ഗൂഗിളിന് പിഴച്ചു; ഓഹരിവിപണിയിൽ നഷ്ടമായത് 8.26 ലക്ഷം കോടി രൂപ
- Published by:Anuraj GR
- news18-malayalam
Last Updated:
കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐ പുതിയ ചാറ്റ്ജിപിടി സോഫ്‌റ്റ്‌വെയർ പുറത്തിറക്കിയത് മുതൽ ഗൂഗിൾ കടുത്ത സമ്മർദ്ദത്തിലായിരുന്നു
ചാറ്റ് ജിപിടിക്ക് വെല്ലുവിളിയുമായി ഗൂഗിൾ അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത ചാറ്റ് ബോട്ടായ ബാർഡിന് തുടക്കത്തിലേ പിഴച്ചു. സെർച്ച് ചെയ്തർവർക്ക് തെറ്റായ ഉത്തരം ബാർഡ് നൽകിയതോടെ ഓഹരിവിപണിയിൽ ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിന് 8.26 ലക്ഷം കോടി രൂപ നഷ്ടമായി. ആൽഫബെറ്റിന്‍റെ ഓഹരി മൂല്യത്തിൽ ബുധനാഴ്ച ഏഴ് ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച ട്വിറ്ററിൽ പുറത്തിറക്കിയ ബാർഡ് എന്നറിയപ്പെടുന്ന ചാറ്റ് ബോട്ടിന്റെ പ്രമോഷനിൽ, ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള കണ്ടെത്തലുകളെ കുറിച്ച് ഒമ്പത് വയസ്സുകാരനോട് എന്താണ് പറയേണ്ടതെന്ന് ബോട്ടിനോട് ചോദിച്ചു. ഭൂമിയുടെ സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ചിത്രങ്ങൾ ആദ്യമായി എടുത്തത് ജെയിംസ് വെബ് ടെലിസ്‌കോപ്പാണെന്നായിരുന്നു മറുപടി. എന്നാൽ ഇത് തെറ്റാണെന്ന് നാസയുടെ ഉൾപ്പടെ രേഖകൾ സഹിതം നിരവധിപ്പേർ കമന്‍റ് ചെയ്തു. സൌരയുഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ ആദ്യമായി പകർത്തിയത് 2004-ൽ യൂറോപ്യൻ വെരി ലാർജ് ടെലിസ്‌കോപ്പാണെന്ന് ട്വിറ്ററിലെ ജ്യോതിശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിന്യസിക്കാനുള്ള പദ്ധതികളെക്കുറിച്ച് ഗൂഗിൾ നൽകിയ അവതരണവും നിക്ഷേപകരെ സ്വാധീനിക്കാനായില്ല.
advertisement
കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐ പുതിയ ചാറ്റ്ജിപിടി സോഫ്‌റ്റ്‌വെയർ പുറത്തിറക്കിയത് മുതൽ ഗൂഗിൾ കടുത്ത സമ്മർദ്ദത്തിലായിരുന്നു. ബിസിനസ് സ്‌കൂൾ പരീക്ഷകൾക്ക് പഠിക്കുന്നതിനും പാട്ടിന്റെ വരികൾ രചിക്കുന്നതിനും മറ്റ് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുമുള്ള കാര്യങ്ങളിൽ ചാറ്റ് ജിപിടി വളരെ വേഗം ഹിറ്റായി. വർഷങ്ങളായി ഗൂഗിളിനെ പിന്നിലാക്കിയ ബിംഗ് സെർച്ച് എഞ്ചിന്റെ പുതിയ പതിപ്പ് കൂടുതൽ വിപുലമായ രൂപത്തിൽ ChatGPT സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് മൈക്രോസോഫ്റ്റ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബാർഡുമായി ഗൂഗിൾ രംഗത്തെത്തിയത്.
advertisement
തിടുക്കപ്പെട്ട് ബാർഡ് പുറത്തിറക്കിയതിൽ ആൽഫബെറ്റ് നിക്ഷേപകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിശകിനും തെറ്റായ സെർച്ച് ഫലങ്ങൾക്കും ഇത് കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പിഴവ് പരിഹരിച്ച് ബാർഡുമായി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്ന് ഗൂഗിൾ അറിയിച്ചു.
കഴിഞ്ഞ മാസം, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഗൂഗിളിലെ ആകെ ജീവനക്കാരുടെ ആറ് ശതമാനം വരും ഇത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 09, 2023 12:19 PM IST