Pinarayi 2.0| പിണറായി സര്‍ക്കാരിന്റെ 6 മാസം; ദിശാബോധവും കൂട്ടുത്തരവാദിത്തവും ഇല്ലാത്ത ജനവിരുദ്ധ സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ്

Last Updated:

തുടര്‍ച്ചായി ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്ന അഹങ്കാരത്തോടെയാണ് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും പെരുമാറുന്നത്.

പിണറായി വിജയൻ, വി ഡി സതീശൻ
പിണറായി വിജയൻ, വി ഡി സതീശൻ
തിരുവനന്തപുരം: കോവിഡ് മഹാമാരിയുണ്ടാക്കിയ (covid 19 pandemic)സാമ്പത്തിക പ്രതിസന്ധിയിലും പ്രകൃതി ദുരന്തങ്ങളിലും നട്ടംതിരിയുന്ന ജനങ്ങളെ കൊള്ളയടിച്ചും അഴിമതിയും സ്വജനപക്ഷപാതവും കാട്ടിയും എന്തും ചെയ്യാമെന്ന ധാര്‍ഷ്ഠ്യവുമായാണ് രണ്ടാം പിണറായി സര്‍ക്കാര്‍ (pinarayi 2.0)ആറുമാസം പിന്നിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). ഇന്ധവില കുറയ്ക്കാതെയും വിലക്കയറ്റത്തിലൂടെ കൊള്ളയടിച്ചുമാണ് ജനത്തെ പരിഹസിക്കുന്നത്.
സര്‍ക്കാരിനെതിരെ സ്ഥാനത്തും അസ്ഥാനത്തും ആരോപണങ്ങള്‍ ഉന്നയിക്കുകയെന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി സമൂഹത്തിലെ സാധാരണക്കാരെയും പാശ്വവത്ക്കരിക്കപ്പെട്ടവരെയും നേരിട്ടു ബാധിക്കുന്ന വിഷയങ്ങളാണ് പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ തുടര്‍ച്ചായി ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്ന അഹങ്കാരത്തോടെയാണ് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും പെരുമാറുന്നത്.
കോവിഡ് രോഗികളുടെ എണ്ണവും മരണക്കണക്കും മറച്ചുവച്ച സര്‍ക്കാരിന്റെ ദുരഭിമാനത്തിന് പൊതുജനം വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. പ്രതിപക്ഷം നിയമസഭയിലം പുറത്തും നിരന്തരം പോരാടിയതിന്റെ ഫലമായി ഏഴായിരം മരണങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതിലും ഒളിച്ചുകളി തുടരുകയാണ്.
advertisement
കേരളത്തില്‍ നടക്കുന്ന വനംകൊള്ള സര്‍ക്കാരിന്റെ അറിവോടെയാണന്നതിനുള്ള തെളിവായിരുന്നു മുട്ടില്‍ മരം മുറി. സര്‍ക്കാരിന്റെ അവിശുദ്ധ ബന്ധം മറനീക്കി പുറത്തുവന്നിട്ടും ഏതാനും ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി വനം മാഫിയയെ രക്ഷിക്കാനാണ് ശ്രമിച്ചത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന കേരളത്തിന്റെ പൊതുനിലപാടിന് കടകവിരുദ്ധമായാണ് ബേബി ഡാമില്‍ മരം മുറിക്കാന്‍ രഹസ്യമായി തമിഴ്‌നാടിന് അനുമതി നല്‍കിയത്. ഉദ്യോഗസ്ഥര്‍ നല്‍കിയ ഉത്തരവിനെ കുറിച്ച് അറിയില്ലെന്ന് വനം മന്ത്രിയും അതിനു കടകവിരുദ്ധമായ പ്രതികരണങ്ങളുമാണ് ജലം, വൈദ്യുതി വകുപ്പ് മന്ത്രിമാരും നടത്തിയത്. സംസ്ഥാന താല്‍പര്യം ബലികഴിക്കുകയും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിട്ടും മുഖ്യമന്ത്രി മൗനം ഭൂഷണമാക്കിയത് ദുരൂഹമാണ്. യു.ഡി.എഫ് ഭരണകാലത്ത് മനുഷ്യച്ചങ്ങല തീര്‍ത്തവര്‍ തന്നെയാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ വാദം ദുര്‍ബലമാക്കിയിരിക്കുന്നത്.
advertisement
ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിലെ പ്രതിസന്ധിയെ കുറിച്ച് പ്രതിപക്ഷം സര്‍ക്കാരിന് തുടക്കത്തിലേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലേക്ക് തള്ളിവിടുകയായിരുന്നു സര്‍ക്കാര്‍. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പേലും ഇപ്പോഴും ഇഷ്ടവിഷയമോ സ്‌കൂളുകളോ ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ എഴുതി നല്‍കുന്നത് അതേപടി വായിക്കുന്നതിനു പകരം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.
advertisement
സ്ത്രീ സുരക്ഷയും നവോത്ഥാനവും പറയുന്ന സര്‍ക്കാരിന്റെ കാലത്താണ് സ്വന്തം കുഞ്ഞിനെത്തേടി ഒരമ്മയ്ക്ക് സമരമിരിക്കേണ്ടി വന്നത്. എം.ജി സര്‍വകലാശാലയില്‍ ജാതി വിവേചനത്തിനെതിരെ നിരാഹാര സമരം നടത്തിയ ഗവേഷക വിദ്യാര്‍ഥിക്കും എസ്.എഫ്.ഐക്കാര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത എ.ഐ.എസ്.എഫ് വനിതാ നേതാവിനും നീതി കിട്ടാന്‍ പ്രതിപക്ഷത്തിന് നിരന്തരം ഇടപെടേണ്ടി വന്നു.
advertisement
തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളത്തില്‍ ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങളുണ്ടായിട്ടും അതില്‍ നിന്നും പഠം ഉള്‍ക്കൊണ്ട് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനോ ദുരന്ത ആഘാതം ലഘൂകരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ദുരന്തത്തിന്റെ പേരില്‍ പൊതുമുതല്‍ കൊള്ളയടിക്കുക മാത്രമാണ് സംസ്ഥാനത്തെ ദുരന്ത നിവരാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്നത്. ഒരോ വര്‍ഷവും കൂടുതല്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കേരളം മാറുമ്പോഴും സംസ്ഥാനത്തെ രണ്ടായി വെട്ടിമുറിക്കുകയും പാരിസ്ഥിതികമായി ഏറെ ആഘാതമുണ്ടാക്കുകയും ചെയ്യുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന പിടിവാശി ജനത്തോടുള്ള വെല്ലുവിളിയാണ്. സില്‍വര്‍ ലൈന്‍ വേണ്ടെന്ന് ജനങ്ങള്‍ ഒന്നടങ്കം പറയുമ്പോഴും സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നല്‍ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
advertisement
ഇന്ധനവിലയുടെ പേരില്‍ നികുതി ഭീകരതയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്. ഇന്ധനനികുതിയില്‍ നാമമാത്രമായ കുറവ് വരുത്താന്‍ കേന്ദ്ര തീരുമാനിച്ചെങ്കിലും ഒരു രൂപ പോലും കുറയ്ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വൈദ്യുതി നിരക്കും ബസ് ചാര്‍ജും വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് ആറു മാസം ആഘോഷിക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കുന്ന സമ്മാനം. കര്‍ഷക സമരത്തിനു മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുകുത്തിയതു പോലെ ജനരോഷത്തിനു മുന്നില്‍ പിണറായി സര്‍ക്കാരിനും മുട്ടുകുത്തേണ്ടി വരും. ഇടതുപക്ഷമെന്ന് മേനി നടിക്കുന്നവര്‍ തീവ്രവലതുപക്ഷമാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ പ്രതിപക്ഷമല്ല, ജനപക്ഷമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
Pinarayi 2.0| പിണറായി സര്‍ക്കാരിന്റെ 6 മാസം; ദിശാബോധവും കൂട്ടുത്തരവാദിത്തവും ഇല്ലാത്ത ജനവിരുദ്ധ സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ്
Next Article
advertisement
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
  • വിദേശ ആശ്രിതത്വം കൂടുന്തോറും രാജ്യത്തിന്റെ പരാജയവും വർദ്ധിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

  • ഇന്ത്യയുടെ വികസനം മറ്റ് രാജ്യങ്ങളുടെ ചുമലിൽ വിട്ടുകൊടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

  • ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യ ആത്മനിർഭർ ആയി മാറണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.

View All
advertisement