റോസ്ബിൻ പിബി എന്ന 32 വയസുകാരൻ ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ 450 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ചെറിയ കൺവീനിയൻസ് സ്റ്റോറിന്റെ ഉടമയുമായി ചേർന്ന് ആരംഭിച്ച ഒരു ചെറിയ ബിസിനസിലൂടെ ആ പരിസരത്തുള്ള ഐടി ജീവനക്കാർക്കാവശ്യമുള്ള പലചരക്ക് സാധനങ്ങളും നിത്യോപയോഗ സാധനങ്ങളും ആ കടയിൽ നിന്ന് വാങ്ങാനുള്ള സൗകര്യമൊരുക്കി. കച്ചവടം കൊള്ളാവുന്ന രീതിയിൽ എത്തുന്നു എന്ന് മനസിലായതോടെ റോസ്ബിൻ കുറച്ച് പണം കടം വാങ്ങി ആ കട ഒന്നുകൂടി വിപുലീകരിച്ചു. അതിന് ശേഷം Dunzo യിൽ രജിസ്റ്റർ ചെയ്തു.
അതോടെ ഹൈപ്പർലോക്കൽ ഡെലിവറി സേവനത്തിലൂടെ ലഭിക്കുന്ന ഓർഡറുകളുടെ എണ്ണം മാസങ്ങൾക്കുള്ളിൽ പ്രതിദിനം 700 ആയി ഉയർന്നു. എന്നാൽ Dunzo അവിടെ തന്നെ അവരുടെ സ്വന്തം ഡാർക്ക് സ്റ്റോർ തുറക്കാൻ തീരുമാനിച്ചു. അതോടെ റോസ്ബിന്നിന്റെ ഓർഡറുകൾ 80 എണ്ണമായി കുറഞ്ഞു. Dunzo അവരുടെ സ്റ്റോറിന് ആയിരുന്നു മുൻഗണന നൽകിയിരുന്നത്. ഈ കമ്പനികൾ എന്ത് തീരുമാനിച്ചാലും അത് ഞങ്ങൾ അംഗീകരിക്കണം എന്നതാണ് അവസ്ഥ, നമുക്ക് വേറെ വഴിയില്ലെന്നും റോസ്ബിൻ പറയുന്നു.
Also read-ONDC ഓൺലൈൻ വിപണിയെ മാറ്റിമറിക്കുമോ? സാധ്യതകൾ അറിയാം
എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് അഥവാ ഒഎൻഡിസി (ONDC)യിലും റോസ്ബിൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏത് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്ന ആർക്കും തന്റെ സ്ഥാപനവും കൂടി കാണാൻ കഴിയുന്ന തരത്തിൽ എല്ലാവർക്കും ഒരുപോലെ അവസരം കിട്ടുന്ന ഒരു നെറ്റ് വർക്കാണ് ONDC.
“ഞങ്ങൾ രജിസ്റ്റർ ചെയ്തിട്ട് ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ, എന്നാൽ തിങ്കൾ മുതൽ വ്യാഴം വരെ ONDC-യിൽ നിന്ന് പ്രതിദിനം 40-50 ഓർഡറുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. വാരാന്ത്യങ്ങളിൽ ഞങ്ങൾക്ക് നൂറിലധികം ഓർഡറുകൾ ലഭിക്കുന്നു. ഞങ്ങൾക്ക് ഇനി Dunzoയെ ആശ്രയിക്കേണ്ടതില്ല. ഓൺലൈനിലൂടെ കച്ചവടം വളർത്താൻ ഞങ്ങൾക്ക് ഇപ്പോൾ മറ്റ് ഓപ്ഷനുകൾ ഉണ്ട്” എന്നും റോസ്ബിൻ പറയുന്നു. ONDCയെന്നാൽ രാജ്യത്തുടനീളം പടർന്നുപിടിച്ച ഇ-കൊമേഴ്‌സ് തരംഗത്തിനിടെ അവഗണിക്കപ്പെട്ട റോസ്ബിനെ പോലുള്ള സാധാരണ റീട്ടെയിലർമാർക്ക് പിടിച്ച് നിൽക്കാനുള്ള അവസരം നൽകുക എന്നതാണ്.
“ഞങ്ങൾ സ്വിഗ്ഗിയെയോ സൊമാറ്റോയെയോ ആമസോണിനെയോ ഫ്ലിപ്കാർട്ടിനെയോ ഇല്ലാതാക്കാൻ ശ്രമിക്കുന്നില്ല,” എന്ന് ONDC യുടെ ചീഫ് ബിസിനസ് ഓഫീസർ ശിരീഷ് ജോഷി പറയുന്നു. ONDC ഒരു സർക്കാർ പിന്തുണയുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ONDCയ്ക്ക് സാമ്പത്തിക പിന്തുണ നൽകുന്നത് ചെറുകിട വ്യവസായ വികസന ബാങ്ക് (SIDBI), നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ധനകാര്യ സ്ഥാപനങ്ങളാണ്. ONDCയുടെ ലക്ഷ്യം സ്വിഗ്ഗിയിൽ നിന്നോ സൊമാറ്റോയിൽ നിന്നോ 10 -15 ശതമാനം വിപണി വിഹിതം എടുത്തുകളയുക എന്നതല്ല.
Also read- ONDC തകർക്കുമോ? സ്വിഗി, സൊമാറ്റോ എന്നിവയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം
ഫുഡ് ഡെലിവറിയിലെ ഈ ഭീമന്മാരും ONDCയും തമ്മിലുള്ള വിലവ്യത്യാസത്തെക്കുറിച്ച് ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളെ ചൂണ്ടിക്കാട്ടി ജോഷി പറയുന്നു. ഉദാഹരണത്തിന് മക്‌ഡൊണാൾഡ്‌സിൽ നിന്നുള്ള ഒരു കോൾഡ് കോഫിയ്ക്ക് സ്വിഗ്ഗിയിൽ 208 രൂപയും സൊമാറ്റോയിൽ 226 രൂപയും ആയിരിക്കുമ്പോൾ മെയ് 8 ന് ONDC-യിൽ അത് കേവലം 108 രൂപയ്ക്ക് ലഭ്യമായിരുന്നു. ONDC വഴി ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് നിലവിൽ ഒരു ഓർഡറിന് 50 രൂപ വരെയാണ് കിഴിവ് കിട്ടുന്നത്.
റോസ്ബിനെ പോലുള്ള ആളുകളെയും ഓൺലൈനിലൂടെ ഒന്നും വിൽക്കാത്ത മറ്റുള്ള വ്യാപാരികളെയും ഡിജിറ്റൽ വ്യാപാരത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ONDCയുടെ ലക്ഷ്യം. എല്ലാത്തിനുമുപരി ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വ്യാപാരം വെറും അഞ്ച് മുതൽ ഏഴ് ശതമാനം വരെ മാത്രമാണ്. ആമസോണും വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടും രാജ്യത്തുടനീളം ഉഴുതുമറിക്കുകയും ആളുകളെ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് കൊണ്ടുവരാൻ കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയും ചെയ്തിട്ടും ഇന്ത്യയിലെ ശേഷിക്കുന്ന 93 മുതൽ 95 ശതമാനം വരെയുള്ളവർ ഓൺലൈനായി ഇന്നേവരെ ഒന്നും വാങ്ങിയിട്ടില്ല എന്നത് ശ്രദ്ധിക്കണം. ഡിജിറ്റൈസ് ചെയ്യപ്പെടാത്ത ഈ ജനസംഖ്യയെയാണ് ONDC ലക്ഷ്യമിടുന്നതെന്ന് ജോഷി പറയുന്നു.
രണ്ട് വർഷത്തിനുള്ളിൽ ഇ-കൊമേഴ്‌സ് രംഗത്തെ മുന്നേറ്റം 25 ശതമാനമായി ഉയരും. ONDC വിൽപനക്കാരുടെയും ഉപഭോക്താക്കളുടെയും ഒരു വലിയ കൂട്ടായ്മ സൃഷ്ടിക്കുകയും അത് ചെലവുകൾ ഗണ്യമായി കുറയാൻ കാരണമാവുകയും ചെയ്യും. ഇത് ഇ-കൊമേഴ്‌സ് വളർച്ചയെ വലിയതോതിൽ കുതിപ്പിലേയ്ക്ക് നയിക്കും. കൂടാതെ മക്കിൻസിയുടെ അഭിപ്രായത്തിൽ ചൈനയ്ക്കും യുഎസിനും പിന്നിൽ 140 ദശലക്ഷമുള്ള മൂന്നാമത്തെ വലിയ ഓൺലൈൻ ഷോപ്പർ ബേസ് ഇന്ത്യയാണെങ്കിലും ഇന്ത്യയുടെ ഇന്റർനെറ്റ് ഉപയോക്തൃ അടിത്തറയായ 750 ദശലക്ഷത്തിന്റെ വിപണി ഇപ്പോഴും കാര്യമായി ഉപയോഗിക്കപ്പെട്ടിട്ടില്ല.
2024 അവസാനത്തോടെ 30 ദശലക്ഷം വിൽപ്പനക്കാരെയും 300 ദശലക്ഷം ഉപഭോക്താക്കളെയും ഈ നെറ്റ്‌വർക്കിലേക്ക് കൊണ്ടുവരിക എന്നതാണ് ONDC-യുടെ ലക്ഷ്യം. നിലവിൽ പ്രതിദിനം 15,000 ഇടപാടുകൾ നടത്തുന്ന 36,000 വിൽപ്പനക്കാർ നെറ്റ്‌വർക്കിലുണ്ട്. ഇവയിൽ ഏകദേശം 11,000 എണ്ണം ഭക്ഷണ, പലചരക്ക് മേഖലയിലാണ്. ബാക്കി ഉള്ളതിൽ മൊബിലിറ്റി, ഫാഷൻ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, വിത്തുകളും തൈകളും പോലുള്ള കാർഷിക ഉൽപ്പന്നങ്ങളും ലക്ഷ്യം വയ്ക്കുന്നുണ്ട്. വരും മാസങ്ങളിൽ എല്ലാത്തരം ചരക്കുകളിലേക്കും സേവനങ്ങളിലേക്കും ONDC നെറ്റ് വർക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food Delivery app, UPI