പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങൾ അവതരിപ്പിക്കുന്നതിനെതിരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പുതിയ മാർഗനിർദേശം. ഉപഭോക്തൃ കാര്യ വകുപ്പാണ് തിങ്കളാഴ്ച മാർഗനിർദേശം പുറത്തിറക്കിയത്. രാജ്യത്തെ 1275 കോടി രൂപ മൂല്യമുള്ള ഓൺലൈൻ പരസ്യ വിപണിയെ ബാധിച്ചേക്കാവുന്ന നിർദേശങ്ങളാണിതിലുള്ളത്.
സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, വിർച്വൽ ഇൻഫ്ലുവൻസർമാർ എന്നിവർക്കായാണ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ‘എൻഡോഴ്‌സ്‌മെന്റ് നോ-ഹൗസ്!’ എന്ന തലക്കെട്ടിലാണ് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ജനങ്ങൾക്കായി പരിചയപ്പെടുത്തുമ്പോൾ പ്രേക്ഷകർ തെറ്റിദ്ധരിപ്പെടാതിരിക്കുകയാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നതിന്റെ ലക്ഷ്യം. ഇൻഫ്ലുവൻസർമാർ ഉപഭോക്തൃ സംരക്ഷണ നിയമവും മറ്റ് അനുബന്ധ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ലളിതവും വ്യക്തവുമായ ഭാഷയിൽ ആയിരിക്കണം ഉല്പന്നങ്ങളെ കുറിച്ചുള്ള അവതരണം നടത്തേണ്ടത്. പരസ്യം (advertisement), സ്പോൺസർ (sponsored), സഹകരണം (collaboration), പണമടച്ചുള്ള പ്രമോഷൻ (paid promotion) തുടങ്ങിയ പദങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. ഇൻഫ്ലുവൻസർമാർ അവർ വ്യക്തിപരമായി ഉപയോഗിക്കാത്തതോ അനുഭവിച്ച് അറിഞ്ഞിട്ടില്ലാത്തതോ ആയ ഉൽപ്പന്നങ്ങളെയോ സേവനങ്ങളെയോ പിന്തുണച്ച് പരസ്യം ചെയ്യരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.
പരസ്യം (advertisement), സ്പോൺസേഡ് (sponsored), സഹകരണം (collaboration), പെയ്ഡ് പ്രമോഷൻ (paid promotion) തുടങ്ങിയ പദങ്ങൾ ഹാഷ്‌ടാഗ് ആയോ അല്ലെങ്കിൽ ഹെഡ്‌ലൈൻ ടെക്‌സ്‌റ്റായോ സൂചിപ്പിച്ചിരിക്കണം. ഇൻഫ്ലുവൻസർമാക്ക് പ്രേക്ഷകരുടെ ഒരു ഉത്പന്നം വാങ്ങുന്നത് സംബന്ധിച്ച തീരുമാനത്തെയോ ഒരു ഉല്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള അഭിപ്രായ രൂപീകരണത്തെയോ സ്വാധീനിക്കാൻ കഴിയുന്നതിനാൽ അതിനെകുറിച്ച് പ്രേക്ഷകരോട് സത്യസന്ധമായ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കണം. അതായത് അത്തരം വെളിപ്പെടുത്തലുകൾ വളരെയധികം പ്രാധാന്യത്തോടെ പരസ്യത്തിൽ ഉൾപ്പെടുത്തണം. ഒരു ചിത്രമാണ് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നതെങ്കിൽ ചിത്രത്തിൽ ഇക്കാര്യങ്ങൾ സൂപ്പർഇമ്പോസ് ചെയ്യണം. വീഡിയോയോ ലൈവ് സ്ട്രീമിംഗോ ആണെങ്കിൽ മുഴുവൻ സമയവും പ്രാധാന്യത്തോടെ സ്‌ക്രീനിൽ ഇക്കാര്യങ്ങൾ പ്രദർശിപ്പിക്കണം.
പുതിയ മാർഗനിർദേശം പുറത്തു വന്നതോടെ ബ്രാൻഡ്-ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ചുള്ള പ്രമോഷന്റെ എണ്ണത്തിൽ അല്പം കുറവ് വന്നേക്കാമെങ്കിലും പിന്നീടിത് കൂടാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു.
Also read-Social Media Day |ഫ്രണ്ട്സ്റ്റര്‍ മുതൽ ഇൻസ്റ്റഗ്രാം വരെ; സമൂഹ മാധ്യമങ്ങളെക്കുറിച്ച് അറിയാം
ചില കണക്കുകൾ പ്രകാരം, ഏകദേശം മൂന്നിൽ രണ്ട് ഇന്ത്യക്കാരും ഏതെങ്കിലും ഒരു ഇൻഫ്ളുവൻസറിനെയെങ്കിലും പിന്തുടരുന്നുണ്ട്. മിക്ക ഇൻഫ്ളുവൻസേർസ് പരസ്യങ്ങളും ‘വ്യക്തിപരമായ ശുപാർശകൾ’ ആയാണ് വരുന്നതെന്ന് 70-ലധികം ഇൻഫ്ളുവൻസർമാരെ കൈകാര്യം ചെയ്യുന്ന മാർക്കറ്റിംഗ് ഏജൻസിയായ ആൽഫ സെഗസ് സ്ഥാപകനും ഡയറക്ടറുമായ രോഹിത് അഗർവാൾ പറയുന്നു. അതിന് പിന്നിലെ സാമ്പത്തിക നേട്ടത്തെക്കുറിച്ച് ഇവർ പ്രതിപാദിക്കാറില്ല. പ്രേക്ഷകരോട് ചെയ്യുന്ന അന്യായമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾക്ക് 50 ലക്ഷം രൂപ വരെ പിഴയോ രണ്ട് വർഷത്തേക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിലക്കോ ലഭിക്കുമെന്ന് ജനുവരിയിൽ ഉപഭോക്തൃകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.