ഹൈറേഞ്ചിലെ ആദ്യ ക്രിസ്ത്യൻ പള്ളിക്ക് നാളെ നൂറ്റമ്പതാം പിറന്നാൾ
Last Updated:
ഹൈറേഞ്ച് മലനിരകളിൽ ആദ്യമായി പള്ളിമണി മുഴങ്ങിയിട്ട് ഫെബ്രുവരി10ന് നൂറ്റമ്പത് വർഷമാകുന്നു.
ഇടുക്കി: ഹൈറേഞ്ച് മലനിരകളിൽ ആദ്യമായി പള്ളിമണി മുഴങ്ങിയിട്ട് ഫെബ്രുവരി10ന് നൂറ്റമ്പത് വർഷമാകുന്നു. പീരുമേട് പള്ളിക്കുന്ന് സെന്‍റ് ജോർജ് സി എസ് ഐ ദേവാലയമാണ് നൂറ്റമ്പതാം പിറന്നാൾ ആഘോഷിക്കുന്നത്. ഹൈറേഞ്ചിൽ തോട്ടവ്യവസായം തുടങ്ങുന്നതിനായി എത്തിയ ബ്രിട്ടീഷുകാർ 1869ലാണ് ഈ ദേവാലയം സ്ഥാപിച്ചത്. 150 വർഷം പിന്നിടുമ്പോൾ ഊ ദേവാലയം ഇന്നും മാറ്റമൊന്നുമില്ലാതെ തുടരുന്നു. ദേവാലയ നിർമാണത്തിനായി 15.62 ഏക്കർ സ്ഥലം തിരുവിതാംകൂർ രാജാക്കൻമാരാണ് നൽകിയത്.
സി എം എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കറിനായിരുന്നു സ്ഥലം കൈമാറിയത്. തുടർന്ന്, 1869ൽ ഹെൻട്രി ബേക്കർ യൂറോപ്യൻ ശൈലിയിൽ ദേവാലയം പണി കഴിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ കാവൽ പിതാവായ സെന്‍റ് ജോർജിന്‍റെ പേരിലാണ് ഈ ദേവാലയം. 150 വർഷം മുമ്പ് നിർമിച്ച ദേവാലയത്തിൽ ഒന്നര നൂറ്റാണ്ട് മുമ്പുള്ള ഇരിപ്പിടങ്ങളും ഫർണീച്ചറുകളും തന്നെയാണ് ഇന്നും ഉപയോഗിക്കുന്നത്.
ദേവാലയത്തോടു ചേർന്നുള്ള രണ്ടേക്കർ സ്ഥലത്തുള്ള ബ്രിട്ടീഷ് സെമിത്തേരിയും ചരിത്രപ്രസിദ്ധമാണ്. മൂന്നാറിലെ കണ്ണൻദേവൻ തേയിലത്തോട്ടം സ്ഥാപിച്ച ജോൺ ഡാനിയേൽ മൺറോയെ ഈ സെമിത്തേരിയിലാണ് സംസ്കരിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട് ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 34 വിദേശികളാണ് ഇവിടെ അന്തിയുറങ്ങുന്നത്. ബ്രിട്ടീഷ് ഹൈകമ്മീഷറുടെ അധീനതയിലാണ് ഈ സ്ഥലം. അതുകൊണ്ടു തന്നെ മറ്റ് സഭാ അംഗങ്ങളെ സംസ്കരിക്കാൻ അനുവാദമില്ല. എന്നാൽ, വിദേശിയല്ലാത്ത ഒരാളുടെ മൃതദേഹം ഈ സെമിത്തേരിയിൽ സംസ്കരിച്ചിട്ടുണ്ട്. ഇവിടെ സേവനം ചെയ്ത ആദ്യ ഇന്ത്യൻ വൈദികൻ റവ നല്ല തമ്പിയുടെ മൃതദേഹം ഇവിടെയാണ് സംസ്കരിച്ചത്.
advertisement
മാത്രമല്ല ഡൗണി എന്ന പെൺകുതിരയെയും ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്. ജെ ഡി മൺറോയുടെ സന്തതസഹചാരി ആയിരുന്നു ഈ കുതിര. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമാണ് കുതിരയെ ഈ സെമിത്തേരിയിൽ അടക്കം ചെയ്തത്. മൺറോയെ സംസ്കരിച്ചതിന് എതിർവശത്തായിട്ടാണ് കുതിരയെ സംസ്കരിച്ചത്.
Location :
First Published :
February 09, 2019 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഹൈറേഞ്ചിലെ ആദ്യ ക്രിസ്ത്യൻ പള്ളിക്ക് നാളെ നൂറ്റമ്പതാം പിറന്നാൾ


