പുതിയ ജീവനക്കാരുടെ നിയമനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് ടെക്ക് ലോകത്തെ പ്രധാന കമ്പനിയായ ആപ്പിൾ (Apple). വരാൻ പോവുന്ന സാമ്പത്തികമാന്ദ്യത്തെ നേരിടാൻ ലോകത്തെ പ്രധാന കമ്പനികൾ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ചെലവ് ചുരുക്കാനും ആപ്പിൾ തീരുമാനിച്ചിട്ടുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്കുള്ള സാധ്യത മുന്നിൽ കണ്ട് ടെക്ക് ഭീമൻമാരായ ഗൂഗിൾ (Google), മൈക്രോസോഫ്റ്റ് (Microsoft), ആമസോൺ (Amazon) തുടങ്ങിയ കമ്പനികളും ജീവനക്കാരെ എടുക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ചില കമ്പനികൾ ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. ചെലവ് കുറയ്ക്കുന്നതിൻെറ ഭാഗമായി പുതിയ നിക്ഷേപങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ബ്ലൂംബെർഗിൻെറ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആപ്പിൾ ചില മേഖലകളിൽ ചെലവ് കുറയ്ക്കാൻ തീരുമാച്ചിരിക്കുകയാണ്. കമ്പനി മൊത്തത്തിൽ ഇത്തരമൊരു പോളിസി ഇപ്പോൾ എടുത്തിട്ടില്ല. ആപ്പിളിൻെറ ഈ നീക്കം വ്യക്തമാക്കുന്നത് മറ്റ് പ്രധാന ടെക്ക് കമ്പനികളുടെ പിന്നാലെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ അവരും തയ്യാറെടുക്കുകയാണ് എന്ന് തന്നെയാണ്. റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ആപ്പിളിൻെറ ഓഹരി 2.06 ശതമാനം ഇടിയുകയും ചെയ്തിട്ടുണ്ട്.
ലോകത്തെ പ്രധാനപ്പെട്ട ടെക്ക് കമ്പനികളൊന്നും തന്നെ ഇപ്പോൾ ജീവനക്കാരെ പിരിച്ച് വിടാൻ പദ്ധതിയിടുന്നില്ല. പുതിയ ജീവനക്കാരെ എടുക്കുന്നത് പരമാവധി കുറയ്ക്കാനാണ് നീക്കം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസിൽ ജോലി ലഭിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്നും ബ്ലൂംബൈർഗ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷവും 2023ലും ഗൂഗിൾ പുതിയ ആളുകളെ നിയമിക്കുന്നത് കുറയ്ക്കുമെന്ന് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ജീവനക്കാരുടെ നിയമനം പൂർണമായി നിർത്തിവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഈ വർഷം എടുക്കേണ്ട ആളുകളുടെ എണ്ണം പൂർത്തിയായതിനാൽ ഞങ്ങൾ ജീവനക്കാരെ എടുക്കുന്നത് കുറയ്ക്കുകയാണ്. എന്നാൽ പുതിയ അവസരങ്ങൾ ഇനിയും വന്ന് കൊണ്ടേയിരിക്കും,” സുന്ദർ പിച്ചൈ പറഞ്ഞു. എഞ്ചിനീയറിങ് വിഭാഗത്തിലും സാങ്കേതിക വിഭാഗത്തിലുമാണ് ഗൂഗിൾ ഇനി കൂടുതൽ ജീവനക്കാരെ എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ എല്ലാ ടെക്ക് കമ്പനികളുടെയും സാഹചര്യങ്ങൾ ഒരുപോലെയല്ല. പല മേഖലകളിലും മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നുണ്ട്. ഏകദേശം 1 ശതമാനം പിരിച്ചുവിടൽ സ്ഥാപനത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ വർഷം അവസാനിക്കുമ്പോഴേക്കും ജീവനക്കാരുടെ എണ്ണം വർധിക്കുമെന്നാണ് കമ്പനി പറയുന്നത്. ലോകത്തിലെ വൻ കമ്പനികളിൽ ഒന്നായ ഇലോൺ മസ്കിൻെറ ടെസ‍്‍ല നൂറുകണക്കിന് ജീവനക്കാരെയാണ് പിരിച്ച് വിട്ടത്. ഇത് കൂടാതെ കാലിഫോർണിയയിലെ ഒരു കേന്ദ്രവും അടച്ച് പൂട്ടി. കമ്പനിയുടെ എഐ, ഓട്ടോപൈലറ്റ് എന്നീ വിഭാഗങ്ങളുടെ തലവനായിരുന്ന ആന്ദ്രേയ് കർപ്പാത്തി കമ്പനി വിടുകയും ചെയ്തിരുന്നു. കോവിഡ് 19 മഹാമാരി പടർന്ന് പിടിച്ച കാലത്ത് ജീവനക്കാരെ അമിതമായി എടുത്ത ആമസോണും ഇപ്പോൾ പ്രതിസന്ധിയിലാണ്. ചെലവ് ചുരുക്കാൻ വേണ്ടിയാണ് കമ്പനി ഇപ്പോൾ കാര്യമായി പരിശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.