Local Body Election 2020 | 'കൈപ്പത്തി' കിട്ടി പുലിവാൽ പിടിച്ചു; പാർട്ടി വിടാനൊരുങ്ങി കോൺഗ്രസ് യുവനേതാവ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ശ്രീനി ആലക്കോട്
ആലക്കോട്: ഡി.സി.സി അധ്യക്ഷൻ പാർട്ടി ചിഹ്നം അനുവദിച്ചതിനെ തുടർന്ന് പൊല്ലാപ്പിലായ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയെ പരിചയപ്പെടാം. കണ്ണൂരിലെ നടുവിൽ പഞ്ചായത്തിൽപ്പെട്ട പാത്തൻപാറ വാർഡിലാണ് കൈപ്പത്തി ചിഹ്നം കൊണ്ട് പുലിവാല് പിടിച്ച കോൺഗ്രസ് നേതാവ് പാർട്ടി വിടാനൊരുങ്ങുന്നത്.
ആൻറണി കുര്യൻ എന്നാണ് ഈ യുവനേതാവിന്റെ പേര്, നാട്ടുകാർ സ്നേഹത്തോടെ നോബിൾ എന്നു വിളിക്കും. പാത്തൻപാറയിലെ കോൺഗ്രസിൻ്റെ യുവനേതാവാണ്. വർഷങ്ങളായുള്ള പാർട്ടി പ്രവർത്തനങ്ങൾക്കിടയിൽ ഇത്തവണ ആദ്യമായാണ് പഞ്ചായത്തിലേക്ക് ഒരു സീറ്റ് കിട്ടിയത്. പാർട്ടി പൂർണ്ണമനസോടെ നൽകിയ സീറ്റും കെട്ടിപ്പിടിച്ച് നോബിൾ പ്രചരണവും തുടങ്ങി. യു.ഡി.എഫിൻ്റെ കർമ്മധീരനായ സ്ഥാനാർത്ഥിക്ക് കൈ അടയാളത്തിൽ വോട്ട് ചെയ്യണമെന്ന ബോർഡുകളും പലയിടത്തും സ്ഥാനം പിടിച്ചു.
വളരെ കഷ്ടപ്പെട്ടാണ് വെളുക്കെ ചിരിച്ച് വലതു കൈ പൊക്കി പിടിച്ച് ഒരു ഫോട്ടോ ഒപ്പിച്ചെടുത്തത്. പ്രചരണം തുടങ്ങി രണ്ടാം ദിവസം ചിഹ്നം അനുവദിച്ചതായുള്ള ഡി.സി.സി പ്രസിഡൻ്റിൻ്റെ കത്തുമായി മണ്ഡലം പ്രസിഡൻ്റ് സ്ഥലത്തെത്തി. വീക്ഷണം പത്രത്തിൻ്റെ വരിക്കാരനായിരിക്കണം സ്ഥാനാർത്ഥി എന്നതിനാൽ ഒരു വർഷത്തെ വരിസംഖ്യയും കൈയോടെ നൽകി. എല്ലാ ചടങ്ങും കഴിഞ്ഞ് മനസമാധാനത്തോടെ ഉറങ്ങി എണീറ്റപ്പോഴേക്കും ആ ദുഃഖ വാർത്തയെത്തി. മറ്റൊരു കോൺഗ്രസ് നേതാവിനു കൂടി കൈപ്പത്തി ചിഹ്നം അനുവദിച്ചുള്ള ഡിസിസി പ്രസിഡൻറിൻ്റെ കത്ത് ലഭിച്ചിരിക്കുന്നു. ഇതെന്ത് പുകിലെന്നറിയാൻ മണ്ഡലം പ്രസിഡൻ്റിനേയും ഡിസിസി ഭാരവാഹികളേയും ബന്ധപ്പെട്ടെങ്കിലും അവരും കൈമലർത്തി.
advertisement
നടുവിൽ പഞ്ചായത്തിൽ നടന്ന സൂഷ്മ പരിശോധനയിൽ ഇരുവരും തർക്കമുന്നയിച്ച് പ്രസിഡൻ്റിൻ്റെ കത്ത് റിട്ടേണിംഗ് ഓഫിസർക്ക് കൈമാറി. ഒരേ വാർഡിൽ രണ്ടു പേർക്ക് കൈപ്പത്തി ചിഹ്നം. റിട്ടേണിംഗ് ഓഫിസറും കൺഫ്യൂഷനിലായി. ഒരു കൈയബദ്ധം പറ്റിയതാണെ ഡിസിസി പ്രസിഡൻറിൻ്റെ മറുപടി ലഭിച്ചതോടെ നോബിൾ പടിക്കു പുറത്ത്. വരിസംഖ്യയിനത്തിലെ 1750 രൂപയും, പോസ്റ്ററിനും ബോർഡിനുമൊക്കെയായി ചിലവഴിച്ച ആയിരങ്ങളുടെ കണക്കും ഏതു വകുപ്പിൽ പ്പെടുത്തുമെന്ന ആലോചനയിലാണ് നോബിൾ.
advertisement
എന്തായാലും ഇറങ്ങി ഇനി കുളിച്ചു തന്നെ കയറാം എന്ന മട്ടിൽ കിട്ടുന്ന ചിഹ്നത്തിൽ മത്സരിക്കാൻ തന്നെയാണ് നോബിളിൻ്റെ തീരുമാനം. തന്നെ ചതിച്ച പാർട്ടിയോടുള്ള പ്രതികാരമെന്നോണം പാരമ്പര്യമായുള്ള പാർട്ടി ബന്ധവും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ യുവ കോൺഗ്രസ് നേതാവ്
Location :
First Published :
November 20, 2020 9:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Local Body Election 2020 | 'കൈപ്പത്തി' കിട്ടി പുലിവാൽ പിടിച്ചു; പാർട്ടി വിടാനൊരുങ്ങി കോൺഗ്രസ് യുവനേതാവ്