ്രതിരോധത്തിൽ ലോകപ്രശംസ നേടി നിൽക്കുന്ന പിണറായി സർക്കാരിന് അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയുടെ നാളുകൾ. സെക്രട്ടേറിയേറ്റിന് ഉള്ളിൽപോലും എൻഐഎ സംഘം തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണം ഉന്നയിച്ച് പ്രതിപക്ഷം ആക്രമണം കടുപ്പിച്ചു. നിയമസഭാ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും മന്ത്രിയായിരുന്ന കെ ടി ജലീലും ആരോപണ മുനയിൽ.

  എൻഐഎയുടെയും കസ്റ്റംസിന്റെയും അന്വേഷണങ്ങളെ സ്വാഗതം ചെയ്തിരുന്ന സിപിഎമ്മും സർക്കാരും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്‌റെ വരവോടെ മലക്കം മറിഞ്ഞു. ഇഡിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പരസ്യ നിലപാടെടുത്തു. ജൂലൈ 14 ന് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ഒമ്പത് മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഇതിനിടെ സെപ്റ്റംബർ 11ന് ഇ ഡി ജലീലിനെ ചോദ്യം ചെയ്‌തെന്ന വാർത്തയും ന്യൂസ് 18 പുറത്തുവിട്ടു. സെപ്റ്റംബർ 17ന് പുലർച്ചെ സ്വകാര്യ കാറിൽ ജലീൽ എൻഐഎ ഓഫീസിലെത്തിയതും വലിയ വാർത്തയായി. ഒക്ടോബർ 28 ന് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തു.

  സർക്കാരിന്റെ സ്വപ്ന പദ്ധതികളായ കെ ഫോൺ, ലൈഫ് മിഷൻ എന്നിവയൊക്കെ സംശയത്തിന്റെ നിഴലിലായി. ലൈഫ് മിഷൻ അഴിമതിയിൽ ഇഡിക്ക് മുമ്പേ കേസ് രജിസ്റ്റർ ചെയ്ത് സംസ്ഥാന വിജിലൻസ് ഫയലുകൾ പിടിച്ചെടുത്തു. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നെന്ന സ്വപ്നയുടെ ശബ്ദസംഭാഷണം നവംബർ18ന് പുറത്തുവന്നു. മറ്റൊരു പ്രതിയായ സന്ദീപും സമാനമായ ആരോപണം ഉന്നയിച്ചു. ഇതോടെ ഇഡിക്കെതിരെ രണ്ടു കേസുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഏപ്രിൽ 16ന് എഫ് ഐ ആറുകൾ റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ സംസ്ഥാന സർക്കാർ നിയമിച്ച  ജുഡീഷ്യൽ കമ്മിഷൻ ഇപ്പോഴും അന്വേഷണം തുടരുകയാണ്. എൻഐഎ സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ നാലാംപ്രതി സന്ദീപ് നായർ മാപ്പ് സാക്ഷിയാണ്. സരിത്ത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയും ഉൾപ്പെടെ 20 പ്രതികളാണുള്ളത്. സ്വർണക്കടത്തിൽ കസ്റ്റംസിന്റെ അന്വേഷണം ഇപ്പോഴും നടക്കുകയാണ്. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നിവർക്കയച്ച കാരണം കാണിക്കൽ നോട്ടീസിലും മന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി ചേർന്ന് സ്വർണക്കടത്ത് നടത്തിയെന്ന് പറയുന്നുണ്ട്. രാജ്യാന്തര ബന്ധമുള്ള അന്വേഷണം കാലതാമസമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
  Published by:Anuraj GR
  First published: