• HOME
  • »
  • NEWS
  • »
  • money
  • »
  • AI വോയിസ് ക്ലോണിംഗ്: സൈബര്‍ കുറ്റവാളികളുടെ പുതിയ ആയുധം; സാമ്പത്തിക നഷ്ടമുണ്ടായതായി 83% ഇരകൾ

AI വോയിസ് ക്ലോണിംഗ്: സൈബര്‍ കുറ്റവാളികളുടെ പുതിയ ആയുധം; സാമ്പത്തിക നഷ്ടമുണ്ടായതായി 83% ഇരകൾ

ഇന്ത്യയുള്‍പ്പടെ 7 രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്

  • Share this:

    ന്യൂഡല്‍ഹി: സാങ്കേതിക വിദ്യയിലെ വളര്‍ച്ച ഉപയോഗപ്പെടുത്തി സാധാരണക്കാരെ പറ്റിക്കുന്ന സൈബര്‍ കുറ്റവാളികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ സ്പാം കോള്‍, മെസേജ് എന്നീ രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇപ്പോഴിതാ തട്ടിപ്പിനായി എഐ സാങ്കേതിക വിദ്യയും കുറ്റവാളികള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വോയിസ് ക്ലോണിംഗ് ഉപയോഗിച്ചാണ് പലരും സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്.

    അതേസമയം ഇത്തരം സ്പാം കോളുകളും മെസേജുകളും പരിശോധിക്കാനായി എഐ ഉപയോഗിച്ചുള്ള പുതിയ ചില മാർഗനിര്‍ദ്ദേശങ്ങള്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയിരുന്നു. എഐ ഉപയോഗിച്ചുള്ള വോയിസ് ക്ലോണിംഗ് ദൂരവ്യാപകമായ നഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സൈബര്‍ ക്രിമിനലുകള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

    ഇന്ത്യയില്‍ നിരവധി പേരാണ് ഈ രീതിയില്‍ പറ്റിക്കപ്പെടുന്നതെന്നാണ് ആഗോള സൈബര്‍ സെക്യൂരിറ്റി കമ്പനിയായ മക്കഫീ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ മുതിര്‍ന്നയാളുകളിൽ പകുതിയോളം അഥവാ 47 ശതമാനം പേരും എഐ വോയിസ് സ്‌കാമിന്റെ ഇരകളോ അല്ലെങ്കില്‍ അത്തരം തട്ടിപ്പിന് ഇരയായ ആളുകളെ അറിയുന്നവരോ ആയിരിക്കുമെന്നാണ് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ആഗോള ശരാശരിയുടെ ഇരട്ടിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

    ‘ദി ആർട്ടിഫിഷ്യൽ ഇംപോസ്റ്റർ’ (‘The Artificial Imposter’) എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 83% ഇന്ത്യൻ ഇരകൾക്കും സാമ്പത്തിക നഷ്ടമുണ്ടായതായി വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ 48 ശതമാനം പേര്‍ക്ക് 50000 രൂപയിലധികം നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

    ഇന്ത്യയുള്‍പ്പടെ 7 രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. എങ്ങനെയാണ് സൈബര്‍ കുറ്റവാളികള്‍ വോയിസ് ക്ലോണിംഗ് നടത്തുന്നതെന്നും സര്‍വ്വേയില്‍ കണ്ടെത്തി.

    അതേസമയം യഥാര്‍ത്ഥ വ്യക്തിയുടെ ശബ്ദവും എഐ ശബ്ദവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് 69 ശതമാനം ഇന്ത്യാക്കാരും പറഞ്ഞത്.

    പഠനത്തില്‍ പങ്കെടുത്ത പകുതിയില്‍ അധികം ഇന്ത്യാക്കാരും പറഞ്ഞത് തങ്ങളുടെ പ്രിയപ്പെട്ടവരുടേത് എന്ന രീതിയില്‍ വരുന്ന കോളുകള്‍ എടുക്കാറുണ്ടായിരുന്നുവെന്നാണ്. അവര്‍ പണം ആവശ്യപ്പെടുന്ന രീതിയിലാണ് കോളുകള്‍ വന്നതെന്നും ഇക്കൂട്ടര്‍ പറഞ്ഞു. ആ കോള്‍ ഒരുപക്ഷെ തങ്ങളുടെ പങ്കാളിയുടെയോ, കുട്ടികളുടെതോ എന്നാണ് തോന്നിയിരുന്നത് എന്നും ഇവര്‍ പറയുന്നു.

    പ്രവര്‍ത്തന രീതി

    ഇന്ത്യയിലെ ജനങ്ങളില്‍ ഭൂരിഭാഗം പേരും ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും തങ്ങളുടെ ശബ്ദത്തിലുള്ള വോയ്‌സ് നോട്ടുകള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. സൈബര്‍ കുറ്റവാളികള്‍ക്ക് വോയ്‌സ് എവിടെ നിന്ന് ലഭിക്കുന്നുവെന്നതിന് കൃത്യമായ ഉത്തരം ഇപ്പോള്‍ ലഭിച്ചില്ലേ?

    തുടര്‍ന്ന് സൈബര്‍ ക്രിമിനലുകള്‍ ഈ വോയ്‌സ് എഐയുടെ സഹായത്തോടെ ക്ലോണ്‍ ചെയ്ത ശേഷം ഇരകളുടെ ഫോണിലേക്ക് വിളിക്കുകയോ അല്ലെങ്കില്‍ അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരെ വിളിച്ച് തട്ടിപ്പ് നടത്തുകയോ ചെയ്യുന്നു.

    അതേസമയം വിശദമായ അന്വേഷണത്തിലാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൗജന്യമായി വോയ്‌സ് ക്ലോണ്‍ ചെയ്യാന്‍ പറ്റിയ നിരവധി ടൂളുകള്‍ ലഭ്യമാണെന്ന് കണ്ടെത്തിയത്. ന്യൂസ് 18 ടീമും ഇതേപ്പറ്റി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു. അപ്പോഴാണ് നിരവധി പ്രമുഖരുടെ എഐ വോയ്‌സ് ക്ലോണിംഗ് ചെയ്ത ഓഡിയോകള്‍ ലഭിച്ചത്.

    അതേസമയം ഓണ്‍ലൈനില്‍ പെയ്ഡ് ടൂള്‍സും സൗജന്യമായി ലഭിക്കുന്ന ടൂള്‍സും ക്ലോണിംഗിനായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് മക്കഫീ റിപ്പോര്‍ട്ടില്‍ പറയുന്നത്.

    First published: