• HOME
 • »
 • NEWS
 • »
 • opinion
 • »
 • അഞ്ചു മക്കൾ ഒരു കുറ്റകൃത്യമോ അശ്ലീലമോ അല്ല; ഒരു പാലാക്കാരൻ പറയുന്നു

അഞ്ചു മക്കൾ ഒരു കുറ്റകൃത്യമോ അശ്ലീലമോ അല്ല; ഒരു പാലാക്കാരൻ പറയുന്നു

2000ത്തിന് ശേഷം വിവാഹം കഴിഞ്ഞ പാലാ രൂപതാ അംഗങ്ങളായ ദമ്പതിമാർക്ക് ആറ് ആനുകൂല്യങ്ങളാണ് സർക്കുലറിൽ പറഞ്ഞിരുന്നത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ഞാൻ സിനോജ്. പാലാ രൂപതയിലെ ഒരു അംഗം. താമസം മീനച്ചിൽ താലൂക്കിൽ. കല്യാണം കഴിച്ചത് 2006ൽ. ഒമ്പതാം ക്‌ളാസിലുള്ള മൂത്ത ചെറുക്കൻ മുതൽ രണ്ടര വയസുള്ള പെങ്കൊച്ച് വരെ അഞ്ചു പിള്ളേരും ഭാര്യയും ആയി ജീവിതം മുന്നോട്ട് പോകുന്നു. അതിനിടെ വന്ന രൂപതയുടെ സർക്കുലറിനെ ഒരു തമാശ രൂപത്തിലാണ് ഞാൻ കണ്ടത്.

  ഇതിനു മുമ്പും പല തരത്തിലുള്ള ഓഫറുകൾ ഉണ്ടെന്നു കേട്ടിരുന്നു. നാലാമത്തെ കൊച്ചിനെ മാമ്മോദീസ മുക്കാൻ മെത്രാൻ വരും, അഞ്ചാമത്തേതിന് കർദിനാൾ സ്വർണ്ണ നാണയവുമായി വരും എന്നൊക്കെ എന്തൊക്കെയോ കേട്ടിരുന്നു. ഇതൊക്കെ കളിയാണോ കാര്യമാണോ എന്നറിയില്ല.എന്തായാലും അതൊന്നും കണ്ടില്ല.

  ഞങ്ങളുടെ അഞ്ചു കുഞ്ഞുങ്ങൾ എന്റെയും ഭാര്യ ബിൻസിയുടെയും സ്നേഹത്തിന്റെ പൂർണ്ണതയിൽ സംഭവിച്ചതാണ്. അതിൽ രൂപതയ്‌ക്കോ, സഭയ്‌ക്കോ, ഞങ്ങളുടെ മാതാപിതാക്കൾക്കോ, സമൂഹത്തിനോ, സുഹൃത്തുക്കൾക്കോ ഒരു പങ്കും ഇല്ല. ഒരു കുട്ടി പോലും വേണ്ട എന്നായാരുന്നു എന്റെ ഭാര്യയുടെ ആഗ്രഹം എങ്കിൽ ഒരു കുഞ്ഞു പോലും ഉണ്ടാകാതെ ഞാൻ നോക്കിയേനെ. അതായത് ബലാൽക്കാരമായി ഉണ്ടായതല്ല എന്റെ കുട്ടികൾ. ഞങ്ങൾക്ക് രണ്ടു പേർക്കും കുട്ടികളെ അത്രയേറെ ഇഷ്ടമായിരുന്നു എന്നത് കൊണ്ട് സംഭവിച്ച നല്ല കാര്യമായി ഞങ്ങൾ കുട്ടികളെ കാണുന്നു.

  കുട്ടികൾ ഉണ്ടാകുന്നത് ഒരു അശ്ലീലമായി അല്ല കാണുന്നത് എന്ന് ചുരുക്കം. ആധുനിക വിദ്യാഭ്യാസവും വിവരവും ഉള്ള സമൂഹം അവനവനു സാധിക്കുന്ന ബഡ്ജറ്റ് നോക്കി ഒന്നോ രണ്ടോ കുട്ടികളെ മാത്രം വളർത്തണം എന്ന ഇന്നത്തെ പുരോഗമന ചിന്താഗതികൾക്ക് ഇടയിൽ നിന്നുകൊണ്ട് തന്നെ അല്പം വ്യത്യസ്തനായി കുട്ടികളോടുള്ള ഇഷ്ടം കൊണ്ട് ഞങ്ങൾ കുട്ടികളെ വളർത്തുന്നു. അതിന് ബുദ്ധിമുട്ടുകൾ ഉണ്ട് എന്നത് പോലെ തന്നെ പറഞ്ഞു തരാൻ വയ്യാത്ത കൊച്ചു കൊച്ചു സന്തോഷങ്ങളും ഉണ്ട്. കാരണം എന്റെ എത്രയോ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഒരു കുഞ്ഞിനായി എത്രയോ കാലം കണ്ണീരോടെ കാത്തിരിക്കുന്നത് കണ്ടിട്ടുണ്ട്.  ഇനി പുതിയ സർക്കുലറിന്റെ പുകിൽ

  മാസം 1500 രൂപയല്ല അമ്പതിനായിരം വെച്ച് തന്നാൽ പോലും അതിന്റെ പേരിൽ ഉടനെ അടുത്ത കുഞ്ഞിനെ ഉണ്ടാക്കാം എന്ന് ഞങ്ങൾ തീരുമാനിക്കില്ല. നാലാമത്തെയും അഞ്ചാമത്തേയും പ്രസവം ഫ്രീ ആയി നടത്തും എന്ന് പറഞ്ഞതിന്റെ പേരിൽ എന്നാൽ പിന്നെ ഒന്ന് കൂടി നടത്തിയേക്കാം എന്നും ഞങ്ങൾ വിചാരിക്കില്ല. ഇന്നേവരെ സഭയുടെ കയ്യിൽ നിന്നും അഞ്ചു പൈസയുടെ സഹായം വാങ്ങിയിട്ടില്ല.

  ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചു കൂട്ടിവെച്ചിരിക്കുന്ന ഒരു കുടുംബമൊന്നും അല്ല ഞങ്ങളുടേത്. എന്ന് വെച്ച് സഭയുടേതോ മറ്റാരുടെയെങ്കിലുമോ കയ്യിൽ ഇരിക്കുന്ന പൈസ കണ്ടിട്ടുമല്ല ഞങ്ങൾ കുട്ടികളെ വളർത്തുന്നത്.

  പക്ഷെ കാശിന്റെ കാര്യം. ഞാൻ നശിച്ചു പണ്ടാരം അടങ്ങി വേലയും കൂലിയും ഇല്ലാതെ അസുഖവും പിടിച്ചു കിടക്കുന്ന കാലത്ത് ഭാര്യയും കുട്ടികളും തെണ്ടി കുത്തുപാള എടുക്കുന്ന ഒരു സമയം വന്നാൽ, തീർച്ചയായും അതൊരു സഹായം ആകും.

  ഇത്തിരി കടത്തി പറഞ്ഞു എന്നെ ഉള്ളൂ. ബുദ്ധിമുട്ടി നിൽക്കുന്ന സമയത്തു ആർക്കും തീർച്ചയായും അതൊരു സഹായം ആകും. പഠിപ്പിക്കാൻ നിവൃത്തി ഇല്ലാതെ നിൽക്കുക ആണെങ്കിൽ എന്റെ നാലാമത്തെയും അഞ്ചാമത്തേയും കുഞ്ഞുങ്ങൾക്ക് പഠിക്കാൻ സഹായം ആകുമെങ്കിൽ അതും നല്ല കാര്യം തന്നെ. അതുകൊണ്ടു തന്നെ ഇതിലെ നന്മകൾ കാണാൻ ആണ് എനിക്കിഷ്ടം.

  അല്ലാതെ മാസം 1500 രൂപ കിട്ടാൻ വേണ്ടി, അല്ലെങ്കിൽ പ്രസവം ഫ്രീ ആണെന്ന് കരുതി അതിനായി കുട്ടികളെ ഉണ്ടാക്കാൻ പോകുന്നവരാണ് ഞങ്ങടെ നാട്ടിലെ ആളുകൾ എന്ന് ആരെങ്കിലും കരുതിയാൽ അവരോടു ഒരു ലോഡ് പുച്ഛം മാത്രം.

  ജനസംഖ്യ കുറയ്ക്കുന്നതാണ് സർക്കാർ നയം. ഈ നയമൊക്കെ ഉണ്ടാക്കുന്നത് ലോക് സഭയും നിയമസഭയുമൊക്കെയാണല്ലോ. അപ്പൊ പത്തിരുപത് വർഷം കൂടുമ്പോ ജനസംഖ്യാനുപാതത്തിൽ നിയമസഭാ ലോക്സഭാ മണ്ഡലം പുനർനിർണയിക്കുമ്പോ ജനസംഖ്യ കൂടിയ ഇടത്താണല്ലോ സീറ്റ് എണ്ണം കൂട്ടുന്നത്. അതിന്റെ ഒരു ഇത് എന്താണാവോ?

  ഇനി കൂടുതൽ കുട്ടികളെ വളർത്തി വലുതാക്കുന്നത് ആദായകരമല്ല എന്നാണോ? അങ്ങനെ ആണെങ്കിൽ ആദായകരമായ എത്രയോ കൃഷികൾ വേറെയുണ്ട്. ഒരു കുഞ്ഞിനെ പോലും വളർത്താൻ കഷ്ടപ്പെടുന്നവർ എത്രയോ ഉണ്ട് എന്നതും യാഥാർഥ്യമാണല്ലോ.

  കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിനു അനുകൂലം സഭ യാണ്. അത് അവരുടെ കാര്യം. കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ദുരിതത്തിൽ ഒരു കൈസഹായം ആണെങ്കിൽ അത് നല്ല കാര്യം. ഇനി കുട്ടികൾ മൂന്നിൽ കുറഞ്ഞു എന്ന കാരണത്തിൽ സഭ എന്തെങ്കിലും പിഴയോ അല്ലെങ്കിൽ ശിക്ഷയോ ഏർപ്പെടുത്തിയതായി അറിയില്ല. അങ്ങനെ ആണെങ്കിൽ ഒന്നു ശ്രദ്ധിക്കണം.

  വിവാഹമേ വേണ്ട എന്ന് വെച്ചവർ, വിവാഹം കഴിച്ചിട്ടും കുട്ടികൾ വേണ്ട എന്ന് വെക്കുന്നവർ, ഒരു കുട്ടി മതി എന്ന് തീരുമാനിക്കുന്നവർ, രണ്ടെണ്ണം ആകാം എന്ന് കരുതുന്നവർ ഒക്കെ ഈ സമൂഹത്തിന്റെ ഭാഗമാണ്. അതിലൊന്നും അശ്ലീലം ഇല്ല. അപ്പൊ അഞ്ച് കുട്ടികൾ ആകാം എന്ന് കരുതുന്നവരും ഉണ്ടാകാമല്ലോ? അല്ല അതിന് ഒന്നുമില്ല. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളത് എന്തോ ഒരു കുറ്റകൃത്യമോ അശ്ലീലമോ ഒക്കെ ആയി പലരും പറയുന്നത് കണ്ട് ഇത്രയും പറഞ്ഞു എന്ന് മാത്രം.​

  പിന്നെ വലിയ ഒരു പ്ലാനിങ്ങിന്റെ ഭാഗമായാണല്ലോ പലരും കുട്ടികളുടെ എണ്ണം കുറയ്ക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി നമ്മുടെയൊക്കെ പ്ലാനിങ് എത്ര കിറുകൃത്യമായിരുന്നു എന്നുകൂടി ചുമ്മാ ഇരിക്കുമ്പോ ഒന്നോർത്തു നോക്കണം.​

  (Disclaimer: അഭിപ്രായങ്ങൾ വ്യക്തിപരം)
  Published by:user_57
  First published: